Monday, December 31, 2012

എങ്ങനെയെന്റെ സോദരാ....

എങ്ങനെയെന്റെ സോദരാ....


എങ്ങനെയെന്റെ സോദരാ നിങ്ങള്‍ക്കു
മഗളാശംസയിന്നു നല്‍കീടുവാന്‍?
തങ്ങിനില്‍ക്കുന്ന  നോവാലുഷസ്സിതാ
ഉണ്മയറ്റും, മുനിഞ്ഞും  പിറക്കയാം.

പിന്നിലാരോ പിടയ്ക്കുന്ന കേട്ടുവോ?
മണ്ണിലെന്തോ മുറിപ്പാട്, രക്തമോ?
കണ്ണിലമ്പേറ്റു വീഴുന്നിണക്കിളി-
പ്പെണ്ണു കേഴുന്നൊരൊച്ചയോ, തേങ്ങലോ?
കൂരിരുട്ടിന്‍ നടുക്കടല്‍ താണ്ടുവാ-
നാരെ ഞാനിന്നു കൂട്ടിനായ് ക്കൂട്ടുവാന്‍?
വെണ്മയൂഖങ്ങള്‍ മങ്ങും നിഴല്പ്പാടി-
തെങ്ങനെ മായ്ചു നീക്കുവാനീശ്വരാ.

എങ്ങനെയെന്റെ സോദരാ നിങ്ങള്‍ക്കു
മംഗളശംസയിന്നു നല്‍കീടുവാന്‍?
ചങ്കിലെന്തോ തറക്കവേ,യിങ്ങനെ
സങ്കടാശംസയേകാം ക്ഷമിക്കുക!

Friday, December 21, 2012

മാമ്പഴം

മാമ്പഴം

(നാളെ മഹാകവി വൈലോപ്പിള്ളിയുടെ ചരമദിനം......
ജന്മ ശദാബ്ദി സമാപന സമ്മേളനം
കേരള സാഹിത്യ അക്കാദമി ഹാളിൽ......
ഒരു ഓർമ്മക്കുറിപ്പ് )


അങ്കണത്തൈമാവിലെപ്പൂങ്കുല പൊലിപ്പിച്ച
കങ്കണധ്വനികളില്‍, ഝില്‍ ഝിലങ്ങളില്‍, പണ്ടു
കൈരളി തുടിച്ചതും കാവ്യകല്പകം ചിരം
തൈജസ കരാംഗുലീ സ്പര്‍ശമേറ്റുണര്‍ന്നതും,
ചാരുസുസ്മിതം തൂകും മാങ്കനിയണിഞ്ഞതും,
സാരസാഗരക്കാവ്യത്തേന്മഴ പൊഴിഞ്ഞതും....

ഓര്‍ത്തു നോക്കവേ, കാലം കാത്തു വച്ചൊരാച്ചിമിഴ് -
ച്ചെപ്പുകള്‍ തുറക്കുവാനോമനിക്കുവാന്‍ , കാട്ടു-
പുല്ലുകള്‍ തുടിപ്പിക്കും സ്നേഹരാഗങ്ങള്‍ മൂളാന്‍
പേര്‍ത്തൊരാള്‍ വന്നോ? വീണ്ടും മാമ്പഴം പൊഴിഞ്ഞുവോ?

ഓര്‍ത്തു നോക്കട്ടേ വീണ്ടും, കൈരളിയണിഞ്ഞൊരാ
സര്‍ഗ്ഗചേതസാം വെള്ളിക്കൊലുസിന്‍ കിലുക്കവും,
മേഘമാര്‍ഗ്ഗത്തില്‍ മഹാ ദീപ്തികള്‍ തെളിഞ്ഞതും
മാനുഷ കഥാഗാനവര്‍ഷമിങ്ങണഞ്ഞതും!

Saturday, December 15, 2012

കാതും കൊട്ടിയടച്ചൊരു പെൺകുട്ടി


കാതും കൊട്ടിയടച്ചൊരു

പെൺകുട്ടി

ഏതൊരു തിരക്കിലും കണ്ടിടാമിവൾ, ബസ്സിൽ-
ക്കാതുകളട,ച്ചിയർ ഫോണുമായിരുന്നിടും .
ഭാവ,മെപ്പൊഴും തനി ജീനിയസ് , ജനിച്ചതേ
കാതടച്ചിരിക്കുവാ,നെന്നു തോന്നിടും വണ്ണം
കേൾവിയിൽ മുഴങ്ങുന്ന ഗാനവീചിയിൽ  മറ-
ന്നേതുമേ ശ്രവിക്കാതെ കാതടച്ചിരുപ്പവൾ!

ചാരെ നില്പവർ വെറും തൃണങ്ങൾ, സമൂഹത്തെ
നീരസം സ്വരൂപിച്ചു കാണുവാൻ പഠിച്ചവൾ,
ചുറ്റുമായ് ത്തുടിക്കുന്ന ജീവ താളങ്ങൾ, തനി-
ക്കാഴ്ച്ചകൾ, സഹജീവ ദുഃഖ സാഗരങ്ങളും
ഒട്ടുമേ മനം നൊന്തു തൊട്ടു നോക്കീടാത്തവൾ;
ഒച്ച വച്ചിടും പച്ച ജീവ യഥാർത്ഥ്യങ്ങളെ
കേട്ടു കാണുമോ ആവോ? കേൾവിയിൽ നിന്നൊക്കയും
വിട്ടു നിൽക്കുവാൻ  വശം വന്നുപോയവൾ സദാ.

മറ്റൊരു മണിപ്പൂരി പെൺകൊടി, മനോഹരി
കത്തിയ കെടാവിളക്കുന്മിഷിത് നാരീമുഖം.
മെത്തിന തപം ചെയ്തു ദീപ്തി,യുജ്ജ്വലിപ്പിച്ചു
നില്പു ശർമ്മിളാ ചാനു, അപ്രമേയമാം സത്യം.

പാരിലെ വെളിച്ചത്തെ കാത്തുവച്ചിടാൻ ചിലർ
ജീവിതം ജ്വലിപ്പിച്ചു ചൂട്ടുകറ്റയായ് നീറ്റും
കത്തുമാക്കനൽച്ചീളിന്നിറ്റു വെട്ടമോ പൊങ്ങി,
മുറ്റിടു,ന്നിരുൾക്കെട്ടിൻ തേരു തച്ചുടയ്ക്കുന്നു

കേട്ടു കാണുമോ പ്രിയ ശർമ്മിളേ, നിന്നെക്കുറി,-
ച്ചെപ്പൊഴെങ്കിലു,മിവൾ കണ്ണുകള്‍ തുറക്കുമോ ?

Thursday, December 13, 2012

ഒരു യാത്രയുടെ അവസാനം

.
ഒരു യാത്രയുടെ
 അവസാനം


ഉറ്റവർ ചിലർ തന്റെ
        ലക്ഷ്യ,മൊക്കെ വേറിട്ടു

 സ്വേച്ഛരാ,യഗമ്യരാ,-
        യന്യരാകവേ ഗുരു
ചിത്ര!മാ മഹായാന-
        മറ്റ,മെത്തിടാതൊരു
യാത്ര* പോയി പോൽ തമിഴ് -
       നാട്ടിലും സിലോണിലും.
അന്നിതാ വ്യഥാപൂർവ്വം
       ചിന്തകൾ പുറത്തെടു-
ത്തമ്മനം വിതുമ്പി പോ-
       ലിങ്ങനെ സഹിയാതെ.

"ഇല്ലിനി മടങ്ങുവാൻ
       കേരളം മടുത്തു ഞാൻ
വല്ലപാടു,മിത്തമിഴ്-
      രാജ്യത്തു കഴിഞ്ഞിടാം.
സ്നേഹമുണ്ടിവർക്കുള്ളിൽ,
     സ്വാർത്ഥരല്ലിവർ, ലോഭ
മൂർത്തരായ് ചിലർ നാട്ടി-
     ലുണ്ടു; ഞാൻ മടങ്ങില്ല."

ശക്ത,മീദൃശം ഗുരു
    തപ്തനായ് ശപിച്ചതിൻ
മാറ്റൊലി ദിനം പ്രതി
    രൂക്ഷമാകയോ നാളിൽ?

ക്രിസ്തുവും, മഹാത്മാവും,
     വ്യാസനും കരഞ്ഞ പോൽ
മറ്റൊരു മഹാഗുരു
     ദുഃഖ പൂർവ്വകം; വ്യഥാ-
പീഡയീമട്ടിൽ മന-
     സ്സാകവേ തളർത്തിടേ,
സങ്കടങ്ങളെത്തന്റെ-
     ഹൃത്തിലേക്കമർത്തവേ,
ഏറ്റെടുത്തുവോ, മഹാ-
     രോഗബാധിതം നാടിൻ
ദുഷ്ടുകൾ, സ്വയം തന്റെ
     ദേഹിയിൽ ദഹിപ്പിക്കാൻ!

ഹാ! ദയാസമുദ്ര,മാ-
    യാകുലം മടങ്ങി വ-
ന്നാർദ്രമാ മനം വീണ്ടും
    തേ
രുരുൾ തെളിച്ചുപോൽ.

സൂര്യനസ്തമിക്കുവാൻ
    നേരമാകവേ പാരം
കൂരിരുൾ പടർത്തിയോ
    നന്ദി കെട്ടവർ നമ്മൾ?


-------------------------------------
* നാരായണഗുരു സ്ഥാപിച്ച എസ എന്‍ ഡി പി യോഗവും 
ശ്രീ നാരായണ ധര്‍മ്മ സംഘമെന്ന സന്യാസി സംഘവും 
നല്‍കിയ മാനസിക വിഷമം മൂലമാണു
അവസാനകാലത്തും അദ്ദേഹം ഈ  ദീര്ഘയാത്ര നടത്തിയത്