Monday, January 14, 2013

ശിക്ഷ

ശിക്ഷ

കേട്ടുവോ കഥാകാരി
       ജാനകി യൊരുക്കിയ
തുഷ്ടി നൽകുമാക്കഥ? *
       തീർത്തുമേ  നൊസ്റ്റാൾജിയ!

മാതൃഭാഷയെപ്പുറം -
     കാലിനാൽത്തൊഴിക്കുന്ന
പാതകം സ്ഥിരം സമ-
     കാലത്തിൽ കുരിപ്പുപോൽ
തിങ്ങിനിൽക്കവേ, തന്റെ
     തൂലികത്തുമ്പാൽക്കിള-
ച്ചുള്ളിലാനന്ദം തരും
     വാക്കുകൾ വിതച്ചിവൾ.

ചാരെ നിർത്തുവാൻ സ്വന്ത-
     ഭാഷയിൽച്ചിലർക്കൊക്കെ
നീരസം ഭവിച്ചുപോയ്;
    ഭാവഭദ്രമായതിൻ
വേരുകൾ വലിച്ചൂരി
    ജാനകി കഥാകാരി
ആരെയോ അടിക്കുന്നു-
    ണ്ടർഹമായതാം ശിക്ഷ!

പിച്ച വച്ചതിന്മുമ്പേ
     കുഞ്ഞിനാംഗലേയത്തിൽ
ശിക്ഷനൽകുവാ-
     നച്ഛനമ്മമാർ ശഠിക്കവേ,
അമ്മ,യമ്മിഞ്ഞപ്പാലാം
     മാതൃഭാഷയെത്തഴ-
ഞ്ഞുള്ളിലെയുഡുക്കളെ-
     പ്പാഴ്നിലത്തൊടുക്കവേ,
സമ്മതം ചോദിച്ചുവോ?
    ശിക്ഷയേകപക്ഷമായ്
നൽകുവാൻ? കഥാശേഷം
    മുന്നിലെത്തിയാ ചോദ്യം.

ജാനകി കഥാകാരി
     നോക്കിനിൽക്കവേ, നേരെ
ഞാൺ വലിച്ചടുക്കുന്നു
     കുഞ്ഞു ജാനകിക്കുട്ടി!

"എന്റെയീ ഞരമ്പിലെ
     പൈതൃകം പതിപ്പിച്ച
'സൈനുകൾ'** മനപ്പൂർവ്വം
      തേച്ചു മാച്ചുവോ അമ്മ?"

-------------------------------------------------------------------------------
* എന്റെ നാട്ടുകാരിയായ കഥകാരി ജാനകിയുടെ
"അമ്മൂന്റെ കുട്ടി" എന്ന ബ്ലോഗിലീക്കഥ വായിക്കണം.

** ഒപ്പുക    . ഇതു ജാനകിയുടെ സ്വന്തം പ്രയോഗമാണു്.