Sunday, December 20, 2015

വി എസ്*

വി എസ്*

“നേരേ പടിഞ്ഞാറു വിൺപരപ്പിൽ
ചോരച്ചുവപ്പും പൊലിഞ്ഞൊടുങ്ങി-“
കേരളത്തിന്റെ മുഖപ്പിലിന്നും
നേരിൻ വെളിച്ചം തളിക്കുവാനായ്
ഏകനക്ഷത്രത്തിളക്കമാകും
വി എസ് തുറക്കുന്നു ബാല്യ പർവ്വം!
കാരണമെന്ത് നിരീശ്വരനായ്
തീരുവാനങ്ങെന്ന ചോദ്യചിഹ്നം
നേരാണയച്ചൊരാൾ വർത്തമാന-
പ്പോരിന്റെ നാരായമുന്തുകാരൻ.
കണ്ണീരു വറ്റിക്കരിഞ്ഞുണങ്ങി-
പ്പിന്നിട്ട നാളിൻ കറുത്ത ചിത്രം
മെല്ലെ മനസ്സിന്നളുക്കഴിച്ച്
അല്ലൽ മേലാപ്പിൽ വരച്ചിടുന്നു,
എണ്ണിയാൽത്തീരാത്ത നോവുനൌക
തന്നെയെത്തിച്ചയാഴിപ്പരപ്പിൽ
കർമ്മ കാണ്ഡത്തിങ്ങറ്റമെത്തേ
വന്നാ വഴിത്താര നോക്കിടുന്നൂ.
“അമ്മയെക്കാണാതെ രണ്ടു നാളായ്
എന്മനം നൊന്തു ഞാൻ കേണു വീഴേ,
പാരമിരുൾക്കയം മുങ്ങി നിൽക്കും
നേരു മായ്ക്കാനച്ഛനന്നു ചൊല്ലി-
നാളെ വെളുക്കട്ടെ; യായിരുട്ടിൻ
കോന്തലയിൽത്തന്റെ കൺ മറച്ചോ?
മാഴ്കൊല്ല നിന്നെ ഞാൻ കൊണ്ടു പോകാം
താഴെ വയൽ വക്കിലമ്മയുണ്ട്”
പിറ്റേന്നു നേരം പുലർന്നപാടേ
ഒറ്റയ്ക്കു ഞാൻ പാഞ്ഞു പാടമെത്തി
അറ്റത്തു ദൂരെ വരമ്പിലുള്ളാ
ചെറ്റയ്ക്കു കീഴിലെന്നമ്മയുണ്ട്.....
പെട്ടെന്നു പിന്നിലെൻ തോളിലായി-
ട്ടച്ഛനാശ്ലേഷിച്ചു; ഗദ്ഗദത്താൽ
കണ്ഠം വിറച്ചും കരഞ്ഞുകൊണ്ടും
എന്നെത്തടുത്തങ്ങു പോയിടാതെ…
അമ്മയ്ക്കു ദീനം വസൂരിയത്രെ,
അങ്ങോട്ടിതാരുമടുത്തുകൂട
വന്നാട്ടെ, ദീനം പതം വരുമ്പോൾ
നിന്നെ ഞാനങ്ങോട്ടു കൊണ്ടു പോകാം…
അഞ്ചാറു നാളുകൾ വീണു പോയി
നെഞ്ചിൽക്കെടാത്തീകൊളുത്തി;യങ്ങേ-
പ്പാടത്തു രാത്രിയിൽ കൂര കത്തി**
കൂടെയെന്നമ്മയും വെന്തെരിഞ്ഞു…
ഏറെഞാൻ കേണു വിളിച്ച ദൈവം
നേരേ വരാതേ മറഞ്ഞു നിന്നൂ
ആരു വിതച്ചു? മുളപ്പു പൊട്ടി-
ച്ചാരു കൊയ്തിട്ടു കളം മെതിച്ചൂ?
ആരെ ഞാൻ കൂപ്പണം? കണ്ണു പൊത്തി-
ക്രൂരം വിധിയ്ക്കും നിയന്ത്രിതാവിൻ
രീതികൾ രൂപഭാവങ്ങളെന്തോ
ഈ വിധം ലോകം മുടിച്ചിടുന്നു?“
പിന്നെപ്പടിഞ്ഞാറു താണു പോകും
ചെങ്കൽച്ചുവപ്പിന്റെ കാന്തിപൂരം
കണ്ണെടുക്കാതുറ്റു നോക്കി നിന്നും
മെല്ലെയുരയ്ക്കുന്ന പോലെ തോന്നി
“ കാരുണ്യമാണെന്റെ ദൈവരൂപം
നേരറ്റലോകത്തിനേകലേപം”
…………………………………………………………….
* ഫേസ് ബുക്കിൽക്കണ്ട ഒരു കുറിപ്പാണീ കവിതയ്ക്കാധാരം
**അക്കാലത്തുവസൂരിപിടിപെട്ടവരെ ഇത്തരം കുടുലുകൾ കെട്ടി മാറ്റിത്താമസിപ്പിക്കുമായിരുന്നു. രോഗം ജീവനെടുത്തുകഴിയുമ്പോൾ
താമസിപ്പിച്ച കൂര തന്നെ ചിതയാക്കി മാറ്റും…
വി എസിനു നാലു വയസ്സുള്ളപ്പോൾ അമ്മയും 11 വയസ്സിൽ അച്ഛനും നഷ്ടമായി