----------------------------------------------------
ജീവിതം ജ്വലിക്കുന്ന ചൂളപോല്‍ കെടാതെയി-
ന്നീവിധം ഉലക്കോലാലൂതി ഞാന്‍ പൊലിപ്പിക്കെ,
കേണുവോ പൊട്ടിത്തെറിച്ചടരും സ്വപ്നങ്ങളും,
പ്രാണനും സദാ, നൊന്തുവേവുമിപ്രവാസിഞാന്‍.
പോയതാണുഞാ,നെന്നുമേറിടും നിരുന്മേഷ-
മാരെയും തളര്‍ത്തുന്ന ജീവിത സമസ്യകള്‍,
വായ്ത്തലയൊളിപ്പിച്ച സൌഹൃദ സുഖാന്വേഷ-
ലക്ഷ്യഭേദികള്‍ “നിനക്കൊന്നുമായില്ലെ ജോലി?”
അന്നു ഞാന്‍ മുറിവിന്മേല്‍ തെല്ലു ലേപനം ചേര്‍ക്കാന്‍
പോന്നു മണ്‍പരപ്പിലെ ജീവ തീര്‍ത്ഥവും തേടി.
തെല്ലു വാടിയോ മുഖം? “ജോലിയായെ“നിക്കെന്നു
ചൊല്ലവേ പൊടുന്നനേ,യാതപം പൂണ്ടു ചിലര്‍!
പിന്നെ ഞാന്‍ മനസ്സിന്റെ കോണിലായൊളിപ്പിച്ച
ഫുല്ലസുസ്മേരം മൊഴിത്തേന്‍ പകര്‍ന്നവള്‍, തെല്ലു-
പോലുമേ നിനയ്ക്കാതെ,യെന്തിനൊ മുറിപ്പാടായ്
തുന്നി ഞാനിരുന്നതും നീറ്റലായൊടുങ്ങട്ടെ.
ദൂരെ ഞാന്‍ ദാഹിക്കുമ്പോള്‍ സ്നേഹതീര്‍ത്ഥമായ്ക്കുളിര്‍-
നീരൊഴുക്കുറവയാ,യെന്മതി നിറയ്ക്കുവാന്‍
എന്നുമെന്‍ വഴിത്താര ദീപ്തമാക്കുവാന്‍ നിലാ-
വെന്നപോലെന്നില്‍ സദാ സ്നേഹനം നിറയ്ക്കുവാന്‍
പോന്നൊരെന്‍ മാതാവിന്റെ ചേതന മരവിച്ച
കാലടി പുണരുവാനന്ത്യമായ് വലം വയ്ക്കാന്‍
ആയതില്ല,വസാന നാളുകള്‍ നോവാറ്റുവാന്‍
തായ നീയൊഴുക്കിയ കണ്ണുനീര്‍ തുടയ്ക്കുവാന്‍.
എങ്കിലുമെനിക്കായി കാത്തിരിക്കുവാന്‍ മമ
സങ്കടങ്ങളെപ്പകര്‍ന്നാതപമൊഴിക്കുവാന്‍
ഉണ്ടൊരാളൊരിക്കല്‍ ഞാന്‍ താലിചാര്‍ത്തിയോള്‍ വെറും
രണ്ടുനാള്‍ പരസ്പരം ജീവിതം രുചിച്ചവര്‍.
രാത്രിയേറുന്നൂയിരുള്‍ക്കനപ്പിന്‍ കലീമുഖം
നാട്ടിലെമ്പാടും കൊടും ജീര്‍ണ്ണത വിതയ്ക്കുമ്പോള്‍
വീട്ടിലെവിളിയെന്റെ ഫോണിലേയ്ക്കലയ്ക്കവേ
ഞെട്ടിഞാന്‍ വിറച്ചു പോം വാര്‍ത്തയിന്നശുഭമോ?
ജീവിതം ജ്വലിക്കുന്ന ചൂളപോല്‍ കെടാതെയി-
ന്നീവിധം ഉലക്കോലാലൂതി ഞാന്‍ പൊലിപ്പിക്കെ,
കേണുവോ പൊട്ടിത്തെറിച്ചടരും സ്വപ്നങ്ങളും,
പ്രാണനും സദാ, നൊന്തുവേവുമിപ്രവാസിഞാന്‍.
Wednesday, February 2, 2011
Subscribe to:
Post Comments (Atom)



1 comments:
‘നൊന്തുവേവുമിപ്രവാസി‘.. തെളിഞ്ഞു നിൽക്കുന്നു
Post a Comment