Sunday, December 5, 2010

പകലു പെയ്യുന്നു

--------------------------------

ഇന്നും കാത്തിവള്‍ പൂനിലാവുപുളകം
പെയ്യുന്ന രാവില്‍ക്കുളി-
ച്ചെന്നോടക്കുഴലൂതവേ ചുഴികളായ്
ചുറ്റിത്തിരിഞ്ഞങ്ങനെ
വര്‍ണ്ണച്ചിന്തുകള്‍ ചിത്രഭംഗി പകരും
നിന്‍ മേഘകാന്തിക്കറു-
പ്പെന്നും കണ്ണില്‍ നിറച്ചിടാന്‍! പ്രിയതമേ,
യെന്തേ മറന്നെന്നെ നീ?

കാര്‍മേഘാവൃതമെങ്കിലും തിരളുമാ
ജീവത്പ്രകാശം സദാ
വ്യാമോഹങ്ങള്‍ നിറച്ചിതെന്റെ മതിയോ-
ടെന്തോ പുലമ്പുന്നിതാ
ഹേ, മോഹിപ്പതു ഭംഗിയല്ല നിതരാം
നിന്‍മേഘ തീരങ്ങളില്‍
സാമോദം സകലാഭ പെയ്തു തിരനോ-
ട്ടം നീ നടത്തീടുക!

ഹാ ഹാ! കാര്‍മുകിലേറിടുന്നു കളിയല്ലാ-
കാശാമാകേയിരു-
ണ്ടാക്രോശിച്ചു തൊടുത്തിടുന്ന സുദൃഢം
മൌനക്കൊടുങ്കോട്ടകള്‍
പെയ്യും നിന്‍ ചുടു വീര്‍പ്പുകള്‍ തടമുറി-
ഞ്ഞേതും തുടര്‍ന്നീടുവാന്‍
പയ്യാരങ്ങളടക്കിഞാന്‍ പ്രിയതരം
സ്വപ്നങ്ങളില്‍ മേവിടാം.

****

അകലെ മേഘങ്ങള്‍ തുടിയൊരുക്കുന്നതോ
തുകിലുകൊട്ടിപ്പതമ്പാട്ടിടുന്നതോ
പകപെരുത്തിടനെഞ്ഞിലേക്കാഞ്ഞാഞ്ഞു
മുകിലിതായടിച്ചാര്‍ത്തലക്കുന്നുവോ?
പ്രളയകാലം പുനര്‍ജ്ജനിക്കുന്നതോ,
വ്രണിതക്ഷിത്തിന്നടങ്ങാത്ത രോഷമോ,
ഉറവ വറ്റിത്തടഞ്ഞ നീര്‍ച്ചാലുകള്‍-
ക്കുണരുവാനുര്‍വ്വിയാര്‍ത്തിരമ്പുന്നതോ?

കരനിറക്കുമക്കന്മഷക്കാഴ്ച്ചകള്‍
കഴുകുവാന്‍ പെയ്തു പെയ്തിറക്കുന്നതോ
മുലചുരത്താത്ത നെഞ്ഞിടം സ്നിഗ്ദ്ധമായ് -
ക്കുതിരുവാനമ്മ നീരിറക്കുന്നതോ?
വിതകള്‍ മണ്ണിലേക്കാണ്ടുപോയ്, വ്യര്‍ത്ഥമായ്
കതിരു പൊട്ടാതടിഞ്ഞൂ തുടിപ്പുകള്‍
ഉഴുതു നീക്കാത്ത കാലപ്പകര്‍ച്ചകള്‍
ഒഴുകിനീങ്ങി നീര്‍ച്ചാലുകള്‍ തീര്‍ക്കുമോ?

മഴ കിതക്കുന്നു! സപ്തതന്തുക്കളില്‍
ഇഴകള്‍ ചുറ്റിപ്പിണഞ്ഞും, പൊടുന്നനെ
കടലുപോലെയിരമ്പിയും കൈകളാല്‍
നെടിയവൃക്ഷത്തലപ്പില്‍ച്ചുഴറ്റിയും
ചപലമേതോ വികാരത്തിനന്ത്യമോ,
പകലിരുണ്ടിതാ പെയ്യുന്നു ചുറ്റിലും!

3 comments:

രമേശ്‌അരൂര്‍ said...

മനോഹരമായ കവിത ..കവിതയില്‍ പഴമ തുടിച്ചു നില്‍ക്കുന്നു

Kalavallabhan said...

"പ്രളയകാലം പുനര്‍ജ്ജനിക്കുന്നതോ,
വ്രണിതക്ഷിത്തിന്നടങ്ങാത്ത രോഷമോ,"

ഇവിടെ വായിക്കാൻ കിട്ടുന്ന കവിതകളെല്ലാം വളരെ നല്ലത് ആണു.
ആശംസകൾ.

ഷാജി നായരമ്പലം said...

നന്ദി രമേശ് അരൂര്‍, കലാവല്ലഭന്‍ വായിച്ചു അഭിപ്രായംന്‍ കുറിച്ചതിനു്