അഗ്നി
പിന്‍ കുറിപ്പ്: ആരാണിവളെന്നു നിശചരന്‍ ആരാഞ്ഞപ്പോള്‍
ഭൃഗുപത്നിയിവളെന്ന് സത്യം പറഞ്ഞതിനു ഭൃഗുമുനി കോപിച്ചു
അഗ്നിയെ ശപിച്ചു, ശുദ്ധവു മശുദ്ധവും നീ ഭക്ഷിക്കുമെന്നു`...
ലോകത്തിന്റെ വെളിച്ചമായ അഗ്നി, തന്നെക്കാള്‍ വളരെത്താഴ്ന്ന
മുനിയെ തിരിച്ചു ശിക്ഷിച്ചില്ല. പക്ഷെ വെളിച്ചമുള്‍വലിഞ്ഞപ്പോള്‍
ലോകര്‍ ദുഃഖിച്ചു. പിന്നീടഗ്നിയെ തിരിച്ചുവിളിച്ചത് ബ്രഹ്മാവാണു്.....
“ആരുനീ,യെന്നു ചൊല്ലാ,
നാരൊരാള്‍ തുനി,ഞ്ഞവന്‍
തീരു,മിന്നിതാ വാങ്ങി
വച്ചുകൊള്ളുക ശാപം.
അഗ്നിയോ വിലക്ഷണം
രാക്ഷസന്‍ മുന്നില്‍ മമ
പത്നിയെക്കാണിച്ചു സം-
ശുദ്ധനായിരിക്കുന്നോ?
ഉദ്ധതന്‍ നിനക്കേതും
ഭക്ഷ്യമായ് ഭവിക്കട്ടെ
ശുദ്ധവുമശുദ്ധവും
ഭേദമില്ലാതെ പോട്ടേ“
പാവകന്‍ വിചിത്രമീ
മാമുനി ശാപം ശ്രവി-
ച്ചീവിധം മൊഴിഞ്ഞു, “ഞാ,
നെന്തശുദ്ധമാക്കിയോ,
സത്യമേ വദിച്ചുള്ളീ
ഹോമകുണ്ഡത്തിന്‍ മുന്നി-
ലുത്തരം കൊടുത്തതിന്‍
കുറ്റമെന്തുള്ളു? ഭവത്-
പത്നി,യാരിവളെന്നു
തിരക്കി നിശാചരന്‍,
സത്യമോതാതെ നില്‍ക്കാ-
നെന്തു കാരണം മുനീ?”
"അസത്യം പറയുവാന്‍
നീ ശഠിക്കുന്നൂ, മറു-
ത്തസാദ്ധ്യമാവില്ലിനി
നിന്നെയും ശപിക്കുവാന്‍.
അഗ്നി ഞാന്‍ ലോകത്തിനു
സൃഷ്ടിയും, സംഹാരവും
രക്ഷയു,മാദ്ധ്യക്ഷ്യവും,
സാക്ഷ്യവും നടത്തിടേ,
അജ്ഞനാകുകില്ല ഞാന്‍
നിശ്ചയം നിന്നെപ്പോലെ-
ദ്ധാര്‍ഷ്ട്യവു,മടങ്ങാത്ത
ക്രോധവുമെനിക്കില്ല,
ഞാന്‍ മടങ്ങുന്നൂ," വഹ്നി
ശാന്തനായ് മറഞ്ഞവാ-
റമ്പരന്നിതു ലോകര്‍
ക്ലാന്തരായ് ച്ചമഞ്ഞിതു.
കൂരിരുള്‍ മൂടീ ഭൂവില്‍,
വിണ്ണിലെ വെളിച്ചത്തിന്‍
താരകള്‍ നിരുന്മേഷം
കണ്ണടച്ചുവോ ദൂരേ?
ശക്തമാമിരുള്‍ക്കെട്ടില്‍
ക്ലിഷ്ടത സഹിക്കാതേ-
യാര്‍ത്തരായ് ലോകര്‍ മുന്നില്‍
വീണു കേഴവേ ബ്രഹ്മാ-
വഗ്നിയെ വിളിച്ചു, "നീ
യെഴുന്നേല്‍ക്കുക ദേവ!
ക്ഷിപ്രമാ വെളിച്ചത്താല്‍-
ക്കൂരിരുള്‍ തുരത്തുക.
മന്നില്‍ നീ സര്‍വ്വം! സ്വയം
സൃഷ്ടിയും സംഹാരവും
ശുദ്ധിയു,മശുദ്ധിയും
തൊട്ടറിഞ്ഞവന്‍, ലോകം
കാക്കുവോന്‍, വെളിച്ചത്തിന്‍
തേരു നീ തെളിക്കുക,
ഒക്കെയുമുണര്‍ത്തുന്ന
സ്നേഹനം നിറയ്ക്കുക"
ദുഃഖമൊക്കെയും നീങ്ങി
നിത്യ സത്യമാം ദേവന്‍
സുപ്രഭാഞ്ചിതം തേരില്‍
ചാട്ടവാര്‍ ചലിപ്പിച്ചും,
പാവനം ശരീരത്തെ-
ച്ചാമ്പലാക്കിയും, ദ്യോവില്‍
താവക പ്രകാശത്താല്‍
പുഞ്ചിരി പൊഴിക്കുന്നു.
--------------------------------------------- പിന്‍ കുറിപ്പ്: ആരാണിവളെന്നു നിശചരന്‍ ആരാഞ്ഞപ്പോള്‍
ഭൃഗുപത്നിയിവളെന്ന് സത്യം പറഞ്ഞതിനു ഭൃഗുമുനി കോപിച്ചു
അഗ്നിയെ ശപിച്ചു, ശുദ്ധവു മശുദ്ധവും നീ ഭക്ഷിക്കുമെന്നു`...
ലോകത്തിന്റെ വെളിച്ചമായ അഗ്നി, തന്നെക്കാള്‍ വളരെത്താഴ്ന്ന
മുനിയെ തിരിച്ചു ശിക്ഷിച്ചില്ല. പക്ഷെ വെളിച്ചമുള്‍വലിഞ്ഞപ്പോള്‍
ലോകര്‍ ദുഃഖിച്ചു. പിന്നീടഗ്നിയെ തിരിച്ചുവിളിച്ചത് ബ്രഹ്മാവാണു്.....



8 comments:
വെളിച്ചത്തിന്‍
തേരു നീ തെളിക്കുക
വെളിച്ചത്തിന്‍
തേരു നീ തെളിക്കുക,
ഒത്തിരി mistakes ഉണ്ട്
ഒരെണ്ണം തിരുത്തിയ രൂപം ഇതാ
ഞാന്‍ മടങ്ങുന്നു വഹ്നി-
ശാന്തനായ് മറന്നവാ-
റമ്പരന്നിതു ലോകര്‍
കുഞ്ചന്‍ നമ്പിയാരുടെ പതിനാലു വൃത്തം ഒന്നു വായിച്ചോളൂ....
ഗുണം ചെയ്യും....
മറഞ്ഞവാറമ്പരന്നിതു ലോകം...
റ വിട്ടുപോയി.അതു ടൈപ്പിങ്ങ് പിശകായിരുന്നു.തിരുത്തി.
പക്ഷെ ഒത്തിരി
മിസ്റ്റേക്കുകള്‍ ഉണ്ടെങ്കില്‍ അവ കൂടി തിരുത്തിയേ മതിയാവൂ ... ചൂണ്ടിക്കാണിച്ചേക്കൂ തിരുത്താം. ശരികാണിച്ചതിലും തെറ്റുണ്ടു കെട്ടോ.
ഉദ്ധതന്‍ നിനക്കേതും
ഭക്ഷ്യമായ് ഭവിക്കട്ടെ
ശുദ്ധവുമശുദ്ധവും
ഭേദമില്ലാതെ പോട്ടേ...
ആശംസകള്‍.....
വെളിച്ചത്തിന്‍
തേരു നീ തെളിക്കുക !
ഇന്നിന്റെ മനസ്സിലെ തിന്മതന്നിരുളിനെ
തുരത്താൻ കവിചിത്തം അഗ്നിയായ് ജ്വലിക്കട്ടെ
ആശംസകളോടെ, സ്നേഹപൂർവ്വം, സുധടീച്ചർ
നന്ദി കുറിപ്പുകള്‍ക്ക്
കലാവല്ലഭന്‍, അശോകന്‍, മനോജ് ഭാസ്കര്‍, ശ്രീജ പ്രശാന്ത്,
സുധറ്റീച്ചര്‍
Post a Comment