--------------------------------------------------
എങ്കിലും നിങ്ങള്‍ പഠിക്കില്ല ഭക്തരേ-
യിന്നലേയയ്യന്‍ പറഞ്ഞുപോലും
പൊന്നമ്പലത്തില്‍ നിന്നെന്നേയൊഴിഞ്ഞു ഞാന്‍
പിന്നെയെന്‍ ജ്യോതി തെളിഞ്ഞുവെന്നോ?
പമ്പയാറെന്തോ കരഞ്ഞു, കണ്ണീരൊഴു-
ക്കെന്റെ പാദത്തില്‍ അലച്ചു കേണൂ
പാമ്പും കരിമ്പുലി,ക്കാട്ടുകൊമ്പന്മാരു-
മമ്പേയൊഴിഞ്ഞു പൊന്മേടു ശൂന്യം.
കരിന്തേളു തോല്ക്കും വിഷം മുഴുത്തോര്‍പ്പടു-
തന്ത്രിമാര്‍ മന്ത്രം പറഞ്ഞിടുമ്പോള്‍
പൊന്നമ്പലത്തില്‍നിന്നെന്നേയൊഴിഞ്ഞു ഞാന്‍
പിന്നെയെന്‍ ജ്യോതി തെളിഞ്ഞുവെന്നോ?
കണ്ടതല്ലേ കണ്ട കണ്ടകന്മാര്‍ നഗ്ന-
താണ്ഡവം തേടി നടന്ന കാഴ്ച്ച
കയ്യിട്ടു വാരിക്കുടം നിറക്കാന്‍ ചിലര്‍-
ക്കയ്യനായ് നിന്നു, മടുത്തു ഞാനും
പൊന്നമ്പലത്തില്‍ നിന്നെന്നേയൊഴിഞ്ഞുപോയ്
പിന്നെയെന്‍ ജ്യോതി തെളിഞ്ഞുവെന്നോ?
ചെന്നിണം വാര്‍ന്നു പൊലിഞ്ഞു പുല്‍മേട്ടിലും
ഇന്നലെയന്തിയില്‍ ജീവിതങ്ങള്‍
ആരോവലിച്ചിഴച്ചീ ദിവ്യ ജ്യോതിയില്‍
ആഹുതി ചെയ്യാന്‍ നയിച്ചു പോലും.
കട്ടിക്കരിമ്പാറ പോലും കരഞ്ഞു പോ-
യെന്തിനായ് നിങ്ങള്‍ ത്യജിച്ചു ജീവന്‍?
ഒക്കെയും കെട്ടിയൊരുക്കിച്ചുമന്നു,മി-
ന്നൊട്ടു ദൂരം നിങ്ങള്‍ താണ്ടിയില്ലേ,
താണ്ടിയ ദൂരങ്ങള്‍ തൊണ്ട പൊട്ടും മട്ടി-
ലയ്യനായ് ക്കേണു വിളിച്ചതല്ലേ,
എന്തേ വഴിത്താര കാട്ടിത്തെളിക്കുവാന്‍
കണ്ട ജ്യോതിസ്സിന്‍ തെളിച്ചമില്ലേ,
മുള്‍മുടിക്കെട്ടോ ശിരസ്സില്‍ച്ചുമ,ന്നതി-
ക്കാല്‍ വരിക്കുന്നില്‍ ഇറക്കിടാനായ് ?
എങ്കിലും നിങ്ങള്‍ പഠിക്കില്ല ഭക്തരേ
സങ്കടം അയ്യന്‍ പറഞ്ഞു പോലും
പൊന്നമ്പലത്തില്‍ നിന്നെന്നേയൊഴിഞ്ഞു ഞാന്‍
പിന്നെയെന്‍ ജ്യോതി തെളിഞ്ഞുവെന്നോ?
Tuesday, January 18, 2011
Subscribe to:
Post Comments (Atom)



1 comments:
ഇടയ്ക്ക് സമകാലീനവും, വിമർശനവും, പ്രതിഷേധവും കവിതയിലൂടെ ആവാം.
സത്യമതാണ്. ഞാനിതു പലരോടും പലവട്ടം പറഞ്ഞിട്ടുമുണ്ട്.. സ്വാമി അയ്യപ്പൻ അവിടെ ഉണ്ടെന്ന് വിശ്വസിക്കുവാൻ ഒരു ന്യായവുമില്ല.
ഉള്ളിലുള്ളതിനെ പുറത്ത് അന്വേക്ഷിച്ചാൽ എങ്ങനെ കണ്ടെത്തും?
ഒരാശ്വാസം, സ്വാമി ഇപ്പോഴും ഉള്ളിൽ തന്നെ ഉണ്ടെന്നുള്ളതാണ്.
Post a Comment