................................................
കരളു വിങ്ങിക്കരഞ്ഞവള്‍ ചുറ്റിലും
പരതിടു“ന്നെന്റെ കുഞ്ഞിനെക്കണ്ടുവോ,
പറക, നിങ്ങള്‍ പുറത്താക്കി, പൊന്നു പോ-
ലരുമയായി ഞാന്‍ കാത്ത പൈതങ്ങളെ.
ഇരപിടിക്കുവാനായില്ല, സ്വന്തമായ്
കരയുവാന്‍ പോലുമായില്ല, മക്കളേ-
യെവിടെ നിങ്ങള്‍ ? ചുരത്തുന്നു മാറിടം,
ഭുവിയിലുണ്ടോ, “ തിരക്കുന്നിത,മ്മിണി.
മുറിയില്‍ വീഴുന്ന പാല്‍നുരപ്പൂക്കള്‍ തന്‍
ഉറവിടം കണ്ടു ഹൃദയം കരഞ്ഞുപോയ്
തിരയടിക്കുന്ന കുറ്റബോധത്തിനാല്‍
മുറിയുമെന്‍ ഹൃത്തുകുത്തുന്നിതെപ്പൊഴും.
ഇരവിലിന്നലെ, ഇവളെ നിഷ്കരുണമായ്
മുറിയില്‍ നിന്നാട്ടി ദൂരെയോടിച്ചു ഞാന്‍
മുലകുടിക്കുന്ന മൂന്നു പൈതങ്ങള്‍ തന്‍
പൊറുതിയും മാറ്റി; സ്വസ്തമായ് ജീവിതം!
ഇരുളില്‍ രാപ്പക്ഷി കൂവിയാര്‍ക്കുന്നുവോ,
കരളു കീറുന്ന രോദനം കേട്ടുവോ?
സുഖ സുഷുപ്തിയില്‍ ആണ്ടൊരെന്‍ കാതിലേ-
ക്കലയടിച്ചി,ല്ലുണര്‍ന്നില്ല ചേതന.
അരിയ മൂന്നു കുഞ്ഞുങ്ങളെക്കാത്തവള്‍
കണിയൊരുക്കി; ഞാന്‍ രാവിലെ നോക്കവേ,
ചലനമറ്റു പറന്നു പോം ജീവനെ-
പ്പലകുറി തൊട്ടു നക്കിയും തോര്‍ത്തിയും,
മുറിതുറക്കുവാന്‍ കണ്‍പാര്‍ത്തു കാത്തവള്‍
ചകിതയായൊന്നുരുമ്മുന്നിതെന്നെയും.
ക്ഷണികമാണേതു ജീവനും, വാഴ്വിതില്‍-
ക്കഴിയുമോ, ഊതിയൂതിപ്പൊലിക്കുവാന്‍?
വെറുതെ ഞാനുമൊന്നൂതി നോക്കുന്നിതെന്‍
മുറിവിലായിറ്റു ലേപം പുരട്ടുവാന്‍....
Monday, June 20, 2011
Subscribe to:
Post Comments (Atom)


0 comments:
Post a Comment