Friday, August 19, 2011

ശിഥില ബിംബങ്ങള്‍


മിഴിയഴകില്‍ച്ചിരിതൂകും പുലരി-
ക്കതിരാലെന്നുടെ മുറ്റത്തും,
ഒഴുകിനടക്കും നീരദ ശകല-
പ്പുഴകള്‍ നീലാകാശത്തും.
ഝിലഝിലമൊഴുകും നിര്‍ഝരി നിരതം
പുളകമുണര്‍ത്തിയുണര്‍ന്നേറ്റു
അഴകാര്‍ന്നൊഴുകാന്‍ ചികുരഭരക്കെട്ട-
ഴകില്‍ ചിക്കിമിനുക്കുന്നൂ.

ഗിരിനിരകള്‍,ത്തരുശിഖരമുഖങ്ങള്‍
കലപില കൂട്ടും പക്ഷികളും
കൊടിയതപം കൊണ്ടുഴറി വനങ്ങള്‍-
ക്കകമേ പൂക്ക മൃഗാവലിയും
ചിനു ചിനെ ചിതറി പ്പെയ്തു നിറയ്ക്കും
മുകിലിനെ നോക്കിയെഴുന്നേറ്റൂ,
പുതുമഴയുലകില്‍ രാപ്പകല്‍ നിറെയെ-
ക്കയറിയിറങ്ങി പെയ്യട്ടെ!


ചെറുകറുകപ്പുല്‍ക്കൊടികള്‍ തെരുതെരെ
പുതുനാമ്പിന്‍ കൊടി നാട്ടുന്നു
ചുടുമണിലില്‍ച്ചെറു കണികക്കുള്ളി-
ലുറങ്ങിയ വിത്തു മുളയ്ക്കുന്നു.
ഇതു പുളകം, പല ഋതുഭേദങ്ങള്‍
പുതുക്കും പലപല ചിത്രങ്ങള്‍
പ്രകൃതിയൊരുക്കിയ സമയരഥം പാ-
ഞ്ഞകലേ, വീഴ്ത്തിയ ബിംബങ്ങള്‍.

അകലുകയോ നാം? ചപലം ധരയുടെ
മുലയും മൂക്കുമരിഞ്ഞിന്നോ,
നെടിയ മഹാ മണിസൌധക്കാ‍ടുകള്‍
നിറയെയുയര്‍ത്തിപ്പണിയുന്നു.
ഇതു കോണ്‍ക്രീറ്റാണറിയുക, ഭൂവിന്‍
മടിയിലൊതുങ്ങാ,ത്തമിത ഭരം
ഒടുവില്‍ മടുത്തു പ്രകമ്പന കമ്പന-
മറിയാതമ്മയണച്ചീടും

3 comments:

Kalavallabhan said...

സംഗീതം പൊഴിക്കുന്ന, തേനൊഴുകുന്ന വാക്കുകളാൽ കോർത്തൊരു മണമൂറുന്ന പൂമാല.
വാക്കുകൾ കിട്ടുന്നില്ല
അതിമനോഹരമായൊരു കവിത
അവസാന വരികളിലെ ആശങ്കയും അസ്ഥാനത്തല്ല.
ആശംസകൾ

ഷാജി നായരമ്പലം said...

നന്ദി സുഹൃത്തേ നല്ല വാക്കുകള്‍ക്ക്

ഋതുസഞ്ജന said...

അകലുകയോ നാം? ചപലം ധരയുടെ
മുലയും മൂക്കുമരിഞ്ഞിന്നോ,
നെടിയ മഹാ മണിസൌധക്കാ‍ടുകള്‍
നിറയെയുയര്‍ത്തിപ്പണിയുന്നു.