Saturday, January 8, 2011

എന്തേ മുല്ല മുരണ്ടു പോയി?

--------------------------------------
എന്തേ മുല്ല മുരണ്ടു പോയി? മമ തേന്‍-
മാവിന്നു മുറ്റത്തിതാ
പൂന്തൊത്തൊന്നു വിടര്‍ത്തിടാതെ വെറുതേ
നില്‍പ്പൂ നിരുന്മേഷമായ്.
സ്വന്തം വന്ധ്യത തീര്‍ത്തതോ, സ്വയമറി-
ഞ്ഞേറും മഹാമൌഢ്യമോ,
ഭ്രാന്തന്‍ മാനവ,നന്ത്യകാലവിധിയും
കാത്തിന്നിരിപ്പൂ സദാ.

ചെന്തീ തുപ്പിയടുത്തിടുന്നു, കഠിനം
കാലന്ത്യ മേഘങ്ങളുള്‍-
സ്പന്ദം കൂടിന ഭൂമിതന്‍ തനുവിലെത്തീ-
വേര്‍പ്പുണര്‍ത്തീടവേ?
മുങ്ങിത്താണു നശിച്ചിടും കൊടിയതാം
ഗര്‍വ്വിന്റെ വന്‍ കോട്ടകള്‍,
ദുര്‍മ്മേദസ്സു നിറച്ചിതനുദിനം
പൊങ്ങും മഹാ മേടകള്‍.

കഷ്ടം ഭൂമി തിളച്ചിടും; പുലരിയോ,
മഞ്ഞോ, മഴത്തുള്ളിയോ-
യെത്താതിപ്പകല്‍ വെന്തിടും , മറുപുറം
തോരാതെ പെയ്യും മഴ.
വിത്തും, വെള്ളമുറഞ്ഞുപോയ മണലും
കാറ്റില്‍പ്പറപ്പിച്ചു ഭൂ-
തീര്‍ത്തും വന്‍ ചുടുകാ‍ടുപോലെ കനലിന്‍
നീറ്റില്‍ക്കുഴഞ്ഞാളിടും

കണ്ണും കാതുമടച്ചിടേണ്ട, കരിമേ-
ഘങ്ങള്‍ വിഴുങ്ങീടുമീ
മണ്ണും വിണ്ണുമകത്തൊളിച്ച ചപലം
നിന്‍ സ്വാര്‍ത്ഥമോഹങ്ങളും
കണ്ണീര്‍ക്കാഴ്ച്ചകള്‍ തീര്‍ത്തിടും, ധരനിറ-
ഞ്ഞാര്‍ക്കും മദോന്മത്തതേ-
യെണ്ണൂ മര്‍ത്ത്യനു പാപശാപമരുളാ-
നെത്തും വരുംനാളുകള്‍.

3 comments:

Sabu M H said...

പ്രവചനമല്ലിത്‌..സംഭവിച്ചു കഴിഞ്ഞിരിക്കുന്നു ..

Sabu M H said...

കവിത നന്നായിരിക്കുന്നു. മറ്റൊരു പേരാവാമായിരുന്നു.

ഷാജി നായരമ്പലം said...

തീര്‍ച്ചയായും സാബു.

പേരു മാറ്റുന്നുണ്ട്.നന്ദി