Thursday, May 3, 2012

കാണാക്കിണര്‍

കാണാക്കിണര്‍

വറ്റിടാ,ത്തോരു മുറ്റിടും ദിക്കിലാ-
ണച്ഛ,നന്നാക്കിണര്‍ കുത്തിവച്ചതും,
ചുറ്റിലും ഭിത്തിക്കെട്ടിപ്പടുത്തതില്‍
ചെറ്റു ചാന്തു തേച്ചൊക്കെ മിനുക്കിയും,
കപ്പി കെട്ടിക്കയറിട്ടു പാളയും -
കുത്തി കുമ്പിളില്‍ വെള്ളം വലിച്ചതും,
വേലികെട്ടിത്തിരിക്കാത്ത വീടിന്റെ
നാലു ദിക്കില്‍ നിന്നാളുകള്‍ വന്നതും
അച്ഛനോര്‍ക്കുന്നു, കത്തിടും വേനലില്‍
സ്വച്ഛമായ് ജലം തന്നതാണാ കിണര്‍....

എങ്കിലും കാലചക്രത്തിരിച്ചിലില്‍
സങ്കടങ്ങളില്‍പ്പെട്ടുപോയക്കിണര്‍
ആള്‍മറയ്ക്കുള്ളിലാളടുക്കാതെയായ്
ഓളമില്ലാതുറഞ്ഞുപോയ് നീരിടം

'അച്ഛനൊറ്റക്കിരിക്കേണ്ട, ഞങ്ങളോ
ബുക്കു ചെയ്യുന്നു കാലേ, യഥാവിധി
പാര്‍ത്തിടാം; പാര്‍പ്പിടം, സുഖ സൗകര്യം
നോക്കുകില്‍ വൃദ്ധ ഗേഹം മനോഹരം.'

അങ്ങനെ വൃദ്ധ,രന്യരായ് രണ്ടുപേര്‍
മങ്ങി മായുന്ന കാലപ്പകര്‍ച്ചകള്‍....

പിന്നെയെന്നോ പകല്‍വെന്തു, നീരിനായ്
തല്ലുകൂടി പോല്‍ നാട്ടുകാ,രപ്പൊഴും
ചീര്‍ത്തു ജീര്‍ണ്ണം വിഴുപ്പും ചുമന്നു, വേ-
രറ്റുപോകാത്ത നീരും ചുരത്തിയും
കാത്തിരുപ്പുണ്ടു കാണാക്കിണര്‍, പുറം-
'പൊട്ട'യെങ്കിലും തണ്ണീര്‍ത്തടം ചിരം.

Sunday, April 29, 2012

വസന്ത മാലിക !

വസന്ത മാലിക !
********************


പുലരിക്കതിരേറ്റുണര്‍ന്നു വാനം
പുളകം പൂണ്ടുണരുന്നു ഫുല്ലജാലം
പുതുമഞ്ഞുമണിഞ്ഞു പുല്ലു പോലും
മൃദുലം മെത്തകള്‍തീര്‍ത്തു നില്‍പ്പു നീളേ!

കുയിലിന്‍ മൊഴി കൊച്ചു കൂട്ടുകാര്‍ വന്‍-
പ്രിയമോടേറ്റു പറഞ്ഞു നിന്ന മേളം
അളി വേണിക,ളീറനോടെ മന്ദം
കളഭം ചാര്‍ത്തി നടന്നു നീങ്ങിടുന്നു.

പുഴ,യോളമുണര്‍ന്നു താളമോടാര്‍-
ത്തൊഴുകും ഗീതമുയര്‍ന്നു കേള്‍പ്പുവെങ്ങും
കരയില്‍ത്തരുശാഖ മെല്ലെയാട്ടി-
ച്ചിരിതൂകും സഖിയാളെ നോക്കി നിന്നൂ.

ചെറുപയ്യുകള്‍ കൂട്ടുകൂടിയോടി-
ക്കറുകപ്പുല്‍ക്കൊടി തിന്നു നീങ്ങിടുന്നു
ഇടയില്‍ച്ചെറു കണ്ണിറുക്കി കൂകൂ-
രവമോടേ കുറുകും കപോത വൃന്ദം.

ഇതു നാള്‍ വഴി! മണ്മമറഞ്ഞു, കാല-
ച്യുതിയില്‍ക്കാഴ്ച്ചകള്‍ മങ്ങി മാഞ്ഞുവെന്നോ
വിഷമായ,മുടച്ചു വാ‍ര്‍ത്ത ലോക-
തൃഷകള്‍ കൊട്ടിയടച്ച ഭംഗി, ഭാഗ്യം.

Wednesday, April 25, 2012

കശാപ്പുകാരന്റെ മോക്ഷം

കശാപ്പുകാരന്റെ മോക്ഷം

"എളുപ്പമെന്താ മാര്‍ഗ്ഗം ഗുരുവേ,
ജഗത്പ്പിതാവിങ്കല്‍
ലയിച്ചു മോക്ഷം വരുവാന്‍, പാവന
പരാത്മ ചൈതന്യം ?
മഹത്വമെന്നും ചൊരിയും ശാശ്വത
വെളിച്ചമെങ്ങാണോ?
ഇഹത്തില്‍ വാരിയെടുക്കാന്‍ ജീവനി-
ലനന്ത സാന്ത്വനമായ്."
'
വിശിഷ്യശിഷ്യനിലീവിധ സംശയ-
മുരുത്തിരിഞ്ഞപ്പോള്‍
ചിരിച്ചു സദ് ഗുരു വദിച്ചു, " ചെല്ലുക,
കശാപ്പുകാരനൊരാള്‍
നിനക്കു സംശയ നിവൃത്തിയരുളാന്‍
കരുത്തനായവനാം"

ശരിക്കു സംശയമുദിച്ചു, ഗുരുവിന്‍
വിലക്ഷണം ശിക്ഷ
തിരസ്കരിച്ചി,ല്ലനുജ്ഞയാലേ-
യെടുത്തു നടകൊണ്ടാന്‍.
ഗൃഹത്തിലവിടെ,ക്കശാപ്പുകാരന്‍
കത്തു പണിചെയ് വൂ
വിളിച്ചു നോക്കേ, മറുപടി കേട്ടൂ
" കുറച്ചു കാത്താലും"

കശാപ്പുശാലക്കരികില്‍ രക്ത-
ക്കറപുരളും ഗേഹം
മടുത്തു വീണ്ടും വിളിച്ചു, മറുപടി
"കുറച്ചു കാത്താലും"

അകത്തെ വൃത്തിയിലുറച്ചൊരര്‍പ്പണ-
മുറച്ച കര്‍മ്മപഥം
മുറയ്ക്കു ചെയ്തും മുഴുവിച്ചുടനേ
ആഗതനായവനും.

"നിനക്കു പറയാനാമോ മോക്ഷദ-
മണച്ചിടും മാര്‍ഗ്ഗം?"

നമസ്കരിച്ചനവനുണര്‍ത്തി. "വെറുമൊരു
കശാപ്പുകാരന്‍ ഞാന്‍.
എനിക്കി,താദ്യവുമന്ത്യവു മിവിടം;
അകത്തിരിക്കുന്നൂ
സമസ്ത ലോകപ്പൊരുളാം മാമക
ജനിത്രി വയ്യാതേ.
വിരക്തിയില്ലാ,തെടുത്ത ജീവിത-
കടങ്ങള്‍ വീട്ടേണം,
അവര്‍ക്കു സാന്ത്വനമണച്ചിടേണം
അതെന്റെ മോക്ഷപഥം."

അതുല്യ സുന്ദര സത്യമനര്‍ഘം
പ്രകാശഗോപുരമായ്
അയാള്‍ക്കു ചുറ്റും കറുത്ത രക്ത-
ക്കറകളെ മായ്ക്കുന്നോ?

Wednesday, April 18, 2012

ഒരു വിഷുക്കാഴ്ച്ച

ഒരു വിഷുക്കാഴ്ച്ച

"മക്കളൊത്തൊരൊറ്റനാള്‍ കൂടുവാന്‍ പുലര്‍ച്ചെ ഞാന്‍
നാട്ടിലേക്കു പോകുന്നൂ ഈ വിഷുക്കാലം; പിന്നീ-
ടഞ്ചു നാള്‍ കഴിഞ്ഞെത്താം, പോയ് വരട്ടെയോ ചേട്ടാ?"


കണ്ണിലെ വിഷാദത്തില്‍ പുഞ്ചിരിപുതപ്പിച്ചും,
നെഞ്ഞിലെ നെരിപ്പോടിന്‍ തീക്കനല്‍ തണുപ്പിച്ചും,
ജീവിതം സ്വരുക്കൂട്ടിത്തന്ന മാറാപ്പില്‍ പൊതി-
ഞ്ഞീവിധം വൃഥാ യാത്ര പോകുവാന്‍ കൊതിച്ചയാള്‍!

അന്തിയായ് നേരം ഗ്രാമച്ചന്ത തന്‍ രവം, വീണ്ടും
സ്വന്തമാ നാടും , ഗ്രാമ വീഥിയും സഖാക്കളും
പണ്ടു താന്‍ പണിപ്പെട്ടു കെട്ടി ഞാത്തിയാ കൂടും
കണ്ടുപോകുവാന്‍ വന്നൂ, കാത്തിരിക്കുവാനാരോ?

മക്കള്‍ മൂന്നു പേരുണ്ട്, അച്ചനെ യഥാകാല-
ത്താക്കി പോലനാഥനായ് പ്പാര്‍ക്കുവന്‍ പലര്‍ക്കൊപ്പം.
വിറ്റുപോയവര്‍ വീടും, ആറടിമണ്ണും - പണ്ടേ
കെട്ടു പോയതന്‍ വിളക്കന്ത്യനിദ്രയാണ്ടിടം.

സന്ധ്യ മന്ദമായ് മുങ്ങി, പാരിലെ പ്രകാശത്തിന്‍
ചിന്തുമായുഡുക്കളും പാളി നോക്കുവന്‍ പൊങ്ങി
പിന്നിലായ് ക്കുഴിച്ചിട്ട മുഗ് ദമോര്‍മ്മകള്‍ തുറ-
ന്നെണ്ണിനോക്കുവാന്‍ തുനിഞ്ഞില്ലയാള്‍, ശരിക്കിനി
നിദ്ര പൂകണം വഴിത്തൂണുകള്‍ തെളിക്കുന്ന
പാതയോരത്തെക്കടത്തിണ്ണയില്‍ക്കിടക്കണം.

Thursday, April 5, 2012

പച്ചത്തുള്ളന്‍

പച്ചത്തുള്ളന്‍

മുറ്റത്തു തുള്ളിച്ചാടി-
യെത്തിടും പച്ചത്തുള്ള-
നെപ്പൊഴാണാവോ-
നിന്റെ മുഷ്ടിയില്‍ത്തടങ്കലായ്?

പെട്ടുപോയതിന്‍ ഭയ-
പ്പാടിലും ചെറുത്തവന്‍
ഞൊട്ടിയും കുതിച്ചൊഴി- 
ഞ്ഞൊട്ടുമാറുവാന്‍ നോക്കി

പ്രാണനെപ്പിടിച്ചൊഴി-
ഞ്ഞോടുവാന്‍ കുതിക്കുമ-
പ്രാണിതന്‍ പിടച്ചിലി-
ന്നിക്കിളി പെരുക്കവേ,
മുഷ്ടിയും മുറുക്കിയാ
കണ്ണിലോ കാരുണ്യത്തി -
ന്നിത്തിരിപ്പോലും വെട്ട-
മേറ്റിടാതവന്‍ ചൊന്നു, -

"ചത്തുവോ, പച്ചത്തുള്ള-
നെന്റെ കൈക്കുള്ളില്‍? പറ-
ഞ്ഞൊക്കുകില്‍ നിനക്കു ഞാന്‍
വാതു നല്‍കിടാ,മെന്തും !"

ഉള്ളിലായുറങ്ങുന്ന
കൊല്ലലിന്നാവേശമാ-
ക്കണ്ണിലെത്തിളക്കത്തില്‍-
ക്കണ്ടു ഞാന്‍ നടുങ്ങിയും,
വാതുറപ്പിക്കും മുന്‍പേ-
യെത്രയും തിടുക്കത്തില്‍
ഓതി ഞാന്‍,  "പ്രാണിക്കില്ല
ജീവനോ, അനക്കമോ! "

ക്ഷിപ്രമാ ജയത്തിന്റെ
ഹുങ്കുമായവന്‍ തന്റെ
മുഷ്ടി വേര്‍പെടുത്തി,യ-
പ്രാണിയെപ്പറപ്പിക്കെ

ഓര്‍ത്തു ഞാനിടയ്ക്കൊക്കെ
നേരു കൊല്ലണം, വൃഥാ
വെട്ടുവാന്‍ വരും കാട്ടു-
പോത്തിനെക്കുടുക്കുവാന്‍!

Saturday, March 31, 2012

ചിന്താ ദശകം

ചിന്താ ദശകം
(ഗുരുവിന്റെ ശിവശതകം അദ്ദേഹം അനുഭവിച്ച ആത്മസംഘര്‍ഷത്തിന്റെ ബഹിര്‍സ്ഫുരണമാണു എന്നു കരുതാം. അതിനെ അവലംബിച്ച് കുറചിന്തകള്‍ മൃഗേന്ദ്ര മുഖം വൃത്തത്തില്‍....)


മനമിടതിങ്ങിവരുന്ന കാമ മോഹ-
ക്കനവുകളൊക്കെയടക്കി നാണു നാളില്‍
പ്രകൃതിയൊരുക്കിയ ചിത്ര ലോക ചിത്രം
കടയുവതിന്നു മുതിര്‍ന്നു  ചിന്ത ചെയ്തു

ധരയില്‍ ജനിച്ചതിനര്‍ത്ഥ വ്യാപ്തി തേടി
ത്തിരയുകയായ്ക്കര,യാഴി, നീന്തി നീന്തി
പകലിര,വാഴമഴിച്ചുഴന്നു ലോക-
ക്കടലി,ലഞ്ഞുഴലുന്ന പോലെ തോന്നി!

ചുരികയഴിച്ചു വിടര്‍ത്തി ജന്മ ബന്ധ-
ത്തടവറ തല്ലിയുടച്ചു വാര്‍ത്തിടുമ്പോള്‍
പ്രിയ സഖി,യമ്മ ,പിതാവു ബന്ധുവര്‍ഗ്ഗ-
പ്രിയരെയശേഷവുമോര്‍ത്തതില്ലയെന്നോ?

കടമകളോടു കടം പറഞ്ഞു കര്‍മ്മ-
ക്കടലുകള്‍ കണ്ടു കരുത്തു കാത്തുനിന്നോ,
കദനമൊഴിച്ചു, കടുത്ത ലോകധര്‍മ്മ-
ച്യുതിയെ ധരിച്ചു, തിരുത്തുവാന്‍ തുനിഞ്ഞോ?

തെരുതെരെ വന്നു കുമിഞ്ഞ ലൗകികത്തി-
ന്നിരനിര കണ്ടു ഭ്രമിച്ചു കൊത്തിടാതെ
കടുതര തൃഷ്ണയടക്കി മോഹ നാശ-
പ്പടവുകളഞ്ചുമടച്ചു കെട്ടി നിന്നോ?

ശിവനിലലിഞ്ഞു ശിവാംശമങ്കുരിക്കാ-
നവനി,യിതാലയമാക്കി മാറ്റിയെന്നോ,
അവികലമുള്ളിലുദിച്ചിടും ശിവത്തിന്‍
കുവലയവെണ്മ വിയത്തില്‍ മിന്നിനിന്നോ?

നിയതി സുനിശ്ചിത ചിത്തമീവിധത്തില്‍
നിയതമണച്ചു കൊടുത്തു വിട്ട ജന്മം
ഇവനി,ലലങ്കൃതമാക്കുവാന്‍ നിനച്ചോ,
നവ നവ ചിന്ത വിതച്ചു വിത്തുപാകാന്‍?

വിത വലുതായി വളര്‍ന്നു വന്നു, ജീര്‍ണ്ണം
വിടപി നിറഞ്ഞ വനങ്ങള്‍ തൂര്‍ന്നു നില്‍ക്കെ
അടിയിലുറച്ചടിവേരു തോണ്ടി നാളേ-
ക്കടി പതറാതടര്‍ ചെയ്തു നില്‍ക്ക വേണം

ഒടുവി,ലലഞ്ഞു തപിച്ചു കണ്‍തുറന്നി-
പ്പടഹമനാവൃതമാക്കി വച്ചു ഹൃത്തില്‍
പുകമറ മാറ്റി വിരിഞ്ഞ പൂര്‍വ്വദീപ്തി-
ത്തളിക തെളിഞ്ഞു തിളക്കമാര്‍ന്ന പോലെ!

ഇനിയിതു കാക്കുവതാരെ,യിജ്ജഗത്തില്‍-
ത്തനിയെ നടക്കുവതിന്നു കാര്യമില്ല
ജിനിമൃതിതമ്മിലനേകമില്ല ദൂരം
തുനിയുക! തേരു തെളിച്ചിടുന്നതിന്നായ്...


Wednesday, March 7, 2012

കേരളം വളരുന്നു!

കേരളം വളരുന്നു!

കേരളം വളരുന്നൂ, രൗദ്രമാം കാലത്തിന്റെ
വേരുകള്‍ നിലത്താഴ്ത്തി വന്യമായ് ദിനം പ്രതി!

പണ്ടൊരള്‍ മനോരമ്യം പാടിയും പുകഴ്ത്തിയും
ചെണ്ടുമല്ലികള്‍ ചൂടി സര്‍വ്വ ഭൂഷിതയാക്കി
കൊണ്ടുപോയ്  സ്വര്‍ഗ്ഗത്തിന്റെ കോവിലില്‍ പ്രതിഷ്ഠിക്കേ,
കണ്ടുനിന്നവര്‍ നമ്മള്‍ ധന്യരായ് വളര്‍ന്നതും
ഓര്‍ത്തുപോവുന്നൂ വീണ്ടും കേരളം വളര്‍ന്നുവോ,
ആര്‍ക്കുമേ ലഭിക്കാത്ത പ്രൗഢി പന്തലിച്ചുവോ?

ആശ്രമങ്ങളില്‍  മഹത് മന്ത്രണം ജനിച്ചതും
യാത്രികര്‍ യഥാകാലമിങ്ങു വന്നണഞ്ഞതും
ജാതിഭേദവും, മതദ്വേഷവുമകറ്റുവാ-
നോതിവേരുറപ്പിച്ച ഭാസുരപ്രദീപ്തികള്‍
നാടിന്റെ വ്രണങ്ങളില്‍ സ്നേഹനം തളിച്ചതും,
പാടിയും പറഞ്ഞുമാ ദര്‍ശനം പതിച്ചതും,
തൊട്ടുകൂടാത്തോര്‍, കണ്ണില്പ്പെട്ടുകൂടാത്തോരൊന്നായ്-
ക്കെട്ടിയ നവോന്മേഷക്കോട്ടകണ്ടുണര്‍ന്നതും,
നമ്മളന്നടങ്ങാത്ത വര്‍ഗ്ഗമുന്നേറ്റങ്ങളാല്‍
മുന്നിലെ വിഹായസ്സില്‍ പാടലം പതിച്ചതും!

എങ്കിലും  പുനര്‍ജ്ജനിക്കുന്നുവോ, മടുപ്പിക്കും
പര്‍ണ്ണശാലകള്‍ കാലം കാട്ടുമീ പകര്‍ച്ചകള്‍
ജീവനം, ധ്യാനം,ലോക മാതൃഭാവവും കെട്ടി
പൊയ്മുഖങ്ങളാടുന്നൂ കെട്ടുകാഴ്ച്ചകള്‍ കാട്ടി.
ദൈവമമ്പരക്കുന്നു, തന്റെ രൂപവും പേറി-
യാളുദൈവങ്ങള്‍ ഹന്ത! നാടുകീഴടക്കുന്നു!

ആരൊരാളിനിക്കയ്യില്‍ ചാട്ടവാറെടുക്കുമോ
നേരെയിക്കാപട്യത്തെ,ത്തച്ചുടച്ചൊടുക്കുമോ?