Friday, June 22, 2012

കൈരളി..!

കൈരളി..!


അക്ഷരഗംഗയിലല്‍പനാളാ,യെന്റെ
വാക്കുകള്‍ മുക്കിത്തുടച്ചിടുന്നൂ
അപ്രമാദം പൊറുത്തക്ഷരങ്ങള്‍ നാവി-
ലിറ്റു തേനിറ്റിച്ചു വീഴ്ത്തിയാരോ!
വാക്കുകള്‍ തെറ്റാ‍തെ നോക്കുന്നിടത്തൊക്കെ-
യൊത്തപോല്‍ ചേര്‍ത്തുറപ്പിച്ചു വയ്ക്കാന്‍
മുറ്റും കൃപാവരം തന്നു താന്‍ പോന്നതായ്
പെറ്റമ്മയെന്നെ വളര്‍ത്തിയെന്നോ!

ആദ്യാക്ഷരം ചേര്‍ത്തു കൈവിരല്‍ത്തുമ്പിലാ-
യാദ്യമായാരോ പകര്‍ന്നു തന്നൂ
അമ്മയെന്നക്ഷരപ്പൂവിന്റെ യാര്‍ദ്രമാ-
മുണ്മയെച്ചേലില്‍പ്പതിച്ചു വച്ചൂ
തേനും വയമ്പും പുരട്ടി പൊന്‍ തൂവലാ-
ലാനയിപ്പിച്ച പയോധി മുന്നില്‍
ജാലകക്കാഴ്ച്ചയായക്ഷരപ്പാല്‍ക്കടല്‍-
ത്താളമേളങ്ങള്‍ പടുത്തു തന്നൂ.

ഓമനത്തിങ്കള്‍ക്കിടാവും, മടുക്കാതെ
തേന്മധു തേടി നടന്ന വണ്ടും
ദ്യോവിലേക്കെന്തിനോ പൊങ്ങിപ്പറക്കുന്ന
പൂവും വരച്ച വരപ്രസാദം,
കോരിക്കുടിച്ചു ഞാനീസ്നിഗ്ദ്ധ തീരത്തു
തീരേ നിനച്ചിടാതെത്തി നില്‍ക്കേ,
പാരം നമിക്കുന്നു, കൈരളിക്കാകുന്ന
കാല്‍ച്ചിലമ്പിന്‍ ഝിലം തീര്‍ത്തിടാം ഞാന്‍!
--------------------------------------------------------------------------------
 (ജില്ലാ സാക്ഷരതാ  മിഷന്‍   നടത്തിയ 
ഒരു രചനാ മല്‍സരത്തില്‍ ഈ കവിതക്ക് ഒന്നാം സ്ഥാനം 
 നല്‍കിയ സന്തോഷം കൂടി പങ്കിടുന്നു )

11 comments:

ശ്രീജ പ്രശാന്ത് said...

ആശംസകള്‍...

ഞാന്‍ പുണ്യവാളന്‍ said...

ആഹാ അത് നന്നായി , വൈജയന്തിയിലെ ആദ്യ കവിത പോലെ ഹൃദം

Kalavallabhan said...

അനുമോദനങ്ങൾ
നല്ല കവിത
ഏതു ജില്ലയായിരുന്നു ?
എറണാകുളമായിരുന്നോ ?
ആണെങ്കിൽ ഇത്രപെട്ടെന്ന് ഫലം അറിഞ്ഞുവോ ? ഞാനും പങ്കെടുത്തിരുന്നു.

Manoraj said...

അഭിനന്ദനങ്ങള്‍ മാഷെ.. പുരസ്കാരലബ്ദിക്ക്..
ഒപ്പം നല്ല ഒരു കവിത വായിക്കുവാന്‍ നല്‍കിയതിനും..

ajith said...

അക്ഷരഗംഗയില്‍ നിന്ന് മുത്തുകള്‍ കൊണ്ടുവരൂ...ആശംസകള്‍

ഷാജി നായരമ്പലം said...

നന്ദി പ്രിയരെ, കുറിപ്പുകള്‍ക്ക് ...
എറണാകുളം തന്നെ കലാവല്ലഭന്‍.കൂടുതല്‍ സൃഷ്ടികളൊന്നും കിട്ടിക്കാണില്ല.
നാളെ എസ് ആര്‍ വി സ്കൂളില്‍ മൂന്നു മണിക്ക്
ആണ് ചടങ്ങ്. കവിത ചൊല്ലുവാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടുമുണ്ട്!!
ആ ആയുധമെടുക്കുവാന്‍ വല്ലഭന്‍ തന്നെ വേണം...വരുമോ?

T.U.ASOKAN said...

രണ്ടാമത്തെ വരി
‘വാക്കുകള്‍ മുങ്ങിത്തുടിച്ചിടുന്നു‘
എന്നല്ലേ വേണ്ടിയിരുന്നത്‌....

മൂന്നാമത്തെ വരിയില്‍
അപ്രമാദം(തെറ്റല്ലാത്തത്‌-ശരിയായത്‌)പൊറുത്തു
എന്നെഴുതാമോ...
ശരിയായത്‌ പൊറുക്കേണ്ട ആവശ്യമുണ്ടോ...
പ്രമാദമല്ലേ(തെറ്റ്‌) പോറുക്കേണ്ടതായുള്ളൂ....

ഷാജി നായരമ്പലം said...

ടി യു അശോകന്‍

"വാക്കുകള്‍ മുക്കിത്തുടച്ചിടുന്നു" എന്നു തന്നെയാണു ഞാനുദ്ദേശിച്ചതും എഴുതിയതും.
"മുങ്ങിത്തുടിച്ചിടുന്നു" എന്നു ഞാനെഴുതില്ല!

'അപ്രമാദം എന്നതുകൊണ്ട് 'ആ പ്രമാദം ' എന്നു തന്നെയാണുദ്ദേശിച്ചത്. പ്ര' ക്കു പിന്നില്‍ അ' ഗുരുവായി മാറുന്നതു കൊണ്ടാണു ദീര്‍ഘിപ്പിക്കാതിരുന്നത്. തെറ്റിദ്ധരിപ്പിക്കുന്നെവെങ്കില്‍ തിരുത്തിയേക്കാം.

നന്ദി അഭിപ്രായക്കുറിപ്പുകള്‍ക്ക്

Kalavallabhan said...

വാർത്തകൾ വായിച്ച്‌ സായൂജ്യമടയുന്നു.
താങ്കളെപ്പോലെ നാട്ടിൽ കഴിയാനുള്ള യോഗമില്ലാത്തവനാണ്‌.
നന്നായിട്ട്‌ ചൊല്ലുവാൻ കഴിയുന്ന കവിതയാണ്‌, ഞാനുണ്ടായിരുന്നെങ്കിൽ ഇതു തന്നെ ചൊല്ലുമായിരുന്നു.

ഷാജി നായരമ്പലം said...

എങ്കില്‍ വല്ലഭാ, ഇതു ചൊല്ലിയെനിക്കയച്ചു തരുമോ?

Kalavallabhan said...

പ്രതീക്ഷിക്കുക ...