Thursday, December 29, 2011

പനി

പനി



വിട്ടുമാറാത്തീപ്പനിച്ചുടടങ്ങുകില്‍
ഇത്തിരിനേരം കിടന്നുറങ്ങാമിനി
വേവുന്ന കണ്ണടച്ചൊന്നുറങ്ങീടുവാ-
നാവില്ല, മുന്നില്‍ നിഴല്‍ക്കൂത്തു നാടകം
കേള്‍ക്കാത്ത ശബ്ദങ്ങളൂളിയിട്ടെത്തിയോ ?
വാക്കുകള്‍, നോക്കുകള്‍ ഓടിയൊളിച്ചുവോ?
മുന്നേ നടന്നു കടന്നു പോയൊട്ടുപേര്‍
വന്നു നില്‍ക്കുന്നുവോ, മാടിവിളിച്ചുവോ?
ഞെട്ടിത്തെറിച്ചു ഞാന്‍ കണ്മിഴിച്ചീടവേ
ഇറ്റുവെട്ടം കാണ്മു, രണ്ടു നീര്‍ മുത്തുകള്‍
"ചുട്ടു പഴുക്കുന്നവല്ലൊയെന്റീശ്വര... "
കാത്തിരിപ്പാണവള്‍ കാമിനി നിശ്ചലം!

 ചുട്ടുപൊള്ളുമ്പൊഴെന്‍ ചിന്തകള്‍ ശൂന്യമായ്
വൃത്തിയായൊന്നും വരച്ചിട്ടുമില്ല ഞാന്‍.
എങ്കിലും നല്‍കുന്നു സ്വീകരിച്ചീടുക
സങ്കടം തോന്നേണ്ട,മാറുന്നുവെന്‍ പനി

Friday, December 23, 2011

'തീപ്പകലി'നൊരവാര്‍ഡ്...



സെക്രട്ടറിയേറ്റ് എമ്പ്ലോയീസ് അസോസിയേഷനായ രചന ഏര്‍പ്പെടുത്തിയ സുരേന്ദ്രന്‍ സ്മാരക അവാര്‍ഡ് ഈ ബ്ലോഗിലുള്ള തീപ്പകല്‍ എന്നു കവിതയ്ക്കു ലഭിച്ച ആഹ്ലാദം വായനക്കാരുമായി പങ്കുവയ്ക്കുന്നു. 5000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണു അവാര്‍ഡ്. കവിത താഴെ


Tuesday, June 22, 2010
തീപ്പകല്‍
.......................


ദീപങ്ങളൊക്കേയണയ്ക്കുക നളേക്ക്
താപം പെരുത്തീപ്പകല്‍ വെന്തൊടുങ്ങിടും
കോപാന്ധകാരം വിഴുങ്ങുമീ ഭൂവിനെ ,
ചാവുകള്‍ തിങ്ങി മുച്ചൂടും മുടിച്ചിടും
നോവും പെരുത്തു കനത്ത മൌഢ്യങ്ങളാല്‍
പാവം ചിതക്കൂടൊരുക്കുന്നു മാനവന്‍ .

കാലം പഴുപ്പിച്ച തീക്കടല്‍ തീര്‍ത്തുമീ-
ഭൂ,വിണ്ണു, മണ്ണും തപിപിച്ചു; പീയൂഷ-
ധാരയാല്‍ ദാഹമടക്കുവാന്‍ ഞാന്‍ തീര്‍ത്ത
നീരൊഴുക്കിന്‍ ജീവ നാഡി ഞരമ്പുകള്‍
ധാര്‍ഷ്ട്യം പെരുപ്പിച്ച ദംഷ്ട്രകളാഴ്ത്തി നീ-
മോന്തിക്കുടിയ്ക്കു,ന്നൊടുങ്ങാത്ത ദാഹമോ?

തീര്‍ത്തും കനല്‍ക്കാടൊരുങ്ങുന്നു, കാക്കുവാന്‍
കാത്തു നില്‍ക്കിക്കില്ലിതാ, ചാരെ നിഴല്‍പ്പാടു-
വീഴ്ത്തി, വിജൃംഭിച്ച സ്വാര്‍ത്ഥ മൌനങ്ങളാല്‍ ,
കത്തുന്ന മോഹക്കുരുക്കാല്‍, ധരിത്രി തന്‍
വസ്ത്രാഞ്ചലം ബലാല്‍ ഊരി മാറ്റുന്നതും
കണ്ടു ഞാന്‍;
നീയണക്കുന്നു ദീപങ്ങ-
ളാണ്ടുപോകുന്നൂ നൃശംസ ശൌര്യങ്ങളാല്‍ ,
ഊതി ഞാനെന്നും പൊലിപ്പിച്ച നാ‍ളങ്ങള്‍ ...

ദീപങ്ങളൊക്കെയണയ്ക്കുക നളേക്ക്
താപം പെരുത്തീപ്പകല്‍ വെന്തൊടുങ്ങിടും.

കാലം മഹാവേഗ ചക്രം തിരിച്ചു തന്‍
ഭാവഭേദങ്ങളാല്‍, താളവട്ടങ്ങളാല്‍,
താളം പിഴയ്ക്കുമീ ഭൂമുഖക്കാഴ്ച്ക,-
ളാകേ മറയ്ക്കും കനത്ത കാല്‍ വയ്പിനാല്‍
ഭൂമി,പാതാളവും, സ്വര്‍ഗ്ഗകവാടവും
നീളേയളന്നിക്കലീമുഖം മായ്ചിടും .

രൌദ്ര വേഗങ്ങളാല്‍ പയുമ്പോളാളുന്ന
ദീപങ്ങളൊക്കേയണയ്ക്കുക മാനവ!
താപം പെരുത്തിപ്പകല്‍ വെന്തിടൊടുങ്ങിടാന്‍
നാളേറെയില്ല; ഞാന്‍ ദീപം കൊളുത്തിടാം .

Tuesday, December 20, 2011

ബന്നി

ബന്നി

"കണ്ടു ഞാന്‍ മാര്‍ക്കറ്റിനു 
              മുന്നിലെപ്പറമ്പിലായ്
കുന്നുപോല്‍ കിടക്കുന്നൂ, 
              നായ്ക്കള്‍ തന്‍ ജഢം, അച്ഛാ
ഒന്നു പോയ് നോക്കൂ, തെരു-
             നായ്ക്കളാ,ണെന്നാലതില്‍
ബെന്നിയെപ്പോലുണ്ടൊന്ന് " 
           എന്‍ മകന്‍ ചൊല്ലീടവേ,
ഞെട്ടിയോ, ഞടുങ്ങിയോ ?
           ചിത്രമൊന്നിതാ മുന്നില്‍
തൊട്ടുരുമ്മിയും ചാടി-
          ക്കൈകളാല്‍ത്തലോടിയും
വട്ടമിട്ടവന്‍ റോഡില്‍-
         ക്കാഴ്ച്ചയാക്കുന്നൂ എന്നെ,
ബൈക്കില്‍ ഞാന്‍  കുതിയ്ക്കവേ, 
         നിര്‍ന്നിമേഷമായ് നില്പ്പൂ.

നേരവന്‍ ബന്നി, ഞങ്ങള്‍-
         ക്കോമലായ് വളര്‍ന്നവന്‍
ബാല്യവും കൗമാരവും, 
        കൂട്ടിലായ്ക്കിടന്നവന്‍
മുന്നിലെ വെളിച്ചത്തിന്‍ 
        ജാലകം തുറന്നു തന്‍
വന്യ മസ്തിഷ്ക്കം നിറച്ചാര്‍-
       ത്തലയ്ക്കവേ,യെന്നോ
ചങ്ങലക്കെട്ടും മുറി-
       ച്ചോടിപോല്‍ ദൂരെ, ലോകം
വേറെയും കാണ്‍കേ ചന്ത-
       മൂലയില്‍ക്കിടന്നവന്‍.
കൂട്ടിനായ്ക്കൂടെ ചിലര്‍ 
       നക്കിയും കുരച്ചുമാ
വമ്പനെച്ചുറ്റിച്ചെറു-
      സംഘമായ് വിരാചിയ്ക്കെ,
വന്നു ചാടിയെന്‍ മുന്നില്‍ 
     ചെറ്റു നാള്‍ മുമ്പെ, മുദാ
മുട്ടിയുമുരുമ്മിയും 
     പിന്നിലായ് വരുന്നവന്‍!
ഇല്ലിനി, തിരസ്കരി-
     ച്ചന്നു ഞാന്‍ നിന്നെ, ത്തെണ്ടി-
ക്കൂട്ടു നീ കെട്ടി, വീണ്ടും 
     വീട്ടിലേക്കടുക്കേണ്ട.
കല്ലെടുത്തെറി,ഞ്ഞവന്‍ 
      കണ്ണുകള്‍ നിറച്ചുവോ?
വല്ലപാടുമാ ചന്ത 
      വിട്ടുഞാനൊളിയ്ക്കവേ.

"ഒന്നു നോക്കണേയച്ഛാ, 
      ബെന്നിയാണത് " വീണ്ടും
എന്മകന്‍ കരച്ചിലിന്‍ 
     വക്കിലായുരയ്ക്കുന്നു.

ചെന്നു ഞാന്‍ ബൈക്കില്‍ 
    ചന്തമൂലയില്‍ വൃഥാ കാത്തു-
നി,ന്നവന്‍ വീണ്ടും വന്നു 
    തൊട്ടുരുമ്മുമോ ആവോ?

Tuesday, December 6, 2011

ഒരു ഭീകരപ്രവര്‍ത്തകന്റെ അച്ഛന്‍

ഒരു ഭീകരപ്രവര്‍ത്തകന്റെ അച്ഛന്‍

കേട്ടൂ നടുക്കമോടച്ഛന്‍, വിളക്കിതാ
കെട്ടുപോയത്രേയകാലം ; വധിച്ചുപോ-
ലേറ്റു മുട്ടീടുന്ന നേരം ടെറോറിസ്റ്റു -
ചെക്കനെപ്പോലീസു തോക്കാലൊടുക്കി പോല്‍!

ചിത്രമീ മട്ടിലാ,യേട്ടിലെക്കെത്തി, വി-
ചിത്രം, വിലക്ഷണം ചത്തുകിടപ്പവര്‍
നാലുപേരുണ്ടൊരു നാരിയും, നാടിന്റെ
നാരായ വേരറുക്കാന്‍ തുനിഞ്ഞെത്തിയോര്‍.

വിശ്വസിച്ചീടുവാനാവുമോ? നീയേതു
വിശ്വാസ സംഹിതയുള്ളില്‍ വഹിച്ചുവോ?
നിശ്ചയം നീ താന്‍ മടിച്ചൂ ഹനിക്കുവാന്‍
കൊച്ചിലേ,യൊറ്റ,യുറുമ്പിനെപ്പോലുമേ!
ഏറേ നടന്നും, കുഴഞ്ഞും മനം കെട്ടി-
താരും കൊടുക്കാത്ത ജോലിയും തേടി നീ
പോകേ, തടഞ്ഞില്ല പാരം പറന്നെന്റെ
ഭാരം വഹിക്കുവാനെത്തും, നിനച്ചു ഞാന്‍.

നോവുകള്‍ നീറിക്കടന്നലായ്ക്കുത്തുന്നി-
താവില്ല നിന്നെയിന്നുള്‍ക്കൊള്ളുവാ-
നെനിക്കാവില്ല നിന്നെശ്ശപിക്കുവാനും, കണ്ണു-
കാണാത്ത കാഴ്ചയാലന്ധനായിന്നു ഞാന്‍.
കേട്ടതെല്ലാം വെറും മിഥ്യയോ? വന്മതില്‍-
ക്കെട്ടാല്‍ത്തമസ്കരിക്കുന്നുവോ നേരിനെ?
നീളേ,യിരുണ്ടിടനാഴികള്‍ നാടിന്റെ
നാഡിയില്‍ തിങ്ങും വിഷക്കുത്തൊഴുക്കുകള്‍....
കൊല്ലുന്നതാരോ? ഇരുട്ടില്‍ വിളക്കുമായ്
തെല്ലും ഭയപ്പെടാതെ തിരഞ്ഞന്നയാള്‍.

കൂരിരുള്‍ക്കെട്ടാലടയ്ക്കുവാനാവുമോ?
തോരാത്ത കണ്ണുനീര്‍ തുള്ളിയില്‍ത്തങ്ങിയ
നേരിന്റെ തീക്ഷ്ണപ്രകാശം; മകന്റെ മേ-
ലാരോ നിരൂപിച്ച നാടകം ഭീകരം.
കൊന്നതും റോടില്‍ വലിച്ചിഴച്ചിട്ടതും
മെയ്യിലാഭീകര മുദ്രകുത്തുന്നതും
രാജ്യം നിയോഗിച്ച പോലീസു! നാടിന്റെ
ജീവനും സ്വത്തിനും കാവലായ് വന്നവര്‍.

ആരാണു ഭീകരന്‍? ആരോ ചമത്ക്കാര-
പൂര്‍വ്വം വരയ്ക്കും നിഴല്‍ക്കുത്തു നാടകം
പേരെന്തു ചൊല്ലി വിളിക്കുവാന്‍? രാജാ-
ധികാരം നടത്തു,ന്നരുംകൊലക്കൂത്തിനെ?