Friday, April 12, 2013

എന്തു പാടിടാൻ?


എവിടെയെൻ വിഷുപക്ഷി?
പാടുവാൻ മറന്നുവോ,
ചകിതമായ് പതം പെയ്തു
കൂകലും തളർന്നുവോ?

ആറ്റുനോറ്റിവൾ പെറ്റ
കുഞ്ഞിനെ, കുരുത്ത വെൺ-
മാറ്റെഴും തൂവൽ തീർത്തു
മുറ്റിടുന്നതിൻ മുമ്പേ,
രാത്രിയിൽ കൊതിക്കണ്ണിൻ-
ചോപ്പുമായടുത്തെത്തി
കൊത്തിയും കൊറിച്ചു, രാ-
പ്പക്ഷികൾ കടന്നുപോൽ...

കണ്ണിമയണയ്ക്കാതെ
കാത്തതാണവൾ, രാത്രി
വന്നിടും വിഷം മുറ്റും
സർപ്പസഞ്ചയങ്ങളെ.
അമ്പിളിക്കലത്തെല്ലും
മീന്നിടുമുഡുക്കളും
അന്നുപോയ് മറഞ്ഞ-
ന്ധകാരമെൻ കൺമൂടിയോ?
ദുർബ്ബലമിലത്തല്ലൽ
പോലുമെൻ മനസ്സിന്റെ
യുൾത്തളങ്ങളിൽ തട്ടി
ഞെട്ടി ഞാനെണീറ്റിടും;
കേട്ടാതില്ലെന്നോ കുഞ്ഞു-
പ്രാണനെക്കുടഞ്ഞിട്ടു
കൊത്തവേ വിലാപമായ്
രാത്രി കേണതിൻ സ്വനം?

എന്തു പാടുവാൻ ? വിഷു-
പ്പക്ഷി ഞാൻ, വിഷാദത്തിൻ
ചിന്തിതോ? നിരാലംബം
നിന്നിമേഷമായ് നോക്കി -
ച്ചക്രവാളത്തിൽ വിഷു-
സംക്രമമൊരുങ്ങവേ-
യഭ്രപാളിയിൽ വെള്ളി
കീറിയിങ്ങിറങ്ങവേ,
നൊന്തു പാടിടാം: "ഉറ്റു-
നോക്കണേ,യെൻകുഞ്ഞിനെ
സന്തതം, മഹാഭോഗ-
ഭക്ഷണത്തിനാക്കൊലാ"