**********
പണ്ടൊരു മഹാതന്ത്രി പേരെഴും നമ്പൂതിരി
സന്തതം ദേവി ഭദ്രകാളിയെസ്സവിധത്തില്‍
കൊണ്ടുവന്ന,രൂപിയല്ലെപ്പൊഴും കാണും കൂടെ-
യെന്തിനും ചിരകാല സൌഹൃദം സ്വരൂപിച്ചാന്‍
ദേവിയോ നേരില്‍ത്തന്റെ ചാരുരൂപവും പൂണ്ടു
ഭാവുകം നല്കിപ്പോന്നു വിപ്രനിലനേകനാള്‍
കാലദേശങ്ങള്‍ കടന്നാദരം നേടീ, ലോക-
പാലനം ചെയ്യും ദേവി സന്നിഭം മഹാ തന്ത്രി.
ഒരു നാളിരുളുന്നൊരന്തിയില്‍
രുധിരം തേടി നടന്ന കാളിതന്‍
പിറകേ നടകൊണ്ടു വിപ്രനും
മൃദുലം രാവതു രൌദ്രമാകവേ
കഠിനം ചില കാട്ടു വീഥികള്‍
നിബിഡം നീണ്ട തരുക്കള്‍, ശാഖകള്‍
ഉരഗം, മൃഗ , പക്ഷി ജാലവും
നിറയും കാടതു കണ്ടു കാളിയെ
ജഠരാഗ്നി പെരുത്തു ദേവിയാ
വിപിനം താണ്ടി നടന്നു നീങ്ങവേ
അകലെച്ചെറു മണ്‍ചിരാതില്‍ നി-
ന്നുയരും ശോഭ വലിച്ചു കൊണ്ടുപോയ്.
ബലിനല്കുകയണവര്‍ മുദാ
തിലകം ചാര്‍ത്തിയ കാളിയില്‍ സ്സദാ
ഒരുകല്ലിലിരുത്തി, ഭക്തിയോ-
ടധമര്‍ വീഴ്ത്തിയ രക്തപൂജതാന്‍
അരുതേ പറയര്‍ വസിച്ചിടും
പുരമാണായതു നാമൊഴിച്ചിടും
പറയര്‍ കുല മേന്മ കെട്ടാവര്‍
നെറിയും നന്മയുമറ്റുപോയവര്‍
ഇതുചൊല്ലി മടയ്ക്കി വിപ്രനാ-
ക്കുതുകം പൂണ്ടണയുന്ന ദേവിയെ
"ശരി നീവരിക"ന്നു ചൊല്ലി ഹാ!
പറയക്കൂരയിലേക്കു ദേവി പോയ്.
ചോരമോന്തിക്കുടിച്ചും രസിച്ചും
പാരമുള്ളം നിറച്ചവള്‍ കാളി
ചോരിവാപൊളിച്ചാത്തമോദത്താല്‍
ചേരിയില്‍ നൃത്തമാടുന്നു കാളി.
രക്തചന്ദനം പൂശുന്നു മാറില്‍
മുത്തമിട്ടൂയലാടുന്നു മാല്യം
കാട്ടുപ്പൂക്കള്‍ പറിച്ചു കാര്‍കൂന്തല്‍-
ക്കെട്ടിലായ് ക്കെട്ടിവച്ചവള്‍ കാളി.
വിപ്രനോ ദുഃഖമേറിത്തപിച്ചും
ഇപ്രമാദം പൊറാതെ ശപിച്ചും
ക്ഷിപ്രമക്കാട്ടുജാതിതന്‍ കൂര-
യ്ക്കൊട്ടുദൂരേക്കു മാറിയന്നേരം
പൊട്ടിച്ചിരിച്ചാനവള്‍ കാളിയപ്പോള്‍
"മെത്തുന്ന കോപം കളയേണമിപ്പോള്‍
കഷ്ടം നിനക്കുള്ളിലെ വര്‍ണ്ണഭേദം
സൃഷ്ടിച്ചൊരീശന്‍ നിരുപിച്ചതല്ല.
ഉള്ളില്‍ ശരിക്കുണ്ടൊരു ഭക്തിയെന്നാല്‍
കില്ലില്ല കീടം, കൃമി, ജന്തുജാലം
എല്ലാം കലര്‍ന്നൂറുമൊരന്തരാത്മാ
ഫുല്ലാബ്ജമാക്കും പ്രകൃതിക്കു കൂപ്പാം.
പോകുന്നു ഞാനിനി നിനക്കൊരരൂപിയാകും
ആകല്പ,മുള്ളിലരവാര്‍ന്നു വരും വരേയും
കാണാന്‍ ശ്രമിക്ക, കരുവാക്കുക കര്‍മ്മബന്ധം
ചേണാര്‍ന്നൊരാത്മ സുഖമാരിലുമങ്കുരിക്കും.
***
നേരറ്റകാലം തുടര്‍ന്നു പോകേ
വേരറ്റുപോയില്ല വര്‍ണ്ണഭേദം
നേരാണിതാര്‍ക്കും വശം വരാതെ
പാരിന്റെയീശന്‍ മറഞ്ഞു നില്പൂ.
Tuesday, July 5, 2011
Subscribe to:
Post Comments (Atom)



2 comments:
ഉള്ളില്‍ ശരിക്കുണ്ടൊരു ഭക്തിയെന്നാല്‍
കില്ലില്ല കീടം, കൃമി, ജന്തുജാലം
എല്ലാം കലര്‍ന്നൂറുമൊരന്തരാത്മാ
ഫുല്ലാബ്ജമാക്കും പ്രകൃതിക്കു കൂപ്പാം.
കാളി നേരിട്ട് വന്നു പറഞ്ഞാലും ആരു കേൾക്കും ഈ കഥ?..
കഥകളെല്ലാം പറഞ്ഞുപണ്ടുള്ളവര്‍
പഥികര്‍ നാം വിസ്മരിച്ചുകൊണ്ടിങ്ങനെ!!
Post a Comment