Thursday, April 21, 2011

ആരിവള്‍ക്കിനി രക്ഷ?

-------------------------


ലോകമേ നിനക്കെന്തു പറ്റിയോ? പഴുത്തളി-
ഞ്ഞാകവേ പെരുക്കുന്നു പുഴുക്കള്‍, മഹാഭോഗ-
ബാധിതം മനസ്സിന്റെ കോണിലായൊളിപ്പിച്ച
വ്യാധികള്‍ മുഴുത്തവര്‍ മാനുഷര്‍, മനോഹരം
സ്വര്‍ഗ്ഗ ഭൂമിയെ, അവള്‍ ചുരത്തും മുലപ്പാലില്‍
ഉഗ്രമാം വിഷം വീഴ്ത്തി,യാകുലമൊടുക്കുമ്പോള്‍,
ക്രൂരമായ് പ്പെരും ഭാന്തിന്‍ ചങ്ങല കിലുക്കുമ്പോള്‍
പാവയായ് ഞാനോ, കണ്ടും കേട്ടുമങ്ങരിക്കുന്നു.


ലോകമേ നിനക്കെന്തു പറ്റിയോ? മുളപ്പിച്ചു
ശാഖകള്‍ കിളിര്‍പ്പിച്ച കുഞ്ഞുമക്കളെ,പ്പിതാ-
വാവശ്യക്കാര്‍ക്കായ് സ്വയം കൊണ്ടു വിറ്റു പോല്‍, പല
പ്രാവശ്യം, വയസ്സവള്‍ക്കൊമ്പതേ തികഞ്ഞുള്ളു.

ഭീതി തോന്നുന്നു, കാമകിങ്കരര്‍ കൊതിക്കണ്ണാല്‍
പാതിയും മുഴുക്കാത്ത പിഞ്ചു പൈതലെപ്പോലും
വ്യാപകം വിരിച്ചിട്ട വലക്കണ്ണിയില്‍ക്കൊരു-
ത്താരുമേയറിയാതെ കൊണ്ടുപോയീടാന്‍ വരും.

ആരിവള്‍ക്കിനി രക്ഷ? അച്ഛനോ വലിച്ചിഴ-
ച്ചേതൊരുവഴിയിലായ് കൊണ്ടുവന്നിടുമ്പോഴും,
കാമവും, സുഖാലസ്യ വേഗവും മദം പൊട്ടി-
യാര്‍ത്തലച്ചൊഴുകിയപ്പൈതലെ വലയ്ക്കുമ്പോള്‍
ആരിവള്‍ക്കിനി രക്ഷ; വേരറുത്തൊടുക്കിടാം
നാരിയെ,യവള്‍ പെറ്റ നാകവും നശിക്കട്ടെ.

0 comments: