Saturday, March 23, 2013

വെട്ടം ഞാന്‍ പകരം തരാം

വെട്ടം ഞാന്‍ പകരം തരാം...!

എന്തേ മുല്ല മുരണ്ടു പോയി? ചെറുതേന്‍-
             മാവിന്നു മുറ്റത്തിതാ
പൂന്തൊത്തൊന്നു വിടര്‍ത്തിടാതെ വെറുതേ
            നില്‍പ്പൂ നിരുന്മേഷമായ്.
സ്വന്തം വന്ധ്യത തീര്‍ത്തതോ, സ്വയമറി-
            ഞ്ഞേറും മഹാമൌഢ്യമോ?
ഭ്രാന്തന്‍ മാനവ,നന്ത്യകാലവിധിയും
            കാത്തിന്നിരിപ്പൂ സദാ.

ചെന്തീ തുപ്പിയടുത്തിടുന്നു, കഠിനം
            കാലന്ത്യ മേഘങ്ങളുള്‍-
സ്പന്ദം കൂടിന ഭൂമിതന്‍ തനുവിലെത്തീ-
            വേര്‍പ്പുണര്‍ത്തീടവേ.
മുങ്ങിത്താണു നശിച്ചിടും കൊടിയതാം
            ഗര്‍വ്വിന്റെ വന്‍ കോട്ടകള്‍,
ദുര്‍മ്മേദസ്സു നിറച്ചിതിന്നനുദിനം
             പൊങ്ങും മഹാമേടകള്‍.

കഷ്ടം ഭൂമി തിളച്ചിടും; പുലരിയോ,
             മഞ്ഞോ, മഴത്തുള്ളിയോ-
യെത്താതിപ്പകല്‍ വെന്തിടും , മറുപുറം
             തോരാതെ പെയ്യും മഴ.
വിത്തും, വെള്ളമുറഞ്ഞുപോയ മണലും
             കാറ്റില്‍പ്പറപ്പിച്ചു ഭൂ-
തീര്‍ത്തും വന്‍ ചുടുകാ‍ടുപോലെ കനലിന്‍
             നീറ്റില്‍ക്കുഴഞ്ഞാളിടും.

കണ്ണും കാതുമടച്ചിടേണ്ട, കരിമേ-
            ഘങ്ങള്‍ വിഴുങ്ങീടുമീ-
മണ്ണും വിണ്ണുമകത്തൊളിച്ച ചപലം
             നിന്‍ സ്വാര്‍ത്ഥമോഹങ്ങളും
കണ്ണീര്‍ക്കാഴ്ച്ചകള്‍ തീര്‍ത്തിടും, ധരനിറ-
             ഞ്ഞാര്‍ക്കും മദോന്മത്തതേ-
യെണ്ണൂ മര്‍ത്ത്യനു പാപശാപമരുളാ-
              നെത്തും വരുംനാളുകള്‍.

കെട്ടിത്തൂക്കിയ ദീപനാളമഖിലം
            തല്ലിക്കെടുത്തീടുകീ-
മെത്തും താപമയഞ്ഞിടട്ടെ, നിറയെ-
            ക്കാണട്ടെ വെണ്‍ചന്ദ്രിക,
വെട്ടം ഞാന്‍ പകരം തരാം കുളിരണി-
            ഞ്ഞെത്തും പ്രഭാതങ്ങളാല്‍
സ്വസ്തം നാളെ,യണിഞ്ഞൊരുങ്ങി ധരതന്‍
             സ്വത്തം സ്ഥിരം തന്നിടാം.

Wednesday, March 13, 2013

തനതു താളങ്ങൾ

തനതു താളങ്ങൾ

മുടിയഴിച്ചാടുന്ന തെങ്ങിൻ തലപ്പിൽ
തുടി,താളമോടെ കളിക്കുന്ന കാറ്റേ
കഠിനമാക്കുന്നിന്റെയപ്പുറം  നിന്നോ
ചടുല വേഗത്തിൽ പറന്നു നീയെത്തി?

അകലെയാ നീരദക്കുന്നിൻ പരപ്പിൽ
മുകിലുകൾ പട്ടം പറപ്പിച്ചു നിൽപ്പൂ,
ഗഗനമാർഗ്ഗത്തിൽ വരച്ചിടും ചിത്ര-
പ്പണികൾ ഹാ! ചേലൊത്ത  കാഴ്ച്ചയണെല്ലാം.

ഞൊറികളിൽത്തട്ടിത്തിളങ്ങും മയൂഖ-
ക്കണികകൾ കണ്ണിൽത്തറക്കുന്ന മട്ടിൽ
കളകളം പാടുമച്ചോലയോ, ചേലിൽ
പുളകമായ്  പൊട്ടിത്തരിക്കുന്നു കല്ലിൽ.
മലകളിൽ കാണാപ്പുറങ്ങളിൽ നിന്നും
പുഴകളെത്തേടിത്തിരിക്കുന്നു നീർച്ചാൽ
വിരഹമോ? കണ്ണീരുതിർക്കുന്നു; കുന്നിൻ
നെറുകയിൽ കത്തിത്തിളക്കുന്ന സൂര്യൻ.

ഇടവിടാതേതോ മരപ്പൊത്തിൽ നിന്നും
മധുരമായ്കൂകൂ രവം മുഴങ്ങുന്നൂ
കുതുകമോടേറെക്കിളിക്കൂട്ടമെങ്ങോ
ശ്രുതിതാളമേളം തിമിർക്കുന്നു, കേട്ടോ?

ലതനികുഞ്ജങ്ങൾ മലർക്കുമ്പിൾ കാട്ടി
ഋതുവസന്തർത്തുവെക്കോർത്തൊരുക്കുന്നൂ
മടുമലർതേടിപ്പറന്നു പൂന്തൊത്തിൽ
പ്പുതയുന്നു ഭൃംഗം , പതംഗങ്ങൾ വേറെ!

പുലരി, പൂഞ്ചായം, ദിനാന്തം, ത്രിസന്ധ്യ
മഴമുകിൽ വാനിൽപ്പതിക്കുന്ന ചിത്രം,
തെളിനിലാത്താലം പിടിക്കുന്ന തിങ്കൾ
ഒരു തടില്ലതയാൽത്തിളങ്ങുന്ന രാവും
പറയുകിൽത്തീരാത്ത തനതു താളങ്ങൾ
കരുതലോടാരോ തൊടുക്കുന്നിതെന്നും
പ്രിയതരം ചിത്രങ്ങൾ കാത്തു വച്ചീടാൻ
പ്രകൃതിതൻ ചിത്തം കെടുത്തൊല്ല നമ്മൾ.