Friday, August 5, 2011

ടീച്ചറും ശിഷ്യയും

.................................................

വേദിയാകെ നിറഞ്ഞു നിശ്ശബ്ദമായ്
കാതു കൂര്‍പ്പിച്ചനര്‍ഗ്ഗളം നിര്‍ഝരി
ഭാവ ദീപ്തം തുടിച്ചു തുള്ളിച്ചാടി-
യേവമാത്മാവു തൊട്ടുണര്‍ത്തുന്നുവോ?

സാരസര്‍വ്വം വരയ്ക്കുന്നരുള്‍, പൊരുള്‍,
കാര്യകാരണം കാവ്യശില്പങ്ങളില്‍
ശ്രീ ഗുരുദ്ദേവ ദര്‍ശനം, സൂക്തികള്‍
ആരൊരാള്‍ നിര്‍വ്വചിക്കുന്നതിങ്ങനെ!

ആഴമേറുന്നുവെങ്കിലും സ്വച്ഛമാം
ആഴികള്‍ക്കുള്ളിലാളുന്ന മുത്തുകള്‍
കേഴുമാത്മാവിലാത്മഹര്‍ഷങ്ങളായ്
നീളുമദ്ദിവ്യ മന്ത്രണം കേട്ടുവോ?
സാദരം സദസ്സീവിധം ധന്യമായ്
മാതൃഭാവാര്‍ദ്രഗീതയ്ക്കു കാതോര്‍ത്തു
കോള്‍മയിര്‍ക്കൊണ്ടു, നീളുന്ന വേദികള്‍
ആ മഹാ വചസ്സാഗരം കാണ്‍കവേ.

ഏകയായൊരാള്‍ വേദികള്‍ തോറുമേ
ആഗമിച്ചതും സാകൂതമെപ്പൊഴും
മുന്നില്‍ വന്നിരുന്നുല്‍ക്കടം ചിന്തകള്‍
തന്നെ നോക്കിപ്പകര്‍ന്നങ്ങിരുന്നതും
കണ്ടു പോന്നവര്‍, രണ്ടു പേരും സ്വയം
കണ്ടറിഞ്ഞും പരസ്പരം ഗൂഢമായ്
ബന്ധമൊന്നങ്ങുറച്ചൂ, മനോഹരം
സ്വാന്ത സൌഹൃദം ‘ടീച്ചറും ശിഷ്യയും.‘

പ്രായമേറുന്നു, കാലം കൊളുത്തുന്ന
കാലിടര്‍ച്ചകള്‍ പാരം വലയ്ക്കുന്നു,
ഈ നിയോഗം മുടക്കാതെ കാക്കുവാന്‍
താനശ്ശക്തയായ് ത്തീരുമോയീശ്വരാ!

മൂകമായ് ടീച്ചര്‍ കേണുവോ? കണ്ണുകള്‍
ആകുലം തന്റെ ശിഷ്യയെ തൊട്ടുവോ?
തൊട്ടറിഞ്ഞവള്‍ പെണ്‍കൊടി, ചൊല്ലിപോല്‍
കാല്‍ച്ചുവട്ടില്‍ ഞാന്‍ നിന്നിടാം ടീച്ചറേ.

പിന്നെയാത്രയില്‍ കൂട്ടിരുന്നു അവള്‍
പൊന്നുപോലെ തന്‍ സദ് ഗുരുവര്യയെ
കാത്തുകൊള്ളുവാന്‍ യാത്രകളേറവേ,
പുത്രി നിര്‍വ്വിശേഷം കണ്ടു ടീച്ചറും.

ആരുതുന്നിപ്പുതുക്കുന്നിതിങ്ങനെ,
ആരുരുക്കി സ്ഫുടം ചെയ്തു ജീവിതം?
ആരൊരുക്കുന്നു വീഥികള്‍ തോറുമാ
നേരുകറ്റകള്‍ കത്തിച്ചുണര്‍ത്തുവാന്‍?

2 comments:

മുകിൽ said...

ആരുതുന്നിപ്പുതുക്കുന്നിതിങ്ങനെ,
ആരുരുക്കി സ്ഫുടം ചെയ്തു ജീവിതം?


nalla kavitha

ഷാജി നായരമ്പലം said...

നന്ദി മുകില്‍ അഭിപ്രായക്കുറിപ്പിനു്...
പിന്നെ ഇതൊരു സംഭവ കവിതയാണു കെട്ടൊ.
ടീച്ചറെന്നോട് പറഞ്ഞ അനുഭവം വരികളിലാക്കിയെന്നേയുള്ളു....