Wednesday, September 30, 2015

തെരുവു നായ്ക്കൾ

തെരുവു നായ്ക്കൾ
കൊന്നൊടുക്കുന്നൂ തെരു-
നായ്ക്കളെ; വിഷം തേച്ച
അമ്പുകൾ കുരയ്ക്കുന്ന
വായിലേക്കെയ്തും , പിന്നെ
കമ്പിയിൽ കുരുക്കിട്ടു
തൂക്കിലേറ്റിയും മഹത്-
കർമ്മമായ് സമൂഹത്തിൻ
രക്ഷിതാക്കളായ് വെൽവോർ.
സഞ്ചിതം മഹാധർമ്മ-
ഭാരവും വഹിച്ചിവർ
കൊന്നൊടുക്കുവാൻ പോന്നു
നായ്ക്കളെ മഹാ ഭാഗ്യം.
കണ്ണിലായ് കാരുണ്യത്തിൻ
കച്ചകെട്ടിയോർ നിജം
നെഞ്ഞിലെക്കാരുണ്യത്തിൽ
ചെന്നിണം ചാലിക്കയാം.
ഇന്നലെയാഫീസിന്റെ
താഴെയായ് വരാന്തയിൽ
കണ്ടു ഞാൻ മഹാവൃദ്ധ,-
നാവതില്ലിരിക്കുന്നു;
നേരമേറെയായെന്തു
നേടുവാനാമോ? കർമ്മ-
ഭാരമീ മട്ടിൽ വന്നു -
തേടുവാനെന്തോ കഥ!
കാരണം തിരക്കി ഞാൻ
പ്യൂൺ വശം, “മെയിന്റനൻസ്
വാങ്ങുവാനപേക്ഷയായ്
വന്നതാണു പോലച്ഛൻ“
മക്കളഞ്ചാറുണ്ടവർ
ആയകാലത്തേ സ്വന്തം
വസ്തുവൊക്കെയും ഇഷ്ട-
ദാനമായ് വശത്താക്കി.
അമ്മ കണ്ണടടച്ചിപ്പോ-
ളേകനാണൊരാശ്രയം
കയ്യിലെപ്പഴേ കാലൻ
കുടമാത്രമാണത്രേ.
“ആവതില്ലാഫീസറെ
ക്കാണണം; സ്റ്റെയർ കേസിൽ-
ക്കേറി മോളിലെത്തണം;
കാൽ വിറക്കുന്നൂ മോനേ…”
ഞാൻ വിറക്കുന്നോ? ആറ്
മക്കളെ മുളപ്പിച്ചു
വേരുറക്കുവോളവും
കാത്തകൈ കുടഞ്ഞിട്ടാ-
പേയ് പിടിച്ച മക്കളെ
നാടുകൊല്ലുമോ? നീളെ –
ത്തേടുകയിവർ കാണും
നായ്ക്കളെ വിട്ടേയ്ക്കുക!
---------------------------------------------------------------------------------
നാളെ വൃദ്ധദിനമത്രേ! അവർക്കുവേണ്ടി സമർപ്പിക്കുന്നു ഈ കവിത

7 comments:

Cv Thankappan said...

കവിത ഹൃദയസ്പര്‍ശിയായിരിക്കുന്നു.
ആശംസകള്‍ ഷാജി സാര്‍

ഷാജി നായരമ്പലം said...

വിലമതിച്ചതിനു നന്ദി സാർ

ajith said...

വാര്‍ദ്ധകം എല്ലാവര്‍ക്കും സമാധാനപൂര്‍ണ്ണമായെങ്കില്‍!

കവിത വളരെ നന്നായിരിക്കുന്നു, ദുഃഖകരമായ സത്യങ്ങളെങ്കിലും

Kalavallabhan said...

"മഹാവൃദ്ധ,-
നാവതില്ലിരിക്കുന്നു"
ഇതെന്തു പറ്റി ?
വാർത്തകളൊക്കെ കവിതയിലാക്കി അല്ലേ ?
ആശംസകൾ

ഷാജി നായരമ്പലം said...

നന്ദി കുറിപ്പുകൾക്ക്. ഇതു വാർത്തയല്ല കലാവല്ലഭവൻ. കവിതയിൽ പരാമർശിക്കും പോലെ എന്റെ അനുഭവമാണു്....!

പി. വിജയകുമാർ said...

കാലത്തിന്റെയിരുണ്ട മുഖം പേടിപ്പെടുത്തുന്നതാണ്‌.
കവിത നന്നായി.

Anonymous said...

Play Baccarat Online Free (Demo) - CasinoCasino.com
Free Online 바카라 Baccarat Game: Baccarat Wheel · Baccarat Scatter febcasino - Baccarat Game: Baccarat Hold 'Em - Baccarat Scatter · Baccarat deccasino Scatter - Baccarat