Thursday, October 27, 2011

ഭ്രഷ്ട്

ഭ്രഷ്ട്

.............

പട്ടടയൊരുങ്ങിയോ?
      ചന്ദനം, മാവിന്‍ ചീളും
മെത്തപോല്‍ വിരിച്ചിട്ട
      ദര്‍ഭയുമെള്ളും പൂവും
വേദമന്ത്രങ്ങള്‍ ചൊല്ലി-
      യമ്മയെക്കിടത്തിടും
ആതപം പൂണ്ടാ,ത്മാവി-
      താരെയോ തീരഞ്ഞിടും!

ഇന്നലെ ബന്ധുക്കളോ-
      ടമ്മ ചൊല്ലിപോല്‍ , “അവ-
നിങ്ങനെ നടപ്പോരില്‍
      മുമ്പനാണു കേള്‍ക്കുന്നു,
എങ്കിലും സദാ നേരമെ-
      ന്റെടുത്തിരുന്നവന്‍!"
സങ്കടങ്ങളെമറ-
ന്നമ്മ സായൂജ്യം കൊണ്ടു.

തെക്കിനിത്തുലാത്തൂണില്‍
      താങ്ങിയും സമീപത്തെ
തിക്കിലും തിരക്കിലും
      കണ്ണു നട്ടിതാ,യൊരാള്‍
വന്‍മതില്‍ക്കെട്ടും, കോട്ട
      കൊത്തളങ്ങളും തഴ-
ഞ്ഞുള്ളിലെയുഡുക്കളെ
      ദീപ്തമാക്കിയാള്‍, പിന്നെ
പിഞ്ഞിയ പൂണൂല്‍ക്കുരു-
      ക്കൊന്നു വേര്‍പെടുത്തിടാന്‍
തുന്നിയ നവീനമാം
    വിപ്ലവത്തീജ്ജ്വാലയില്‍
ചെന്നുപെട്ടതാണയാള്‍
     ( വി ടി തന്‍ സഹോദരി-
ക്കന്നു വൈധവ്യം തീര്‍ത്ത-
     ചരിത്രമുഹൂര്‍ത്തത്തില്‍ )

ജ്യേഷ്ഠനോ വിധിച്ചുപോല്‍
     ഭ്രഷ്ടനായിവന്‍ തീര്‍ച്ച
വേര്‍പിരിച്ചൊഴിച്ചിടാം
     ‘ഭാഗ‘മാക്കണം വേഗം.
അന്നു പങ്കുവച്ചതാ-
     ണമ്മയെ, അയാള്‍ക്കൊപ്പം-
പോന്നവര്‍ വ്യഥാകാലം
     പങ്കുവയ്ക്കുവാന്‍ നൂനം.

താന്ത്രിക,രൊടുക്കത്തെ
     വേദമന്ത്രണം തീര്‍ത്തു,
യാത്രയാക്കുവാന്‍ കോടി-
     ശീലയും പുതപ്പിച്ചു.
കാല്‍ക്കലും തലയ്ക്കലും
     മൂത്തവര്‍ പിടിച്ചതും,
വായ്ക്കരികൊടുപ്പതും
     നോക്കിനിന്നയാള്‍; പണ്ടേ
വറ്റ,യാള്‍ നിവേദിക്കേ
     വ്യര്‍ത്ഥമാക്കാതെ,യമ്മ
അത്രയും ഭുജിച്ചതാ-
     ണപ്രമേയമാം കര്‍മ്മം.

മുന്നിലെ നഭസ്സിനെ
    പൂഞ്ചായല്‍ പുതപ്പിക്കും
കര്‍മ്മരഥ്യകള്‍ നോക്കി
     നിന്നയാ‍ള്‍ , കാലം കണ്ട
കുത്തൊഴുക്കുകള്‍, തീര്‍ത്ത
     വര്‍ഗ്ഗ മുന്നേറ്റങ്ങളാല്‍
പുല്‍ക്കൊടിത്തുമ്പും തെഴു-
      ത്തുയര്‍ക്കാന്‍ പഠിപ്പിച്ചു.

പിന്നെയാ,ത്രൈക്ഷരി
     മന്ത്രണ‘മീയെമ്മെസ്സാ‘യ്
വന്നു നില്‍ക്കൂന്നൂ, കാലം
     കാത്തിടുന്ന,ഭംഗുരം!

6 comments:

T.U.ASOKAN said...

കൊള്ളാം....നന്നായിരിക്കുന്നു....

രണ്ടിടത്ത് വരികൾ ഇങ്ങനെ മൂറിക്കണമായിരുന്നു.

സങ്കടങ്ങളെമറ-
ന്നമ്മ സായൂജ്യം കൊണ്ടു


അന്നുപങ്കുവെച്ചതാ-
ണമ്മയെ,അയാൾക്കൊപ്പം

ആശംസകൾ......

ഷാജി നായരമ്പലം said...

നന്ദി.
തിരുത്തിയിട്ടുണ്ട്

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിത വളരെ മനോഹരമായി.ആഖ്യാനരീതിയില്‍ പഴയ കവിതാസ്വാദന ഗുണം കൈവന്നു. പ്രമേയത്തില്‍ പഴയ കാലം കടന്നു വന്നു. ഇനിയും തുടരുക.എല്ലാ ആശംസകളും.

Krishnapriya said...

നന്നായിരിക്കുന്നു.... ഒട്ടും മടുപ്പിക്കാതെ ആദ്യാവസാനം എഴുതിയിരിക്കുന്നു..... ആശയത്തിന്റെ വ്യാപ്തി വായനക്കാരന് പകരാനായി... അല്പം സങ്കടവും തോന്നാതെ ഇരുന്നില്ല.... ആശംസകള്‍.... ഇനിയും ഒരുപാട് നല്ല കവിതകള്‍ എഴുതാനാകട്ടെ....

ഷാജി നായരമ്പലം said...

നന്ദി അഭിപ്രായക്കുറിപ്പുകള്‍ക്ക് ശ്രീ മുഹമ്മദ്, കൃഷ്ണപ്രിയാ...
പുരസ്കാരങ്ങള്‍ക്കു തുല്യമായി കരുതുന്നു ഈ പ്രോത്സാഹങ്ങള്‍

Kalavallabhan said...

ചരിത്രവും കവിതയും ഭംഗിയായി കൂട്ടിക്കലർത്തിയിരിക്കുന്നു.
തിരക്കിലായതിനാൽ ഇപ്പോഴാണ്‌ വായിക്കാനായത്‌.