Sunday, June 2, 2013

പ്രവേശനോത്സവം


പ്രവേശനോത്സവം

തുള്ളിക്കൊരുകുടമായി വരുന്നൂ
വെള്ളിടിവെട്ടി വിരുന്നുമഴ!
ഉള്ളില്‍പ്പലപല കുതുകം പേറി-
പ്പിള്ളേര്‍ കലപില കൂട്ടിടവേ
പള്ളിക്കൂടമുണര്‍ന്നൂ, പുലരൊളി
മങ്ങിയിരുണ്ടുവരുന്നു മഴ!

കൊമ്പുകള്‍ കുഴല്‍ വിളി കേള്‍ക്കുന്നോ,
തമ്പേർ തുടി, തുകില്‍ കൊട്ടുന്നോ,
വന്‍പെഴുമാഴികള്‍ തീര്‍ക്കുന്നോ, മഴ
തുമ്പികണക്കു തിമിര്‍ക്കുന്നോ?
ഇന്നലെവരെ മൈതാനമുറങ്ങി-
ത്താണു കിടന്ന മണൽത്തരിയിൽ
മന്നിനെ മധുരപ്പൊന്നമൃതൂട്ടും
കുഞ്ഞിക്കാലടി മൃദുപതനം,
കിന്നാരങ്ങള്‍ക്കിടയില്‍ച്ചിതറിയ
തമ്മിലടി,പ്പല സുല്ലിടലും,
കേട്ടുകിടന്നു രസി,ച്ചവര്‍ വീണ്ടും
കെട്ടിയൊരുങ്ങി വരും വരവില്‍
ഞെട്ടിയുണര്‍ന്നു; തിമിര്‍ക്കാനീ മഴ
തട്ടിയുണര്‍ത്തി വരുന്നു മഴ!
സങ്കടമമ്മ മറയ്ക്കുന്നൂ,നറു-
നൊമ്പരമോടെ ചിരിക്കുന്നു
കുഞ്ഞിനു ചുംബനമേകുന്നൂ,വിട-
ചൊല്ലി മറഞ്ഞവള്‍ നില്‍ക്കുന്നു!
അമ്മമറഞ്ഞതു കണ്ടു കരഞ്ഞാ-
കുഞ്ഞു മുഖത്തൊളി മങ്ങി വരെ
പിന്നിൽ പിഞ്ചുമുഖം തടവുന്നൊരു
കൈവിരലോ പുതുസാന്ത്വനമായ്
നിര്‍മ്മല ഭാവന മൊട്ടിടുവാ,നതി-
വര്‍ണ മനോഹര പൂവിടരാന്‍
ഉത്സവ മേളമൊരുക്കുന്നൂ, മഴ-
യല്‍ഭുത,മായറിവായി മഴ!

7 comments:

Cv Thankappan said...

നന്നായിരിക്കുന്നു കവിത
ആശംസകള്‍

ajith said...

സ്കൂള്‍ തുറക്കുമ്പോള്‍ തുടങ്ങും പതിവില്ലാതെ ആ മഴ
എത്ര വട്ടം നനയിച്ചിരിയ്ക്കുന്നു

മനോഹരകവിത

Madhusudanan P.V. said...

മഴപോലെ പെയ്തിറങ്ങുന്ന കവിത മധുരം, മനോഹരം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...


പിഞ്ചുകുരുന്നുകളുടെ ഉല്‍സവ കവിത മനോഹരം

Kalavallabhan said...

"മഴയല്‍ഭുത,മായറിവായി മഴ"

സൗഗന്ധികം said...

മഴയായ് ഓർമ്മകൾ... നല്ല രസം,ഇങ്ങനെ 
നനയാൻ... നന്ദി..

ശുഭാശംസകൾ....

ഷാജി നായരമ്പലം said...

പ്രെവേശനോൽസവം കാണെനെത്തിയവർക്ക് നന്ദി