Monday, July 14, 2014

സ്വർഗ്ഗം

സ്വർഗ്ഗം


എവിടെയാണെന്റെ സ്വർഗ്ഗം ? തിരഞ്ഞൊട്ടു-
വഴികൾ താണ്ടിക്കടന്നു ഞാ,നെങ്കിലും
സഫലമോ യാത്ര? ലക്ഷ്യവേധങ്ങളാൽ
പ്രഭ പരത്തിത്തിളങ്ങിയോ ജീവിതം?

അധികദൂരങ്ങൾ താണ്ടി, വൻവേഗമോ-
ടെതിരെവന്നേറ്റ കാറ്റേറ്റടിഞ്ഞിടാ-
തെവിടെയാണെന്റെ സ്വർഗ്ഗം, തിരഞ്ഞേറെ
വഴികളിൽ; വന്നുദിക്കുന്നുഡുക്കളെ-
ത്തെളിമ നോക്കിത്തെളിച്ചേറ്റിയെൻ ചുമർ-
ക്കലകളായ്ക്കൊത്തി വച്ചും, തിരഞ്ഞു ഞാൻ!

എവിടെ ഞാൻ തീർത്ത സ്വർഗ്ഗ,മിപ്പാരിലെ
നരകമൊക്കെത്തടുത്തിട്ടെരിച്ചതിൻ
ചുടലയിൽ നിന്നെണീക്കുന്ന പക്ഷിയാ-
യകലെ മേഘമാർഗ്ഗങ്ങൾ തുളച്ചതിൻ
പുക മറയ്ക്കുള്ളി,ലാഴങ്ങളിൽപ്പുലർ-
 വെളിതെളിക്കും പ്രകാശം തിരഞ്ഞു ഞാൻ…

അമിതവേഗം തടഞ്ഞു ദിക്പാലകൻ :
“എവിടെ നീ തീർത്ത സ്വർഗ്ഗം? സ്വയംഭുവ-
ല്ലതിനെയെങ്ങും തിരഞ്ഞു തേറണ്ട; ഹേ,
നരകവും നോക്കി നീവന്ന നാകവും
അകലെയല്ല നിന്നുള്ളിൽജനിക്കണം,
അകലെയല്ല നിന്നുള്ളിൽജനിക്കണം!“

“ജനിമൃതിക്കുള്ളിലപ്പരംശോഭയാൽ
മനുജ! നീ തൊട്ടുണർത്തുന്നു സ്വർഗ്ഗ,മി-
പ്പെരിയവാതിൽ തുറക്കാൻ തരംവരും
ചെറിയ താക്കോലെടുക്കാതെ പോന്നുവോ?”

7 comments:

ajith said...

ചെറിയ താക്കോല്‍!
വലിയ ചോദ്യം!!

Cv Thankappan said...

അകലെയല്ല നിന്നുള്ളിൽജനിക്കണം,
അകലെയല്ല നിന്നുള്ളിൽജനിക്കണം!“
നല്ല കവിത
ആശംസകള്‍

ASEES EESSA said...

ജനിമൃതിക്കുള്ളിലപ്പരംശോഭയാൽ
മനുജ! നീ തൊട്ടുനർത്തുന്നു സ്വർഗ്ഗ,മി-
പ്പെരിയവാതിൽ തുറക്കാൻ തരംവരും
ചെറിയ താക്കോലെടുക്കാതെ പോന്നുവോ?”
nalla kavitha,,,,,,,,,,,,
aashamsakal

RamanNambisanKesavath said...

നന്നായി

RamanNambisanKesavath said...

നന്നായി

Unknown said...

superb........

അന്നൂസ് said...

അത്രയ്ക്കങ്ങോട്ട് പിടികിട്ടിയില്ല...എങ്കിലും ഇഷ്ട്ടമായി..ആശംസകള്‍