Tuesday, December 20, 2011

ബന്നി

ബന്നി

"കണ്ടു ഞാന്‍ മാര്‍ക്കറ്റിനു 
              മുന്നിലെപ്പറമ്പിലായ്
കുന്നുപോല്‍ കിടക്കുന്നൂ, 
              നായ്ക്കള്‍ തന്‍ ജഢം, അച്ഛാ
ഒന്നു പോയ് നോക്കൂ, തെരു-
             നായ്ക്കളാ,ണെന്നാലതില്‍
ബെന്നിയെപ്പോലുണ്ടൊന്ന് " 
           എന്‍ മകന്‍ ചൊല്ലീടവേ,
ഞെട്ടിയോ, ഞടുങ്ങിയോ ?
           ചിത്രമൊന്നിതാ മുന്നില്‍
തൊട്ടുരുമ്മിയും ചാടി-
          ക്കൈകളാല്‍ത്തലോടിയും
വട്ടമിട്ടവന്‍ റോഡില്‍-
         ക്കാഴ്ച്ചയാക്കുന്നൂ എന്നെ,
ബൈക്കില്‍ ഞാന്‍  കുതിയ്ക്കവേ, 
         നിര്‍ന്നിമേഷമായ് നില്പ്പൂ.

നേരവന്‍ ബന്നി, ഞങ്ങള്‍-
         ക്കോമലായ് വളര്‍ന്നവന്‍
ബാല്യവും കൗമാരവും, 
        കൂട്ടിലായ്ക്കിടന്നവന്‍
മുന്നിലെ വെളിച്ചത്തിന്‍ 
        ജാലകം തുറന്നു തന്‍
വന്യ മസ്തിഷ്ക്കം നിറച്ചാര്‍-
       ത്തലയ്ക്കവേ,യെന്നോ
ചങ്ങലക്കെട്ടും മുറി-
       ച്ചോടിപോല്‍ ദൂരെ, ലോകം
വേറെയും കാണ്‍കേ ചന്ത-
       മൂലയില്‍ക്കിടന്നവന്‍.
കൂട്ടിനായ്ക്കൂടെ ചിലര്‍ 
       നക്കിയും കുരച്ചുമാ
വമ്പനെച്ചുറ്റിച്ചെറു-
      സംഘമായ് വിരാചിയ്ക്കെ,
വന്നു ചാടിയെന്‍ മുന്നില്‍ 
     ചെറ്റു നാള്‍ മുമ്പെ, മുദാ
മുട്ടിയുമുരുമ്മിയും 
     പിന്നിലായ് വരുന്നവന്‍!
ഇല്ലിനി, തിരസ്കരി-
     ച്ചന്നു ഞാന്‍ നിന്നെ, ത്തെണ്ടി-
ക്കൂട്ടു നീ കെട്ടി, വീണ്ടും 
     വീട്ടിലേക്കടുക്കേണ്ട.
കല്ലെടുത്തെറി,ഞ്ഞവന്‍ 
      കണ്ണുകള്‍ നിറച്ചുവോ?
വല്ലപാടുമാ ചന്ത 
      വിട്ടുഞാനൊളിയ്ക്കവേ.

"ഒന്നു നോക്കണേയച്ഛാ, 
      ബെന്നിയാണത് " വീണ്ടും
എന്മകന്‍ കരച്ചിലിന്‍ 
     വക്കിലായുരയ്ക്കുന്നു.

ചെന്നു ഞാന്‍ ബൈക്കില്‍ 
    ചന്തമൂലയില്‍ വൃഥാ കാത്തു-
നി,ന്നവന്‍ വീണ്ടും വന്നു 
    തൊട്ടുരുമ്മുമോ ആവോ?

7 comments:

പൊട്ടന്‍ said...

ഇത് പോലുള്ള ഒന്ന് കണ്ടിട്ട് എത്ര നാളായി മാഷേ.
മനസ്സ് നിറഞ്ഞു. ഇത് മനസ്സീന്നു പെട്ടൊന്നൊന്നും മായില്ല.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കണ്ടു ഞാന്‍ കവിതപ്പൂമരത്തിലൊരു ചെറു-
വണ്ടിന്റെ മൂളല്‍ , മധു നുകര്‍ന്ന ചിരിച്ചുണ്ടില്‍ ..

Kalavallabhan said...

"കണ്ടു ഞാന്‍ മാര്‍ക്കറ്റിനു മുന്നിലെപ്പറമ്പിലായ്
കുന്നുപോല്‍ കിടയ്ക്കുന്നൂ, നായ്ക്കള്‍ തന്‍ ജഢം, അച്ഛാ
ഒന്നു പോയ് നോക്കൂ, തെരുനായ്ക്കളാ,ണെന്നാലതില്‍
ബെന്നിയെപ്പോലുണ്ടൊന്ന്" എന്‍ മകന്‍ ചൊല്ലീടവേ,"

ഇത്‌ താങ്കളുടെ കവിതയാണ്‌ എന്നു വിശ്വസിക്കാൻ മടി.

ഷാജി നായരമ്പലം said...

നന്ദി വയാനക്കും അഭിപ്രായക്കുറിപ്പിനും .
എന്താ കലാ വല്ലഭാ എന്തു പറ്റി?
അതു കവിയുടെ മകന്‍ ചോദിക്കുന്നതല്ലെ,
അവനല്പ്പം കവിത കുറവാ!!!

മനോജ് കെ.ഭാസ്കര്‍ said...

നല്ല കവിത.......
അഭിനന്ദനങ്ങള്‍....

വേണുഗോപാല്‍ said...

ചെന്നു ഞാന്‍ ബൈക്കില്‍
ചന്തമൂലയില്‍ വൃഥാ കാത്തു-
നി,ന്നവന്‍ വീണ്ടും വന്നു
തൊട്ടുരുമ്മുമോ ആവോ?

വളര്‍ത്തു നായയുടെ വേര്‍പാടിന്‍ വേദന നന്നായി വരച്ചിട്ടു ഈ കവിതയില്‍
ആശംസകള്‍

ഷാജി നായരമ്പലം said...

നന്ദി മനോജ് കെ ഭാസ്കര്‍, വേണുഗോപാല്‍ വായനക്കും അഭിപ്രായക്കുറിപ്പിനും