Wednesday, July 17, 2013

താടക

താടക
താടകാ വനം പ്രാപിച്ചീടിനോരനന്തരം
ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വമിത്രൻ 

-ബാലകാണ്ഡം ( താടകാവധം )

“ഏതുവിധേനയും കൊല്ലുക, താടക -
കാടിന്റെ നാഥ നിശാചരി, നിഷ്ഠുര
പാപം നിനക്കു വരില്ല രാമ, വേഗം
ചാപം തൊടുക്കുക എയ്തൂ വീഴ്ത്തീടുക “

ഞെട്ടിത്തരിച്ചുപോയ് രാഘവന്‍, ആജ്ഞയീ-
മട്ടിലാ മാമുനി ഉച്ചരിച്ചീടവേ
ഒട്ടു ദുഃഖം പൂണ്ടു, കൗമാരകൌതുകം
വിട്ടുമാറാത്താ കുമാരന്‍ കുഴങ്ങിയോ?

ഗൂഢസ്മിതം പൂണ്ടു കൌശികന്‍ രാമന്റെ
കാതരഭാവം വകഞ്ഞുമാറ്റിത്തെല്ലു-
രൌദ്രമായ് ചൊല്ലിയുറപ്പിച്ചു,“കൊല്ലുക,
കൊല്ലുവാനാദ്യ പാഠം നീ പഠിക്കുക! “

പാഠമാണേതും കരഞ്ഞിതാചാര്യനും
രൂഢമൂലം മഹാതന്ത്രങ്ങള്‍ കാണ്‍കവേ.
പാരായണം ചെയ്ക രാമായണം മാഹാ-
നാചാര്യനേയും സ്മരിക്കുക സന്തതം.

വില്ലുകുലക്കൊല്ല കുഞ്ഞേ, സവിസ്മയം
തെല്ലു നേരം നോക്കിനിന്നുപോയ് താടക
തന്ത്രമാണേതും, നിശാചരിയല്ല ഞാന്‍
മന്ത്രണം നീ ശ്രവിക്കൊല്ലയെന്‍  പൈതലേ
വര്‍ണ്ണഭേദങ്ങള്‍ പഠിക്കായ്ക, ഞങ്ങളും
കണ്ണികള്‍, വന്യ വരേണ്യ വര്‍ഗ്ഗത്തിന്റെ
പര്‍ണ്ണാശ്രമങ്ങള്‍ പടുത്തുയര്‍ത്തേ, മണ്ണി-
ലന്യമായ് പ്പോകുന്ന കണ്ണികള്‍, കാണുക.

ഒന്നുമുരയ്ക്കുവാനായില്ല, താടക
നിര്‍ന്നിമേഷാര്‍ദ്രയായ് നിന്നുപോയ്, കാടിന്റെ
കണ്ണുനിറഞ്ഞുവോ? സ്നിഗ്ദ്ധമാ മാറിലേ-
ക്കാഞ്ഞുകേറുന്നസ്ത്രവേഗം നടുക്കിയോ?

കണ്ണുതുടയ്ക്കുന്നു രാഘവന്‍, ചെന്നിണം
വാര്‍ന്നു പിടയ്ക്കുന്ന കാടിന്റെ പുത്രിയെ
ചെന്നു തൊട്ടൂ സഗദ്ഗദം, മോക്ഷമോ-
ടന്നവള്‍ പൂകി ഹാ !സ്വര്‍ഗ്ഗം മനോഹരം!

പാരായണം ചെയ്ക രാമായണം മാഹാനാ-
ചാര്യനേയും സ്മരിക്കുക സന്തതം
.
 
............................................................................................
എന്റെ വക രാമായണക്കാഴ്ച്ചകൾ  എന്ന
 കാവ്യ സമാഹാരത്തിലെ രണ്ടാമത്തെ കവിത

7 comments:

ajith said...

രാമായണമാസത്തില്‍ പാരായണം നന്നായി

സൗഗന്ധികം said...

വര്‍ണ്ണഭേദങ്ങള്‍ പഠിക്കായ്ക, ഞങ്ങളും
കണ്ണികള്‍, വന്യ വരേണ്യ വര്‍ഗ്ഗത്തിന്റെ
പര്‍ണ്ണാശ്രമങ്ങള്‍ പടുത്തുയര്‍ത്തേ, മണ്ണി-
ലന്യമായ് പ്പോകുന്ന കണ്ണികള്‍, കാണുക.


ഇതിഹാസങ്ങളിലേയും,ചരിത്രത്തിലേയും ഇത്തരം വ്യാഖ്യാന സാദ്ധ്യതകൾ,അതാരും കാണാറില്ല എന്നതാണു സത്യം.

നല്ല രചന.

ശുഭാശംസകൾ...

Cv Thankappan said...

താടകയുടെ രോദനം ഉള്ളില്‍ തട്ടുന്നതായി......
നല്ല രചന
ആശംസകള്‍

Madhusudanan P.V. said...

"കൊല്ലുവാനാദ്യ പാഠം നീ പഠിക്കുക"
ചൊല്ലുന്നു,രാഷ്ട്രീയകൗശികാചാര്യന്മാർ
തെല്ലും ഭയം വേണ്ട സംരക്ഷീച്ചിടുവാൻ
നല്ല സാമ്പത്തികം പാർട്ടിക്കു കൈമുതൽ !

Kalavallabhan said...

തന്ത്രങ്ങളാലിതിഹാസത്തെ തന്നുടെ
തന്ത്രിയിലുതിരുമൊരു പാട്ടാക്കി മാറ്റുന്നു

AnuRaj.Ks said...

nice poem,....

ഷാജി നായരമ്പലം said...

നന്ദി രാമായണ വായനക്ക്