Saturday, December 15, 2012

കാതും കൊട്ടിയടച്ചൊരു പെൺകുട്ടി


കാതും കൊട്ടിയടച്ചൊരു

പെൺകുട്ടി

ഏതൊരു തിരക്കിലും കണ്ടിടാമിവൾ, ബസ്സിൽ-
ക്കാതുകളട,ച്ചിയർ ഫോണുമായിരുന്നിടും .
ഭാവ,മെപ്പൊഴും തനി ജീനിയസ് , ജനിച്ചതേ
കാതടച്ചിരിക്കുവാ,നെന്നു തോന്നിടും വണ്ണം
കേൾവിയിൽ മുഴങ്ങുന്ന ഗാനവീചിയിൽ  മറ-
ന്നേതുമേ ശ്രവിക്കാതെ കാതടച്ചിരുപ്പവൾ!

ചാരെ നില്പവർ വെറും തൃണങ്ങൾ, സമൂഹത്തെ
നീരസം സ്വരൂപിച്ചു കാണുവാൻ പഠിച്ചവൾ,
ചുറ്റുമായ് ത്തുടിക്കുന്ന ജീവ താളങ്ങൾ, തനി-
ക്കാഴ്ച്ചകൾ, സഹജീവ ദുഃഖ സാഗരങ്ങളും
ഒട്ടുമേ മനം നൊന്തു തൊട്ടു നോക്കീടാത്തവൾ;
ഒച്ച വച്ചിടും പച്ച ജീവ യഥാർത്ഥ്യങ്ങളെ
കേട്ടു കാണുമോ ആവോ? കേൾവിയിൽ നിന്നൊക്കയും
വിട്ടു നിൽക്കുവാൻ  വശം വന്നുപോയവൾ സദാ.

മറ്റൊരു മണിപ്പൂരി പെൺകൊടി, മനോഹരി
കത്തിയ കെടാവിളക്കുന്മിഷിത് നാരീമുഖം.
മെത്തിന തപം ചെയ്തു ദീപ്തി,യുജ്ജ്വലിപ്പിച്ചു
നില്പു ശർമ്മിളാ ചാനു, അപ്രമേയമാം സത്യം.

പാരിലെ വെളിച്ചത്തെ കാത്തുവച്ചിടാൻ ചിലർ
ജീവിതം ജ്വലിപ്പിച്ചു ചൂട്ടുകറ്റയായ് നീറ്റും
കത്തുമാക്കനൽച്ചീളിന്നിറ്റു വെട്ടമോ പൊങ്ങി,
മുറ്റിടു,ന്നിരുൾക്കെട്ടിൻ തേരു തച്ചുടയ്ക്കുന്നു

കേട്ടു കാണുമോ പ്രിയ ശർമ്മിളേ, നിന്നെക്കുറി,-
ച്ചെപ്പൊഴെങ്കിലു,മിവൾ കണ്ണുകള്‍ തുറക്കുമോ ?

8 comments:

കമ്പ്യൂട്ടര്‍ ടിപ്സ് said...

കവി ഭാവന നന്നായിട്ടുണ്ട്

Kalavallabhan said...

"അപ്രമേയ"മാം സത്യം.
എലിയെ പേടിച്ചില്ലം ചുടണോ ?
കവിത കുറിക്കു കൊണ്ടു.

AnuRaj.Ks said...

പാവം ന്യൂ ജനറേഷന് പെണ്ണുങ്ങള് ജീവിച്ചു പൊയ്ക്കോട്ടെ

Cv Thankappan said...

നന്നായിരിക്കുന്നു കവിത
ഒന്നുരണ്ടുസ്ഥലത്ത് ദീര്‍ഘങ്ങള്‍
വിട്ടുപോയിട്ടുണ്ട്‌.
ആശംസകള്‍

ഷാജി നായരമ്പലം said...

നന്ദി അഭിപ്രായക്കുറിപ്പുകള്‍ക്ക്.
തിരുത്തിയിട്ടുണ്ട് തങ്കപ്പന്‍ സാര്‍.

മുകിൽ said...

ചെവിയിലൊന്നും തിരുകിയില്ലെങ്കിലും കണ്ണും കാതുമൊക്കെ അടഞ്ഞുപോയവരാണു അധികവും..

Madhusudanan P.V. said...

ചരെ നില്പവർ
കേട്ടു കണുമോ

അച്ചടിപ്പിശകുകൾ ഒന്നൊന്നായ്‌ കവിതയിൽ
പിച്ചവെച്ചെത്തുന്നേരം ഞാനെന്തു പറയേണ്ടൂ.
മാറ്റുകീ പിശകുകൾ, ഷാജിതൻ മൊഴിയുടെ
മാറ്റൊലിയുയരട്ടെ, ജനമാ നസങ്ങളിൽ

ഷാജി നായരമ്പലം said...

നന്ദി സാര്‍
തിരുത്തിയിട്ടുണ്ട്