Saturday, November 13, 2010

വെട്ടം

.........................

കണ്ണു കാനില്ലെനിക്കു സോദരാ,
ഒന്നു നില്‍ക്കുമോ ചൊല്ലുമോ
അക്കെരക്കുള്ള വണ്ടി വന്നുവോ,
നില്ക്കുവാനിടം കിട്ടുമോ?

കത്തിനില്‍ക്കുന്നവേനാലാണതില്‍
നീറ്റിനില്‍ക്കുന്ന പട്ടണം
കാട്ടുമോയിറ്റു വെട്ട,മന്ധയാ-
ണൊട്ടു ദൂരങ്ങള്‍ താണ്ടണം

‘വീട്ടിലെങ്ങാനിരുന്നുകൂടെയോ?
കാഴ്ചയില്ലെങ്കിലെന്തിനായ്
ബാക്കിയുള്ളോര്‍ക്കു പാങ്ങുകേടായി
നില്‍പ്പു നിങ്ങളീ വീഥിയില്‍ ?‘

ഉള്ളുരുക്കുന്ന വാക്കുകേള്‍ക്കുവാന്‍
തെല്ലുപാകത വന്നതാ-
ണെങ്കിലും വൃഥാ വെന്തുപോകുന്നു,
ചങ്കു കീറുന്ന ചിന്തകള്‍

വായ നല്‍കിയാ സര്‍വ്വശക്തന-
ന്നായതില്ലിറ്റുവെട്ടമായ്
ജീവ സത്തയായ് കാഴ്ചനീട്ടിയെന്‍
ജീവിതം ഫുല്ലമാക്കുവാന്‍
മണ്ണിലേക്കു ഞാന്‍ വന്നപാടെയെന്‍
കണ്ണു നീറിയില്ലാദ്യമായ്,
കണ്ണിലേക്കാര്‍ത്തിരമ്പിയെത്തിയ
വര്‍ണ്ണസഞ്ചയം വ്യര്‍ത്ഥമായ്

കുഞ്ഞിതെന്തേ കരഞ്ഞതി,ല്ലൊന്നു
നുള്ളി നോവിച്ചു നോക്കുക,
തെല്ലു സംഭ്രമത്തൊടെയെന്നമ്മ
നുള്ളി ഞാനും കരഞ്ഞുപോയ്
തള്ളിയാര്‍ക്കുന്ന കൂരിരുള്‍, ക്രൂര-
മുള്ളുകള്‍ കണ്ണിലേറവേ,
അന്നു ഞന്‍ തൊട്ടറിഞ്ഞതില്ല; കണ്‍-
മുന്നിലൂറുന്ന കാഴ്ചകള്‍
എന്നുമെന്‍ കണ്ണിനന്യമായതും
വെട്ടമെന്നെത്തഴഞ്ഞതും.

നല്ല സുന്ദരിയാണിവള്‍ കാണ്‍ക,
കണ്ണൂകള്‍ നീല നീരജം
ആരുമേതുമറിഞ്ഞതില്ലതിന്‍
കൂരിരുല്‍ തീര്‍ത്ത നേരുകള്‍
പിന്നെയെന്നോ,അറിഞ്ഞുവെന്നമ്മ
നെഞ്ഞിടിപ്പോടെ നോവതും
നെഞ്ചിലേറ്റിക്കരഞ്ഞു തീര്‍ത്തുവോ
ജന്മ,മിന്നു ഞാനേകയായ്.

സപ്തവര്‍ണ്ണങ്ങള്‍ വര്‍ണ്ണവൈചിത്ര്യ-
മൊക്കെയും വേണ്ടു വോളവും
തൊട്ടറിഞ്ഞവര്‍ നിങ്ങള്‍ സോദരാ
കെട്ടു പോകൊല്ല കാഴ്ച്ചകള്‍

2 comments:

Sreeja Prasanth said...

തൊട്ടറിയേണ്ട കാഴ്ചകള്‍ , നല്ല കവിത

മുകിൽ said...

നെഞ്ചു നീറ്റുന്നുവല്ലോ വരികൾ.. നന്നായിരിക്കുന്നു.