Saturday, February 26, 2011

എന്തു ചെയ്യേണമാ ....?

ഒരു തമിഴ് കുഞ്ഞിനെ വിലക്കുവാങ്ങി
തിളച്ച വെള്ളമൊഴിച്ചു കൊന്നിരിക്കുന്നു കേരളത്തില്‍ ....
ദൈവത്തിന്റെ സ്വന്തം നാട്......



എന്തു ചെയ്യേണമാ ഭ്രാന്തന്‍ മൃഗത്തിനെ
കൊല്ലാന്‍ വിധിക്കണോ കല്ലെറിഞ്ഞീടണോ?
എന്തു ചെയ്തീടുവാന്‍? ചങ്കില്‍ വിഷം മുറ്റി
മണ്ണില്‍ മുളയ്ക്കുന്ന കാണാവ്രണങ്ങളെ.

ജീര്‍ണ്ണം നിറം കെട്ടു ക്ഷീണിച്ച കാലമേ
നീറുന്ന കാഴ്ച്ചകള്‍ കണ്ടു മടുത്തുഞാന്‍.

എന്തു ചെയ്യേണമാ ഭ്രാന്തന്‍ മൃഗത്തിനെ?

നൊന്തുവേവുന്നൊരാക്കുഞ്ഞിന്റെ രോദനം
കണ്ടു രസിച്ചവന്‍, നിഷ്ഠുരന്‍, നാളെയീ-
കണ്ണുകള്‍ കെട്ടിയ നീതിപീഠത്തിലെ
കാണാപ്പഴുതിലൂടോടിയൊളിക്കുമോ?

നാളെയും നോവേറ്റു പൂക്കള്‍ പൊലിഞ്ഞിടും
ആളുന്ന വഹ്നിയില്‍ ബാല്യം കരിഞ്ഞിടും
കാണാപ്പുറങ്ങളില്‍ ചേറുണ്ട്‌, കാണാതെ-
യാണ്ടുപോകുന്നെന്റെ കുഞ്ഞിനെക്കാക്കുവാന്‍
ക്രൂരം വിഷം പൂത്ത കണ്ണുകള്‍ ചൂഴ്ന്നിടൂ,
നേരറ്റ നാവറുത്താട്ടിയോടിച്ചിടൂ.....

0 comments: