Sunday, June 19, 2011

സ്നേഹ ദശകം

ചുറ്റിലും കാണ്മു ശൈഥില്യം
മുറ്റി മാഴ്കുന്ന ജീവിതം
കത്തിയാളുന്നകാലുഷ്യ-
പ്പുറ്റു തീര്‍ത്തവരെത്രയോ.

ആഴമേരുന്നൊരിപ്പാരിന്‍-
ചൂളയില്‍ ഹന്ത! ഞാനൊരാള്‍
ആരൊരാളെന്നു ചിന്തിച്ചാ-
ലാരുമല്ലെന്നറിഞ്ഞിടാം

മന്നില്‍ ദുഃഖത്തിനാധാരം
ചിന്ത ചെയ്തവരൊക്കെയും
തന്ന മന്ത്രങ്ങളോ നമ്മള്‍
മണ്ണിലാഴ്ത്തിയുറക്കമായ്.

ആരി,തബ്ധിയുമാകാശ-
ക്കൂരയും തന്നു പാര്‍ത്തിടാന്‍
ആരിലും സ്നേഹചൈതന്യ-
ച്ചാരു ഭംഗി പതിച്ചൊരാള്‍.

ആരൊരുക്കുന്നു കണ്ണീരി-
ന്നാഴികള്‍, നീണ്ട വ്യാധികള്‍
ആരുതീര്‍ക്കുന്നു ഭൂവിന്മേ-
ലേതു സൌഭാഗ്യ സ്വര്‍ഗ്ഗവും

സ്ഥുലമാകുന്ന കണ്ണേറാല്‍-
പ്പാലനം ചെയ്തു , ദിക്കുകള്‍
കാലചക്രത്തിനാവേഗ-
ദ്ദോലനം ചെയ്തു നിന്നിടും.

നീയൊളിക്കുന്നിടം തേടി-
പ്പോയകാലത്തെ വീഴ്ച്ചകള്‍
നാവുയര്‍ത്തിയടുക്കുമ്പോ-
ളാവതില്ലയൊളിക്കുവാന്‍.

നിന്നില്‍നിന്നുല്‍ഭവിക്കുന്നീ-
മന്നിലെപ്രേമ സൌരഭം
നിന്നി,ലെന്നസ്തമിക്കുന്നോ,
അന്നു നിന്‍ സുഖമന്യമാം.

ആളിടും ചൂളപോലുള്ളം
നാളെ വെണ്ണീരുതിര്‍ത്തിടും
കാളുമാത്മാവിലാനന്ദ-
ച്ചാലു വറ്റി വരണ്ടിടും

ഊഴമായ് നിന്റെയെ,ന്നെ,ന്നും
തോഴ, നീ നിരുപിക്കണം
വാഴ്വിലേതറ്റവും കാണും
കാഴ്ച്ചയെക്കരുതീടണം

0 comments: