Saturday, July 16, 2011

വാള്‍മുനത്തെല്ല്

............................

വാള്‍മുനത്തെല്ലു പോലെ നീ വീശിടും
നീള്‍മിഴിത്തല്ലു കൊണ്ടെന്തു നൊമ്പരം!

സോമരശ്മിനിന്‍ പുഞ്ചിരിപ്പൂക്കാളാല്‍
ശോഭമങ്ങിക്കെടുന്നപോല്‍ തോന്നിയോ?
ഓമലേ നിന്റെ കാര്‍മുകില്‍ക്കൂന്തലിന്‍
കൂരിരുള്‍ക്കനം കണ്ടു കാര്‍വണ്ടുകള്‍
ചാരെവട്ടമിട്ടെന്തുമന്തിച്ചുവോ,
നീരജേ നീ വിരിഞ്ഞെത്ര ഭംഗിയില്‍ ..

ഹേ, പ്രിയേ നിന്റെ രൂപഭാവങ്ങളാ-
ലപ്രമേയം മനോജ്ഞമാം യൌവ്വനം
പൂത്തുലഞ്ഞാലസിക്കുന്നു നിസ്തുലം,
മുത്തമേകാന്‍ കൊതിച്ചുപോ,മേവരും.

ചിത്രമെത്ര മനോഹരം, സത്യമാ-
ണെത്രവേഗം മറഞ്ഞു നീയെങ്കിലും
ചെറ്റു മായ്ക്കുവാനായില്ല, വാഴ്വിന്റെ
കത്രികപ്പൂട്ടരിഞ്ഞു മാറ്റീടവേ.

ചോരവറ്റിക്കരിഞ്ഞ നിന്‍ ചുണ്ടുകള്‍,
നീരു വറ്റിത്തളര്‍ന്ന കൈകാലുകള്‍.
ഏതു കാറ്റേറ്റുടഞ്ഞു നീയോമലേ-
യേതു തീയില്‍ക്കരിഞ്ഞറ്റു കുറ്റിയായ്.
എങ്കിലും നിന്റെ കണ്ണില്‍ത്തിളക്കമാ-
യെണ്ണമറ്റ പൊന്‍ നൂലുകള്‍ കണ്ടു ഞാന്‍
കുഞ്ഞുപൂക്കളാല്‍ തൊങ്ങല്‍ നീ കെട്ടിയോ
മഞ്ഞു തുള്ളികള്‍ ഞാത്തിട്ടൊരുക്കിയോ?

കണ്ണടയ്ക്കാതെ നോക്കി ഞാന്‍ നില്‍ക്കവേ
ഒന്നു മന്ത്രിച്ചു, കേട്ടു ഞാനൊക്കെയും
നമ്മള്‍ വീണ്ടും പുനര്‍ജ്ജനിച്ചൊട്ടുനാള്‍
മണ്ണില്‍ സ്വര്‍ഗ്ഗം പടുക്കും നിനച്ചപോല്‍!
പിന്നെ നീയൊന്നു ചിമ്മിയോ കണ്ണുകള്‍
വര്‍ണ്ണഗോളങ്ങളെങ്ങോ പൊലിഞ്ഞുവോ?

വാള്‍മുനത്തെല്ലു പോലെ നീ വീശിടും
നീള്‍മിഴിത്തല്ലു കൊണ്ടെന്തു നൊമ്പരം!

3 comments:

Kalavallabhan said...

വാണിമാതാവിൻപാണി ശിരസ്സിലോ
പാണിയിൽ എഴുത്താണിയേകിയോ
വീണയിൽനിന്നൊഴുകുമീണമ്പോൽ
കാണുന്നിതാപദാവലികളീകവിതയിൽ

Kalavallabhan said...

തല്ലിയാൽ ഞാനൊന്നു നന്നായിടും
കൊല്ലുമെങ്കിൽ കഥ കഴിഞ്ഞുകിട്ടും
അല്ലിനി തലോടാ‌ലാണൊരുന്നം
മെല്ലെയാവേണമതെന്നുമാത്രം

ഷാജി നായരമ്പലം said...

വല്ലഭാ, ചൊല്ലിടാം ചേലുതന്നെ
ചൊല്ലുന്ന പദ്യം പദാനുപാദം
ആദ്യന്തമീരടിത്താളമോടെ
ഹൃദ്യമീണത്തില്‍പ്പൊതിഞ്ഞിടുമ്പോള്‍.

ഒത്ത ഛന്ദസ്സില്‍പ്പദങ്ങള്‍ നിര്‍ത്തി
മാത്രകള്‍ തെറ്റാതെ ചൊല്ലിനോക്കൂ
തെറ്റും പദം മാറ്റി നിര്‍ത്തിടേണം
ആറ്റിക്കുറുക്കി പറഞ്ഞിടേണം...