Tuesday, March 22, 2011

കണ്ടോ..?

മാര്‍ച്ച് 19. ചന്ദ്രന്‍ അസാധാരണാമാം വിധം
ഭൂമിക്കടുത്തേക്ക് വന്നു നിന്നു.പിന്നെ തനിക്കു തന്നെ
നിയന്തിക്കാനാവാത്ത ഭ്രമണവേഗത്തോടെ മനസ്സില്ലാ
മനസ്സോടെ അകന്നു പോവുകയും ചെയ്തു.......
ദിനവും സന്ധ്യയില്‍ ജ്യോതിര്‍ ഗോളങ്ങങ്ങള്‍ക്ക് വല്ലാത്ത ആഹ്ലാദമാണു്.
യാമങ്ങള്‍ കടന്നു പോകുമ്പൊഴൊ? കനത്ത ഏകാന്തത.....


കണ്ടോ, നിങ്ങളിതന്തിയില്‍ത്തെളിയുമീ-
നക്ഷത്ര ജാലം, നിശാ-
നിദ്രായാമമണഞ്ഞിടുന്നതുവരെ-
പ്പൊട്ടിച്ചിരിച്ചിങ്ങനെ
കണ്ടോ, ലോകമുറങ്ങിടുന്നൊരിരവില്‍
മൂകാന്ധകാരം പടര്‍-
ന്നുണ്ടാകുന്ന കൊടും വിഷാദ മഖിലം
കണ്ണില്‍ നിറച്ചിങ്ങനെ?



കണ്ടോ,യിന്ദു മുഖാംബുജത്തെളിമയും,
രാഗാര്‍ദ്ര ഭാവങ്ങളും,
സന്ധ്യാ സുന്ദര മുഗ്ദ്ധ ഭാവമഴകും,
തീര്‍ക്കുന്ന തേരോട്ടവും?
കണ്ടോ പിന്നെയണിഞ്ഞിടുന്ന വിരഹം
ചെഞ്ചോപ്പു മായിച്ചതും,
കണ്ടോ പൊന്‍ മുഖകാന്തിയില്‍ത്തെളിയുമാ
തീരാക്കളങ്കങ്ങളും?

പിന്നെ സ്സൂര്യനണഞ്ഞിടുന്നതുവരെ-
ക്കണ്‍കോണിലേകാന്തമായ്
കണ്ണീരിറ്റുവെളിച്ചവും, കരുണയും
തൂകിത്തിളങ്ങുന്നതും
കണ്ടാലത്ഭുതമേറെയുണ്ടു കുതുകാ-
ലെന്തോ തിരഞ്ഞിന്നു ഞാന്‍
കണ്ടൂ സ്വച്ഛ നിശാന്തരീക്ഷ സഖരെ-
ക്കണ്ണില്‍ നിറച്ചിങ്ങനെ!

2 comments:

മുകിൽ said...

ഷാജിയുടെ കവിതകൾ വായിക്കുമ്പോൾ മാത്രമാണു ഞാൻ മലയാള കവിതയുടെ പഴയ താളം കേൾക്കുന്നത്! നല്ലതാണ്.

ഷാജി നായരമ്പലം said...

പഴയതാളം മറക്കാതെ കാത്തിടാ-
നെഴുതുവാന്‍ ഞനൊരുങ്ങിപ്പുറപ്പെടേ
മുകിലിനെപ്പോല്‍ ചിലര്‍ ചൊന്ന വാക്കുകള്‍
ഹൃദയപൂര്‍വ്വം എടുത്തു വയ്ക്കുന്നു ഞാന്‍...!