................
പണ്ടു പ്രപഞ്ചം പൊട്ടിവിടര്‍ന്നീ-
യണ്ഡകടാഹ,മനന്തമനേകം
ജ്യോതിര്‍ഗ്ഗോള സമുജ്ജ്വല ചലനം
ഗതിവേഗങ്ങളുണര്‍ത്തിയണഞ്ഞൂ.
ചുറ്റും മൂടിയ കൂരിരുള്‍ മറവുക-
ളാട്ടിയകറ്റിയെരിഞ്ഞൂ പലപല
നക്ഷത്രങ്ങള്‍, വാതകധൂളികള്‍
കൂട്ടം കൂടിയുണര്‍ന്നു തിരിഞ്ഞൂ.
ക്ഷീരപതം പാഞ്ഞൊഴുകീ,യതിലായ്
സൂര്യന്‍ കെട്ടിവരിഞ്ഞു,വനേകം
പൊട്ടിയ ചീളുകളെട്ടുഗ്രഹങ്ങള്‍
മണ്ണില്‍ പ്രാണനുറക്കിയ ഭൂവും,
വിണ്ണിന്‍ കവചം, ജലധി നിറഞ്ഞു
കുളിര്‍ക്കും ഹൃദയസ്പന്ദന,മുണരേ,
ദിക്കുകളെട്ടുമുണര്‍ന്നിതു കാല-
ച്ചക്രമൊരാകൃതി പൂണ്ടു പിറന്നൂ.
പിന്നെപ്പലപല കൃമികീടങ്ങള്‍
വൃക്ഷലതാദി, മൃഗങ്ങള്‍, മാനുഷ,
രെങ്ങും വന്നു നിറഞ്ഞൂ പലവിധ
പരിണാമാര്‍ജ്ജിത ജീവ തരംഗം.
കൊന്നും വെന്നു,മറിഞ്ഞുമകന്നും
വന്നു നിരന്നൂ ജീവിത രംഗം
ആഴിയുമബ്ധിയുമാകെയെടുത്തു
വിഴുങ്ങാനാര്‍ത്തിവളര്‍ത്തീ മനുജന്‍.
കാടും മലയുമരിച്ചു കവര്‍ന്നൂ
മേടുകള്‍, മേഞ്ഞൊരു ശാദ്വലഭൂവും
കിട്ടിയ വെള്ളിക്കാശിനു വിറ്റു-
മുടിക്കാനാര്‍ത്തിപെരുത്തിവനാരോ?.
തട്ടിയുടച്ചൂ ധരയെ,ജ്ജിര്‍ണ്ണത
മുറ്റിവളര്‍ന്ന കിരാതം കാഴ്ച്ചള്‍
കണ്ടു മടുത്തിവള്‍ ഋതുഭേദങ്ങള്‍
ഉള്ളിലടക്കിയൊതുങ്ങിയിരിപ്പൂ.
വെള്ളമുറഞ്ഞുവരണ്ടൂ പുഴകള്‍,
തള്ളിവരും തീത്തിരകള്‍, തീക്കട-
ലുള്ളിലൊതുങ്ങിക്കലിയലറുന്നോ,
കാളിമ ചേരും ഫണമുയരുന്നോ?
തല്ലിയൊതുക്കുക കാല്‍ച്ചുവടുകളാല്‍-
ക്കാളിയമര്‍ദ്ദനമാടാനിനിയും
പുല്ലാങ്കുഴലില്‍ പ്പുളകമുണര്‍ത്തി-
പള്ളിയുറക്കമെണീക്കുകയിനി നീ.
Saturday, September 4, 2010
Subscribe to:
Post Comments (Atom)



3 comments:
നല്ല കവിത.
ആശംസകള്‍
നന്നായിരിക്കുന്നു.
പ്ലൂട്ടോയെ മറന്നോ?
‘കവിത’ എന്നു ലേബൽ ചെയ്യൂ.
‘ജാലക’ ത്തിൽ ‘പലവക’ എന്നാണ് കണ്ടത്.
കാളിയമർദ്ദനമല്ല, കുരുക്ഷേത്രയുദ്ധമാണ് പ്രതീക്ഷിക്കുന്നത്..
Post a Comment