Sunday, October 25, 2015

മൂദേവി

മൂദേവി
തൂക്കു വിളക്കു കൊളുത്തിയസംഖ്യം
ദീപാവലിയിലലിഞ്ഞൊരുവൾ
കൂപ്പിയുയർന്നിരുകൈമുകുളങ്ങൾ
നിരക്കെ,വിളങ്ങിയണിഞ്ഞൊരുവൾ
ചന്ദന, കുങ്കുമലേപകളേബര
രൂപമനോഹര ബിംബമൊരാൾ
സുന്ദരി, സർവ്വ സുഖാസുഖദായിനി
നിർമ്മല കാന്തി നിറഞ്ഞൊരുവൾ!
ലക്ഷ്മി, മനസ്സുഖ ,ശാന്തി മഹാമതി
നന്മ, നിദാനമകംപൊരുളായ്
ഭക്ഷണ, വസ്ത്ര,വിഭൂഷണ രക്ഷ-
യണച്ചു തരും വര വാങ്മൊഴി നീ!
തെക്കിനി മൂലയിലൊറ്റവിളക്കു
കൊളുത്തിമയങ്ങിയിരിപ്പൊരുവൾ
ഒക്കെയുരുണ്ട് വിമൂക മുഖത്തൊടു
കത്തിയമർന്ന കരിം തിരിയോ?
ദക്ഷിണയില്ല, ജനാവലിയില്ല-
ണയാത്ത വിളക്കൊളിയില്ലവിടെ,
നിഷ്ക്രിയ,നിർമ്മമ,നിർദ്ദയരൂപിണി
നന്മ ചുടുന്ന കൊടും ചുടല
തീർച്ച! സഹോദരിമാരിവർ, മൂത്തവൾ
മുക്കിലിരിപ്പൊരു മൂദേവി
മൂർത്തി മനസ്സിനടിത്തട്ടിന്നടി
യാഴമഗാധമളന്നൊരുവൾ.
തെക്കിനി മൂലയിലല്ലിവൾ, ചിത്ര!
മിരുട്ടു തൊടുത്തു മദിപ്പതു ഹേ,
നോക്കുക! നിന്മുഖ പൊയ്മുഖ മൂടി
യെരിച്ചു കടും തുടി കൊട്ടിവരും
ദുർമുഖ, ദുഷ്ട വിചാര, വിരൂപിണി
ദേവി യകത്തു വസിപ്പിവളും!!
തീർച്ച! നിനക്കു വശംവദയാ-
യിരു മൂർത്തി വസിക്കും കോവിലു് നീ
ഓർത്തു വിളക്കു തെളിച്ചൊഴിയായിരു-
ളാട്ടിയകറ്റിയഘം കളയാം!