Wednesday, March 13, 2013

തനതു താളങ്ങൾ

തനതു താളങ്ങൾ

മുടിയഴിച്ചാടുന്ന തെങ്ങിൻ തലപ്പിൽ
തുടി,താളമോടെ കളിക്കുന്ന കാറ്റേ
കഠിനമാക്കുന്നിന്റെയപ്പുറം  നിന്നോ
ചടുല വേഗത്തിൽ പറന്നു നീയെത്തി?

അകലെയാ നീരദക്കുന്നിൻ പരപ്പിൽ
മുകിലുകൾ പട്ടം പറപ്പിച്ചു നിൽപ്പൂ,
ഗഗനമാർഗ്ഗത്തിൽ വരച്ചിടും ചിത്ര-
പ്പണികൾ ഹാ! ചേലൊത്ത  കാഴ്ച്ചയണെല്ലാം.

ഞൊറികളിൽത്തട്ടിത്തിളങ്ങും മയൂഖ-
ക്കണികകൾ കണ്ണിൽത്തറക്കുന്ന മട്ടിൽ
കളകളം പാടുമച്ചോലയോ, ചേലിൽ
പുളകമായ്  പൊട്ടിത്തരിക്കുന്നു കല്ലിൽ.
മലകളിൽ കാണാപ്പുറങ്ങളിൽ നിന്നും
പുഴകളെത്തേടിത്തിരിക്കുന്നു നീർച്ചാൽ
വിരഹമോ? കണ്ണീരുതിർക്കുന്നു; കുന്നിൻ
നെറുകയിൽ കത്തിത്തിളക്കുന്ന സൂര്യൻ.

ഇടവിടാതേതോ മരപ്പൊത്തിൽ നിന്നും
മധുരമായ്കൂകൂ രവം മുഴങ്ങുന്നൂ
കുതുകമോടേറെക്കിളിക്കൂട്ടമെങ്ങോ
ശ്രുതിതാളമേളം തിമിർക്കുന്നു, കേട്ടോ?

ലതനികുഞ്ജങ്ങൾ മലർക്കുമ്പിൾ കാട്ടി
ഋതുവസന്തർത്തുവെക്കോർത്തൊരുക്കുന്നൂ
മടുമലർതേടിപ്പറന്നു പൂന്തൊത്തിൽ
പ്പുതയുന്നു ഭൃംഗം , പതംഗങ്ങൾ വേറെ!

പുലരി, പൂഞ്ചായം, ദിനാന്തം, ത്രിസന്ധ്യ
മഴമുകിൽ വാനിൽപ്പതിക്കുന്ന ചിത്രം,
തെളിനിലാത്താലം പിടിക്കുന്ന തിങ്കൾ
ഒരു തടില്ലതയാൽത്തിളങ്ങുന്ന രാവും
പറയുകിൽത്തീരാത്ത തനതു താളങ്ങൾ
കരുതലോടാരോ തൊടുക്കുന്നിതെന്നും
പ്രിയതരം ചിത്രങ്ങൾ കാത്തു വച്ചീടാൻ
പ്രകൃതിതൻ ചിത്തം കെടുത്തൊല്ല നമ്മൾ.

11 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല കവിത.നല്ല താളം.

Madhusudanan P.V. said...

പ്രിയകരം താങ്കൾ വരച്ചൊരീ ചിത്രം
പ്രകൃതിതൻ മായാവിലാസങ്ങൾ ചുറ്റും
പ്രതിഭതൻ തൂവൽതിളക്കങ്ങളാലെ
പ്രഭതൂകി നിൽപൂ വിശിഷ്ടമീ കാവ്യം

AnuRaj.Ks said...

പ്രകൃതിയുടെ വശ്യമനോഹരമായ ചിത്രങ്ങള്...

സൗഗന്ധികം said...

ഹാ! ചേലൊത്ത വരികളാണെല്ലാം..!!

വളരെ ഇഷ്ടമായി.

ശുഭാശംസകൾ...

ജന്മസുകൃതം said...

പ്രിയതരം ചിത്രങ്ങൾ കാത്തു വച്ചീടാൻ
പ്രകൃതിതൻ ചിത്തം കെടുത്തൊല്ല നമ്മൾ.

Cv Thankappan said...

ഉള്ളില്‍ പ്രകൃതിഭംഗിയുടെ ചിത്രം പ്രതിബിംബിപ്പിക്കുന്ന വരികള്‍.
ആശംസകള്‍

Kalavallabhan said...

പ്രിയതരമാം ചിത്രങ്ങളും തനതു താളങ്ങളും കവിതകളിൽ ഇനിയുമേറെ കാഴ്ച്ചവെച്ചീടുവാൻ ആശംസകൾ

Ginadevan said...

shaji mashe nannaayittundu kavitha.

ഷാജി നായരമ്പലം said...

നന്ദി നല്ല വാക്കുകള്‍ക്ക് , വായനക്ക്

ajith said...

ഇവിടെയെത്തി കവിതകള്‍ വായിയ്ക്കുമ്പോള്‍ വലിയൊരു സന്തോഷമാണനുഭവപ്പെടുന്നത്

ഷാജി നായരമ്പലം said...

അതുകേൾക്കുമ്പോൾ ഞാനും ധന്യനാവുന്നൂ, നന്ദി!