Saturday, March 5, 2011

ആയുസ്സ്

------------------


“ നാട്ടില്‍ നിന്നൊരു വാര്‍ത്ത കേള്‍ക്കുന്നു,
കഷ്ടമെന്തിനി ചെയ്യുവാന്‍?
ലക്കു കെട്ടൊരീ ദൈവ നീതിയെ
ആര്‍ക്കു നേരില്‍ത്തടുക്കുവാന്‍?”
ഭാര്യ ഗദ്ഗദം പൂണ്ടു,” ചൊല്ലുമോ,
ബാല്യകാല സുഹൃത്തവന്‍
ഇത്ര വേഗമിക്കാലചക്രത്തി-
നറ്റമെത്തുവാന്‍ കാരണം?”

ഗ്രാമവീഥികള്‍, കാട്ടുപൊന്തകള്‍
കെട്ടിമേഞ്ഞോലവീടുകള്‍
കണ്ടുഞാനെന്റെ ബാല്യവും, അതില്‍
മുങ്ങി നീന്തുന്ന നാളതും.
അന്നു കൈപിടിച്ചോടി ഞങ്ങള്‍
കടന്ന ശാദ്വല മേടുകള്‍
മണ്ണില്‍ വേരുറച്ചേറിയ വെയില്‍
കൊണ്ടു വാടാതുയര്‍ന്നതും
പിന്നെ പട്ടണക്കൂടു തേടിയെന്‍
വേരു വേറിട്ടു പോയതും.

എങ്കിലും മനസ്സിന്റെ കോണിലെ
മാഞ്ഞിടാത്തൊരു സൌഹൃദം
ഓമനിച്ചു ഞാന്‍ കാത്തുവച്ചൊരാള്‍
വീണു, ഏറില്ല നാളുകള്‍.
മജ്ജയില്‍ വിഷം പൂത്ത വേരുകള്‍
ആണ്ടിറങ്ങുന്നു, കാക്കുവാന്‍
കാളരാത്രികള്‍ മാത്രമിന്നിനി-
ക്കാണുവാന്‍ ഞാനുമെത്തണം.

യത്രയാകുമെന്‍ കൂട്ടുകാരനി-
ന്നെന്തു സാന്ത്വനം നല്‍കുവാന്‍?
ഒക്കുമൊ കണ്ണു നീരുമായ്ക്കുവാന്‍?
മൌന നൊമ്പരപ്പൂക്കളെ
കാത്തുവച്ചവന്‍ കെട്ടഴിച്ചെന്റെ
ഹൃത്തിലെക്കിട്ടു നീറ്റുമോ?

ഓര്‍ത്തിരിക്കുവാന്‍ നേരമില്ലിനി
യാത്രചൊല്ലുവാന്‍ പോകണം.

യാത്രയായെന്റെ കൂട്ടുകാരന്റെ
നോവു നേരിട്ടു കാണുവാന്‍
ഒട്ടുദൌര്‍ബല്യമുള്ളിലുണ്ടതില്‍
തീര്‍ച്ച, ഞാനും കരഞ്ഞു പോം.

മേടമായില്ല, കാണ്മു ചുറ്റിലും
പൂവു ചൂടുന്ന കൊന്നകള്‍
കാത്തു നില്‍ക്കാതെ നല്ല കാഴ്ച്ചകള്‍
കാട്ടുവാന്‍ പൂത്തതായിടാം!
എണ്ണി നീക്കുന്ന നാളിലുത്സവം
കണ്ണിലേകുവാന്‍ കാലമീ
ദുഃഖപര്‍വ്വത്തിനന്ത്യ വേളയില്‍-
ക്കൂട്ടുകാരനായ് ത്തീര്‍ത്തതോ?

ഉറ്റമിത്രമേ,യെത്തി ഞാന്‍ നിന-
ക്കെന്തു വേണമോ ചൊല്ലുക,
വാ‍ക്കുകള്‍ മുറിഞ്ഞുള്ളു നീറിയോ?
മൌനമായി ഞാന്‍ കേഴവേ,
കണ്ണിലുത്സാഹമോടെ ഹാര്‍ദ്ദവം
എന്നെ സ്വീകരികരിച്ചാനവന്‍!
ദുഃഖമൊട്ടുമില്ലാര്‍ജ്ജവത്തോടെ-
യെന്റെ ഹൃത്തിലെ നൊമ്പരം
മായ്ക്കുവാന്‍ പോന്നവാക്കുകള്‍ ചൊല്ലി!
സ്തബ്ധനായി ഞാന്‍ നില്‍പ്പിതാ‍!

“ഡോക്ടറിന്നലെ നിശ്ചയിച്ചുപോ-
ലെട്ടുമാസമുണ്ടായുസ്സ്
തീര്‍ച്ച, ഞാനതില്‍ തൃപ്തനാണു”
കേട്ടമ്പരന്നു ഞാന്‍ നോക്കവേ
ചിന്തയില്‍ക്കൊളുത്തുന്നൊരാന്തലായ്
എയ്തവന്‍ ശരമെന്റെ നേര്‍-
“ക്കായുസ്സെത്ര നിനക്കു?തിട്ടമായ്
നാ‍ളെ സൂര്യനെ ക്കാണുമോ?”

0 comments: