Wednesday, December 8, 2010

യുദ്ധം ലോകമഹായുദ്ധം!

------------------------------------------------

കേട്ടോ നിങ്ങള്‍ ഇടിവെട്ടിപ്പട-
യാട്ടിവരുന്നു പെരും യുദ്ധം
കേട്ടവര്‍ കേട്ടവര്‍ ഞെട്ടിവിറച്ചൂ
നാട്ടില്‍ മുഴുക്കേ രണഭേരി.
എന്താ ഹേതു? തുടക്കമൊടുക്കം
ഹന്ത!യിതാരു ചമച്ചാവോ,
തീപ്പുക തുപ്പിയെതിര്‍ക്കുന്നൂ,
ആര്‍പ്പുകളാട്ടിയകറ്റുന്നൂ.
തോക്കും നാക്കുമുടക്കിയടിച്ചും
വാക്കുകള്‍ തമ്മില്‍പ്പകതീര്‍ത്തും
നോക്കിയിരിക്കെ പകലുകള്‍ വെന്തു
വിഷപ്പുക മുറ്റി മരിക്കുന്നു.
ചേരികള്‍ ചേരുവ തീര്‍ക്കുന്നൂ രണ-
ഭേരികള്‍ കേള്‍പ്പൂവെമ്പാടും
വമ്പുകള്‍ കൊമ്പുകള്‍ കോര്‍ക്കുന്നൂ ജന-
മമ്പേ മണ്ടിയൊളിക്കുന്നു.

പട്ടിണിയും പരിഭ്രഷ്ടവുമായി-
ന്നാടിന്‍ കോലമലമ്പാക്കാന്‍
വാഴുന്നോര്‍ ചിലര്‍ ഞെട്ടിയുണര്‍ന്നോ
പാഴ്പ്പുല്ലുകളില്‍ പ്പകവീണോ?

ആര്‍ക്കാണറിയുക, പൊട്ടിയ തീപ്പൊരി
വാക്കൊ പൊരുളോ പറയാമോ?
പേര്‍ത്തും ചോദ്യമുയര്‍ത്തേ, കേട്ടി,-
ന്നേട്ടില്‍പ്പട്ടിണിയാണത്രെ,
മോട്ടിച്ചൂ പോ,ലാരാന്റെ വിത-
യാരോ കഷ്ടം, കവിയുദ്ധം!!

Saturday, September 4, 2010

പുസ്തകപ്രകാശനം

****************

വൈജയന്തി

എന്റെ ഒരു കവിതാസമാഹാരം
അച്ചടി മഷി പുരട്ടി പുറത്തിറക്കുന്ന വിവരം
ആഹ്ലാദപൂര്‍വ്വം അറിയിക്കട്ടെ !

സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ്
ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.


സ്ഥലം : ഇടപ്പിള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം
( ചങ്ങമ്പുഴ പാര്‍ക്ക് )
വേദി : വൈലോപ്പിള്ളി ജന്മശതാബ്ദി ആഘോഷം
തീയതി : 12 - 09 - 2010

സമയം : വൈകുന്നേരം അഞ്ചു മണി
വീവിധ കലാ സാഹിത്യ പരിപാടികള്‍ വൈലോപ്പിള്ളി അനുസ്മരണമായി
അന്നവിടെ നടക്കുന്നുണ്ട്.

അതിനിടയില്‍ നടക്കുന്ന തികച്ചും ലളിതമായ ഒരു ചടങ്ങാവും പുസ്തകപ്രകാശനം .
കവി ശ്രീ എന്‍. കെ. ദേശം പ്രകാശനം നിര്‍വഹിക്കും .
ശ്രീമതി സരസമ്മ ടീച്ചര്‍ പുസ്തകം സ്വീകരിക്കും
തുടര്‍ന്നു വൈജയന്തിയിലെ ഒരു കവിത അവിടെ ടീച്ചര്‍ ആലപിക്കുകയും ചെയ്യും
ഇത്രയുമാണ് പ്രകാശനചടങ്ങ്


വൈലോപ്പിള്ളി അനുസ്കരണപരിപാടികളുടെ ഭാഗമായി
പ്രമുഖ സാഹിത്യകാരന്മാര്‍ അവിടെ സന്നിഹിതരാകുന്നുണ്ട്.
കവിയരങ്ങ്, ചൊല്ലിയ കവിതകളെക്കുറിച്ചുള്ള അഭിപ്രായപ്രകടനം,
വൈലോപ്പിള്ളിക്കവിതകളുടെ ആലാ‍പനം തുടങ്ങിയവ പരിപാടികളില്‍ ചിലത്.

പുസ്തകപ്രകാശനത്തിനു എല്ലാ സുഹൃത്തുക്കളുടെയും അനുഗ്രഹം അഭ്യര്‍ത്ഥിക്കുന്നു.
തദവസരത്തില്‍ അവിടെ സന്നിഹിതരാകുവാന്‍ സാഹചര്യമുള്ളവരുടെ സാന്നിദ്ധ്യവും.

സ്നേഹ പൂര്‍വ്വം
ഷാജി നായരമ്പലം

Thursday, April 22, 2010

ശ്രീകോവില്‍

ഓടത്തണ്ടിലുണര്‍ന്നിടുന്ന കവിതേ
കാതോര്‍ക്ക കാറ്റിന്‍ സ്വനം
തേടിത്തേടിയലഞ്ഞു ചെല്ലുക
പഴേ വത്മീക മന്ത്രങ്ങളില്‍
പാടിക്കൂട്ടിയ പട്ടുനൂലിഴകളാല്‍-
ത്തുന്നിച്ച വസ്ത്രാഞ്ചലം
ചൂടി,ത്തേടിയ കാവ്യകന്യ
നടനം ചെയ്യുന്ന രംഗങ്ങളില്‍

കാലം മുമ്പിലെറിഞ്ഞുതന്ന കനക-
ച്ചെപ്പിന്നകത്തിപ്പൊഴും
ഓലുന്നുണ്ടഴകാര്‍ന്നുതിര്‍ന്ന കവി തന്‍
കണ്ണീര്‍ക്കണചിന്തുകള്‍
സ്ഥൂലം ജീവിത നാടകക്കളരിയും
സൂക്ഷ്മാംശ ഭാവങ്ങളും
കാലത്തിന്‍ തിരശ്ശീലയാം കവിതയില്‍-
ക്കാണിച്ച കാല്‍പ്പാടുകള്‍

കാണും ദര്‍ശന ശുക്തികള്‍ തെളിമയോ-
ടെന്നും തുടച്ചീടുകില്‍
ചേണാര്‍ന്നുണ്മയുണര്‍ത്തിടാന്‍ തരമെഴും
കാവ്യപ്രകാശം ചിരം
മണ്ണും പെണ്ണുമണച്ചിടും പ്രണയവും,
കത്തുന്ന കാലുഷ്യവും
മണ്ണില്‍ക്കത്തിയമര്‍ന്നു പോയ കനിവിന്‍
കാലൊച്ചയും കേട്ടിടാം

ഈ ലോകത്തിനു കീഴിലുള്ള സകലം
കാലച്ചുവര്‍ച്ചിത്രമായ്
ചേലില്‍ച്ചേര്‍ത്തു വരച്ചു വച്ചു കവികള്‍
സൌവര്‍ണ്ണ മുദ്രാങ്കിതം
കാലത്തിന്റെയിടര്‍ച്ചയോ? കവികുലം
നാട്ടില്‍പ്പെരുക്കുന്നതിന്‍
കോലം തുള്ളിയറഞ്ഞുറഞ്ഞു പലതും
പേയായ് പ്പുലമ്പുന്നിതാ !

ആരോ കൊട്ടിയടച്ചുവോ? കവിതതന്‍-
ശ്രീകോവിലും കാവലായ്
ചാരേ ചെന്നു, ചെരാ‍തുമായ് പ്രഭ ചൊരി-
ഞ്ഞോര്‍ തന്റെ വായ്ത്താരിയും
നേരാണോര്‍ക്കുക! കോവിലില്‍ നിറമൊടേ
കത്തുന്ന കാന്തിപ്രഭാ -
പൂരം കണ്ണിലുണര്‍ത്തിടുന്നതുലമാം
ഭാവം മറഞ്ഞീടുമോ?

മായും മുറ്റിയ നവ്യകാല കവിതാ
പ്രേമം സ്വയം, തീര്‍ച്ചയാ-
ണായുസ്സറ്റതു വീണിടും കവനമീ-
മട്ടില്‍ച്ചുരുങ്ങീടുകില്‍
മായാസൃഷ്ടമതീവ ജീര്‍ണ്ണകലുഷം
കാലപ്രയാണത്തിലും
മായില്ലീഭുവി ഭാവപൂര്‍ണ്ണത തരും
കാവ്യങ്ങളാം ചിത്തുകള്‍ !