Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, June 21, 2020

ഭാവി

ഭാവി

ഭാവിയിതേവിധം നിശ്ചയമില്ലാത്ത
നോവിൻ്റെ വാതായനങ്ങൾ തുറന്നതും,
ഏതും നിനക്കാതെ ജീവയാനങ്ങൾ, തൻ
തീരത്തു തന്നെ തളർന്നിരിക്കുന്നതും
കണ്ടു ഞാൻ ! കാണുന്നതൊക്കെയും സ്വപ്നമ-
ല്ലെന്നുള്ളതാളിപ്പടർന്നുപോം ചിന്തകൾ..

ഭീതിദാവേഗം കൊടുങ്കാറ്റുലയ്ക്കുന്നൊ-
രാരവം ദൂരേയുയർന്നതും, ജീവൻ്റെ
യോരോപിടച്ചിൽ വളർന്നുവന്നിങ്ങനെ
നേരെയെൻ മുൻപിൽത്തളർന്നുവീഴുന്നതും
വിശ്വാസദുർഗ്ഗം ചമച്ചു ഞാൻ വാഴിച്ച-
തൊക്കെയും പാഴ് പെറ്റ സ്വപ്നങ്ങളെന്നതും...

കണ്ടുഞാൻ ! കാലം ചെറുത്തു തോല്പിക്കുന്ന
വാഴ് വിൻ്റെ വേറിട്ട യാത്രാപഥങ്ങളെ,
ഏറും മഹാഭോഗസംസ്കാര ഗോപുര-
മേറെയുംപൊട്ടിത്തകർന്നു പോകുന്നതും
ആടയലങ്കാരമൊക്കെയഴിച്ചിട്ടു
നാടകം മൂകം വിലാപമായ്ത്തീർന്നതും...

കണ്ടു ഞാൻ! ചുറ്റും പ്രകാശം പരത്തുന്ന-
തൊക്കെയും നിഷ്ക്കളങ്കം വന്നു നില്പതും
പൂക്കൾ, കിളിക്കൊഞ്ചൽ, തിര്യക്കിതൊക്കെയും
ഭാവഭേദങ്ങളില്ലാതെ ചരിക്കവേ
ഏതു വിഷക്കുത്തിലാണോ മനുഷ്യൻ്റെ
ചേതനയൊക്കെക്കെടുന്നപോലിങ്ങനെ?

ആതുരം ലോഭനിർലോഭമാർഗ്ഗങ്ങളി-
ലാകെ നിശൂന്യമായ്ത്തീർന്ന ശസ്ത്രങ്ങളെ
രാകിപ്പുതുക്കിപ്പണിഞ്ഞസ്ത്രരൂപമായ്
ആരെ,ന്നയച്ചിക്കൊടുംശാപഗ്രസ്ഥർ തൻ
ചാപതൂണീരം നിറയ്ക്കും? ജ്വരംകൊണ്ട
താകെയും സ്പർശിച്ചുണർത്തുമെൻ ഭാവിയെ?


അലക്സാണ്ടറും പുരുഷ് നാഗനും

അലക്സാണ്ടറും പുരുഷ് നാഗനും

"അല്പമെങ്കിലും നീതി
ഉള്ളിൽ ബാക്കിയുണ്ടെങ്കിൽ,
നൽകുക എനിക്കൊക്കും
മാന്യത; അലക്സാൻഡർ!
ഓർക്കുക കൊടുംചതി
കാട്ടിയോൻ നിങ്ങൾ, മറി-
ച്ചെത്രവട്ടമോ തോറ്റു
പിന്തിരിഞ്ഞവൻ താങ്കൾ.
ഭീരുവാകാതെയെൻ്റെ
ബന്ധനമഴിക്കുക
ധീരരെ മാനിക്കുവാൻ
മറക്കാതിരിക്കുക."

വ്യക്തമായ് കരുത്തിൻ്റെ
ശബ്ദമീ മണ്ണിൽ മഹാ
ശക്തിയായ് മേവും
ചക്രവർത്തിയെ ഹസിക്കവേ,
കണ്ടയാളുയരത്തിൽ
നിശ്ചയദാർഷ്ട്യത്തിൻ്റെ
വൻ മരം പുരുഷ് നാഗൻ
സൈന്ധവരക്തം, കണ്ണിൽ
തീവ്രമായ്ത്തിളങ്ങുന്ന
സ്ഥൈര്യവും സ്വകീയമാം
കാരിരുമ്പിനെ വെല്ലും
യുവത്വത്തിളക്കവും;
കൈകളിൽ വിലങ്ങിട്ടു
തൻ്റെ മുന്നിലായ് നില്പു,
താൻ ചതിച്ചു വീഴ്ത്തിയ
പഞ്ചാബിന്നധിപനെ.

തലതാഴ്ത്തിയാ മാസി-
ഡോണിയൻ അന്നാദ്യമായ്,
ഉലകം നയിക്കുവാൻ
പോർ നയിച്ചവൻ, മൊഴി-
"ഞ്ഞുടനെ വിമുക്തനാ-
ക്കീടുകീ രാജാവിനെ
മതി, ഞാനുപേക്ഷിക്കു-
ന്നിന്ത്യയെ തിരിക്ക നാം"

"രണ്ടുവട്ടം പരാജയപ്പെട്ടു ഞാൻ
എൻ്റെ മുന്നിൽ നിൽക്കുന്നീ യുവാവിനാൽ
അന്നു തന്ത്രപൂർവം വന്നൊരാര്യനാൽ
തന്ന സൗഹൃദം ചെയ്തിക്കൊടുംചതി.
ആദ്യവർഗ്ഗം നിയോഗിച്ചൊരാൾ പുരുഷ്
നാഗസൈന്യത്തിലംഗമായ്; പാമ്പുപോൽ
യുദ്ധമധ്യേ തിരിഞ്ഞങ്ങു കൊത്തിയും
വൻ ചതിക്കൂടൊരുക്കി, സൈന്യത്തിനെ
ഛിന്നഭിന്നമായ് തീർത്തു, രാജാവിനെ
ചങ്ങലക്കിട്ടു ബന്ധിച്ചതങ്ങനെ.

നേർക്കു നേർ തൊടുക്കാത്ത ശസ്ത്രത്തിനാൽ
തീർത്തുവെൻ യശസ്സൊക്കെ, ഞാനില്ലിനി."

പീന്നെ വ്യാകുലചിത്തനായധികനാൾ
ചെന്നില്ലലക്സാണ്ടർ, താൻ
തന്നെത്താനെ പണിഞ്ഞിടും പുതിയസാ
മ്രാജ്യത്വവും ലോകവും
പിന്നിൽത്തള്ളിയകന്നുപോയ്; നിറയുവ
ത്വത്തിൻ വസന്തങ്ങളെ
ഇന്നാട്ടിൻ ച്യുതികൾക്കു മീതെയെഴുതി-
ച്ചായം കൊടുക്കുന്നു ഞാൻ!


* പോറസ് എന്ന പേരിൽ ഇന്നറിയപ്പെടുന്ന ആൾ തന്നെ പുരുഷ് നാഗൻ. ഇന്ത്യയിൽ നിന്നു തിരിച്ച് താമസിയാതെ തൻ്റെ 35 മത്തെ വയസ്സിൽ അലക്സാണ്ടർ മരണപ്പെട്ടു.

പെരിയാർ

പെരിയാർ

പെരിയാർ; പെരുകിയ ഗതകാലക്കുതി-
യൊഴുകിയിടങ്ങൾ, വിവിധ നിലങ്ങൾ
പൂർവ്വപിതാമഹർ, ബൗദ്ധിക ചിന്താ-
ധാരയിലാണ്ടു വളർന്നവർ, തീര-
ത്താകെ നിറഞ്ഞു മുളച്ചു, വിതച്ചു
മെതിച്ചു നിറച്ച കളങ്ങൾ - പെരിയോർ;
ചേരളമാകെ സുവർണ്ണയുഗത്തെളി-
നീരു നിറച്ചു വളർന്നൊരു സംസ്കൃതി!

പേരു പതിച്ചിട്ടുണ്ടേ നോക്കുക
മുനിയറ, നന്നങ്ങാടികൾ, നാടുകൾ
ഊരുകൾ, ജനപഥമൊക്കെപ്പെരിയൊരു
സംസ്കൃതികൊണ്ടു നനച്ചയിടങ്ങൾ.
കാണുക, മേലേ പശ്ചിമഘട്ട-
പ്പടവുകൾ താണ്ടിയിറങ്ങിയ കൈവഴി-
യാകെ വിതച്ചു വളം വച്ചൊഴുകിയ
പെരിയാർ, പൗരാണികപുരമൊരുനാൾ.

അന്നു വടക്കുന്നെത്തിയ അധമർ
കൊന്നുമുടിച്ചു നശിപ്പിച്ചവരുടെ
ഉന്നതചിന്ത വളർത്തിയ ധിഷണാ
നിർമ്മിതി, സൗഖ്യ,മമർന്നയിടങ്ങൾ.
കെട്ടിയുയർത്തിയ *പള്ളികൾ - ബുദ്ധ-
വിഹാരസമുച്ചയമൊക്കെയുടച്ചും
കൊലയുടെ, ബലിയുടെയാണിക്കല്ലുകൾ
പാകിപ്പണിതൂ പുതുബിംബങ്ങൾ.

മാറ്റിമറിച്ചിവർ തദ്ദേശീയരുടെ
സ്വത്വം, സാഹോദര്യ,മനർഘം
പ്രചുരിമ തിരളും സംസ്കാരദ്യുതി
തല്ലിയണച്ചു കൊടും ചതിയാലേ.
പിന്നെ മനുസ്മൃതി, ബ്രാഹ്മണ്യക്കല
തൊട്ടുവളർത്തിയ ജാതിക്കൊടുമുടി-
മേലെയിരുന്നു വിലക്ക്, വിലങ്ങ്,
കൊടും കൊലയേറെ നടത്തി വളർന്നിവർ.

കണ്ടു കരഞ്ഞു കലങ്ങീ പെരിയാർ
തൻ്റെ മണൽപ്പുറമാകെച്ചിതറിയ
രുധിരക്കടലല, കഴുവേറ്റിയ ബലി;
നിദ്രവെടിഞ്ഞഴലാഴിയിലാണ്ടവൾ....
ചെയ്ത ചതിക്കറകഴുക്കിളയാൻ
നെയ്തൊരു കൗശലമീ ബലിയന്നേ,
പിന്നിൽ വരും തലമുറയെക്കൊണ്ടേ
ചെയ്യുകയിങ്ങനെ പ്രായശ്ചിത്തം.......

*കേരളം 'ചേരളം' എന്നപേരായിരുന്നു എന്നും അഭിപ്രായമുണ്ട്
**പള്ളി ബുദ്ധമതപദമാണു്.

Friday, October 11, 2019

ബുദ്ധൻ

ബുദ്ധൻ

ഇവിടെ മഹാബോധി-
ത്തണലിലിതാ വീണ്ടും
ഉപവിഷ്ടനായ് ബുദ്ധൻ
ജാന*ത്തിലിരിക്കുന്നു.


കൊടിയ വിഷലിപ്തം
വീഥികൾ,വിഹാരങ്ങൾ
വിവിധ ജനപഥം;
മേദുര മതാന്ധത,
വേദമന്ത്രണം വീണ്ടും
രാമരാജ്യ നിർമ്മിതി;
രാജശാസനം കൊത്തി-
വയ്ക്കുവാൻ മനുസ്മൃതി.


ആര്യസംസ്കാരത്തിൻ്റെ
വിഴുപ്പും ചുമന്നിന്ത്യ
നേരിനെത്തിരക്കാതെ
മൗഢ്യമാണ്ടിരിക്കുന്നു.

ഇവിടെ, ലോകോത്തര
സ്മ്സ്കൃതി, അഭ്യുന്നതി
വിളഞ്ഞ കാലത്തിൻ്റെ
ചരിത്രം മറച്ചതാർ?
എവിടെ, ഹാരപ്പയിൽ,
മോഹഞ്ചദാരോയിലെ
സുവർണ്ണകാലത്തിൻ്റെ
അവകാശികൾ? ആരാ-
ണതിർത്തിപ്പുറത്തിട്ട്
അന്യവൽക്കരിക്കുവാൻ
തിടുക്കം പൂണ്ടിന്ത്യയെ
ആഴത്തിൽ മുറിച്ചവർ?

എവിടെ, യശോധര
നീയൊഴുക്കിയാക്കണ്ണീ-
രുറവ കടം കൊണ്ടു
ഞാൻ ചമച്ച മന്ത്രങ്ങൾ?

സൈന്ധവസംസ്കാരത്തി-
ന്നീടടുക്കുകൾ പൊട്ടി-
ച്ചന്ധത നിക്ഷേപിച്ചു
മായ്ച സംസ്കൃതി, സ്വത്വം
വീണ്ടെടുക്കുവാൻ പ്രിയ -
രാഹുലാ, നിനക്കൊക്കും
കാലവും വെളിച്ചവും
തെളിക്കാൻ തുനിഞ്ഞു ഞാൻ...

ഹിംസയിലധിഷ്ഠിതം
ഭോഗസംസ്കാരത്തിൻ്റെ
ചങ്ങലക്കെട്ടിൽപ്പെട്ടു
പട്ടുപോം ജനതയിൽ,
യാഗയജ്ഞങ്ങൾ, ബലി,
ഹോമകുണ്ഠങ്ങൾ നിറ-
ഞ്ഞാകവേയഴുകിയ
വേദകാലത്തിൻ ച്യുതി-
യെങ്ങനെ തുടച്ചെടു-
ത്തെൻ്റെ രാജ്യത്തെ വീണ്ടും
വൻ നുകക്കീഴിൽനിന്നു
പുനരുദ്ധരിക്കുമോ?

ചിന്തകൾ സ്വരൂപിച്ചി-
ട്ടേറെനാൾ രാജ്യത്തിൻ്റെ
അന്തരംഗത്തെത്തൊട്ടു
തേറി ഞാൻ, അനന്തരം
ആര്യതത്വത്തെത്തകർ-
ത്തുടയ്ക്കാനൊരായുധം
പുർവ്വികർ സ്വരൂപിച്ച
സംസ്കൃതിയറിഞ്ഞു ഞാൻ.

ഒടുവിൽ ജ്ഞാനത്തിൻ്റെ
അകനീർ ചുരത്തവേ
തുറന്നു വിമോചന-
പ്പാത ഹാ! നഷ്ടപെട്ട
സ്വതസിദ്ധമാം നന്മ-
യൊക്കെയും പുനർജ്ജനി-
ച്ചടരാടുവാൻ പോന്ന
മതസംഹിതാസാരം.

ആരെയുമുപേക്ഷിച്ചു
പോയതല്ല ഞാൻ, നാടിൻ
നാഡിയിൽ, ഞരമ്പിലെ
ചേറൊഴുക്കൊഴിക്കുവാൻ
ഈടെഴും സംസ്കാരത്തിൻ
വേരുകൾ വലിച്ചൂരി
ഭൂമിയിൽ സ്നേഹത്തിൻ്റെ
ആരൂഢമുയർത്തി ഞാൻ.

എവിടെ യശോധര,
നീയൊഴുക്കിയാക്കണ്ണീ-
രുറവ കടം കൊണ്ടു
ഞാൻ ചമച്ച മന്ത്രങ്ങൾ?
എവിടെ വെളിച്ചത്തിൻ
ലാഞ്ഛന? സമസ്നേഹ-
മൊഴുക്കി സ്ഫുടം ചെയ്തൊ-
രിന്ത്യതൻ യുവത്വമേ ...?
*ധ്യാനം

Sunday, December 2, 2018

ഗീതാകാവ്യം 1. രണാരവം

ഗീതാകാവ്യം
1.രണാരവം


കേൾക്കാൻ കൊതിക്കുന്നു സഞ്ജയ! മാമക
മക്കൾ യുദ്ധത്തിൽത്തിളങ്ങിയോ? പാണ്ഡുവിൻ
മക്കളെന്താണു ഹേ ചെയ്തത്? വിസ്തരി-
ച്ചൊക്കെയും കേൾക്കാൻ നിരൂപിപ്പു ഞാനെടോ!


വ്യാസപുത്രൻ തൻ്റെ യന്തരംഗത്തെ സ-
വിസ്തരം നഗ്നം വരച്ചിട്ടു ഗീതയിൽ;
ഒട്ടുദുരത്തായൊതുങ്ങി, മനോഗതം
നിശ്ചയം തന്നെ; നിരക്കുന്നു പോർക്കളം.

സഞ്ജയൻ നൽകുന്നു ചിത്രണം: കൗരവൻ
ദുര്യോധനൻ തൻ്റെയാചാര്യ ദ്രോണനോ-
ദ്വേഗമോടെ മൊഴിഞ്ഞു, "മഹാമതേ,
അപ്പുറത്തെത്തും രിപുക്കളെക്കണ്ടുവോ?
താവക ശിഷ്യൻ മഹാബുദ്ധിമാൻ ധൃഷ്ട-
ദ്യുമ്നൻ വിതാനിച്ച വ്യൂഹക്കരുത്തുമായ്
പാണ്ഡവസൈന്യം നിരക്കുന്നഗമ്യമാ-
മൗന്നത്യമോടെ വൻ പോർമുഖം തീർത്തിതാ.
വില്ലാളികൾക്കില്ല പഞ്ഞം, മഹാബലർ
ഭീമാർജ്ജുനന്മാർ സമം ശൂരരായവർ
ധാരാളമുണ്ട്; നമുക്കോ മഹാരഥർ
ഭീഷ്മൻ, ഭവാൻ പിന്നെ കർണ്ണൻ, വികർണനും
സൂക്ഷ്മം വിചിത്രമാം ശസ്ത്രം പ്രയോഗിച്ചു
നിഷ്പ്രയാസം പോർനിലം കൈയടക്കുവോർ.

വേറെയുമേറെയുണ്ടെങ്കിലും സാമർത്ഥ്യ-
മേറുന്ന പാണ്ഡവൻ ഭീമൻ, സുരക്ഷിതം
പോരടിക്കാനായ് പടച്ചിട്ട സേനയെ
നേരിടാൻ പര്യാപ്തമാമോ യഥോചിതം?
ഭീഷ്മരാണാരൂഢമെന്നതിന്നേവരും
സൂക്ഷ്മം മനസ്സിൽ നിരൂപിക്കണം; ദൃഢം
നിൽക്കൂ യഥാസ്ഥാന,മേതുമാർഗ്ഗങ്ങളും
കാക്കും വിധം രണാന്ത്യത്തിന്നിടം വരെ..."

ഇത്ഥമക്കൗരവരാജൻ്റെ വേപഥു-
ചിത്തത്തിലെച്ചിന്ത തൊട്ടറിഞ്ഞെന്നപോൽ
സിംഹനാദംകൊണ്ടു ഭീഷ്മർ, തുടർന്നതാ
ശംഖാരവം തീർത്തു; വൻ രണാരംഭമായ്!

കേൾപ്പൂ ശംഖ്, പെരുമ്പറ,ത്തുടിതിമിർ-
      ത്തപ്പട്ടകൾ, ഗോമുഖം
ദിക്കെട്ടും ദിവി മുട്ടുമാറിതുയരും
     വാദ്യപ്രഘോഷങ്ങളും
ഒക്കെച്ചേർന്ന രണാരവം പെരുകിടും
     ഭൂമിക്കുമേൽ, കാലമായ്
തീർക്കുന്നാ കുരുയുദ്ധരംഗപടമി-
     ട്ടാരംഭമായ്, നാടകം....

Saturday, October 6, 2018

മുദ്രാവാക്യങ്ങൾ!

മുദ്രാവാക്യങ്ങൾ!


ഈ വല്ലിയിൽ നിന്നു വീണ്ടും പൂക്കൾ
ആവിർഭവിക്കുന്നു; പണ്ട്
ആകാശമാർഗ്ഗേ പറക്കാൻ നട്ട
മോഹക്കുരുന്നിനെക്കാട്ടാൻ!


കത്തും കനൽത്താപമേറ്റും ടൈൽ
ചുറ്റും വിരിച്ചിട്ട മുറ്റ-
ത്തെത്തുന്ന പച്ചപ്പൊടിപ്പിൽ തല
നീർത്തുന്ന മുക്കുറ്റിയിൽ പൂ!

ഒത്തിരി നാൾ കാത്തു വച്ചും, മഴ-
യെത്തുന്ന വട്ടം മുളച്ചും
തെറ്റിയില്ലെല്ലാം തെഴുക്കും; വിത്ത്
മുറ്റം മുഴുക്കെത്തളിർക്കും.

ഓർത്തുവച്ചെല്ലാം പുതുക്കും ചിത്ര-
വൈചിത്ര്യമെങ്ങും പുതയ്ക്കും.

"ഇന്നു ജൂണഞ്ചാണു ചൊല്ലൂ മുദ്രാ-
വാക്യങ്ങൾ കുട്ട്യോൾക്ക് ചൊല്ലാൻ"
ഭാര്യയിമ്മട്ടിലായ് കാലേ, തന്നു
കാര്യമായിന്നൊരു ജോലി.
ഇത്ഥം കുറിച്ചു ഞാൻ നൽകി , ടീച്ച-
റദ്ധ്യാപനത്തിന്നു പോകെ,
മുറ്റത്തു ചൂണ്ടുന്നു: "നോക്കൂ, പുല്ലു
ചെത്തുവാനേർപ്പടതാക്കൂ...."
-----------------------------------------------------------------
അനുബന്ധം: പരിസ്ഥിതി ദിനാചരണ മുദ്രാവാക്യം രേഖപ്പെടുത്തിയ കുറച്ചു ബാഡ്ജുകൾ സ്കൂളിലെ കുട്ടികൾക്കണിയാൻ തയ്യാറാക്കണമെന്നു ഭാര്യ ആവശ്യ്പ്പെട്ടിരുന്നു. കുട്ടികൾ അതിന്നണിഞ്ഞു കാണും. " പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ പോരാടുക"

Sunday, November 20, 2016

പിറവി

പിറവി

നെഞ്ചിലെത്തീയണക്കുവാന്‍, ഇന്ത്യയില്‍
സഞ്ചയിച്ചോരിരുട്ടില്‍ വിളക്കുമായ്,
പണ്ടൊരച്ഛന്‍ നടന്നേറെ വീഥികള്‍
'കണ്ടുവോ എന്റെ കുഞ്ഞിനെ?' ആരുമേ
മിണ്ടിയില്ലത്തുലഞ്ഞ മൗനത്തിന്റെ
ചില്ലുമേടകള്‍ മുട്ടിത്തെറിച്ചൊരാ
വൃദ്ധരോദനം മറ്റൊലിക്കൊള്‍കവേ;
നേരി,രുട്ടിന്‍ തമോഗഹ്വരങ്ങളില്‍
പാരമാഴത്തിലാണ്ടമര്‍ന്നന്നുപോയ്...


അമ്മ,യമ്മകന്നോര്‍മ്മപ്പടര്‍പ്പിലെ
വന്നുപൂക്കാത്ത വല്ലിയില്‍ കണ്‍നിറ-
ച്ചെന്നുമങ്ങനെയങ്ങനെ മൗനമായ്;
വന്നുപോയെത്ര നീറുന്ന കാഴ്ചകള്‍.

ഇന്നു ഞാന്‍ തുറന്നപ്പുസ്തകത്തിലേ-
ക്കൊന്നു നോക്കി ഹാ! ഈച്ചരവാരിയര്‍
യാത്രയേറെക്കഴിഞ്ഞറ്റകുറ്റിപോല്‍
പുത്രനെക്കണ്ണിലേറ്റി,ത്തിളക്കുന്ന
അഗ്നിയില്‍ത്തന്റെ തൃക്കണ്‍ തുറക്കയോ?

കണ്ടുവോ നിന്റെയിന്ത്യയെ?കന്മഷം
തീണ്ടിനില്‍ക്കുന്നുടല്‍ക്കോലമിങ്ങനെ?
നീണ്ടൊരാധിയാണിന്നു നീ, നിന്‍ മകന്‍
കണ്ടുനില്‍ക്കെപ്പൊലിഞ്ഞപോല്‍ തോന്നിയോ?
പിന്നില്‍ മുന്നില്പ്പകക്കണ്ണുമായൊരാള്‍
പമ്മിനില്‍ക്കുന്നപോലെയും തോന്നിയോ?
ഒന്നു നെഞ്ചിടിപ്പേറിയോ, എത്രനാള്‍
നിന്നെ വെന്നോ, ഒളിച്ചിരിക്കുന്നവന്‍!

നിന്റയന്വേഷണങ്ങള്‍ക്കു മേലവര്‍
ഹന്ത! ബാധിര്യബാധപോല്‍ നിന്നുവോ?
അമ്മയെ,ക്കണ്ണുനീരറ്റ സാധ്വിയെ
വന്യമായാട്ടിദൂരെയോടിച്ചുവോ?

ഏതുകാലമീ കാലവിപര്യയം
ഭീതിപൊട്ടിപ്പരക്കും തുടര്‍ക്കഥാ-
സാരമെന്ത്? വരുംനാളുകള്‍ക്കിവര്‍
നേരെയേറെ വിലങ്ങൊരുക്കുന്നുവോ?
യാത്രയേറെക്കഴിഞ്ഞറ്റകുറ്റിപോല്‍
മാഷു നില്‍ക്കുന്നു താരാഗണങ്ങളില്‍;
ആധിയാല്‍ത്തേഞ്ഞു തീര്‍ന്നൊരാജീവിത-
പ്പാതയില്‍ വന്നു വീണ്ടും പിറക്കയാം....

Friday, September 2, 2016

പാതയോരത്തു ഭാരതം!

പാതയോരത്തു ഭാരതം!



വിശ്വസിക്കുവാനാവുമോയിങ്ങനെ
നിശ്ചയിച്ചെന്നു ദൈവം? ജ്വരം മൂത്തു
ചത്ത പാതിയെക്കെട്ടിച്ചുമന്നൊരാൾ
മർത്യജന്മം; കടക്കുന്നു വീഥികൾ.
എത്ര ക്ഷേത്രക്കിടങ്ങുകൾ, പള്ളികൾ
ഭക്തി,സംസ്കാര,സംഘസംസ്ഥാപകർ
കെട്ടുകാഴ്ചകൾ; കാത്തുനിൽക്കുന്നവർ
ചത്ത പെൺകാവടിക്കാഴ്ചകാണുവാൻ...

കൊണ്ടുവയ്ക്കട്ടെ താജ് മഹൽ, മാജി*തൻ
നീണ്ട കാലടിപ്പാടിന്റെ മീതെ, ആ
പിഞ്ചുപൈതലിൻ കണ്ണീർ നനച്ചിട്ട്
ഇന്ത്യ, നിൻ വിഴുപ്പിന്നലക്കീടുക.
തീർച്ച കെട്ടിപ്പൊതിഞ്ഞുള്ളിലായ്ക്കിട-
ന്നെത്രമേൽ നീ വളർന്നൂ **സലാമണി!
നിശ്ചയത്തിന്റെയുൾക്കരുത്തിന്റെ വൻ
സ്നേഹ സൗധം നിനക്കായ്പ്പടുത്തിവൻ!!
പാതിമെയ്ചേർന്നിരിക്കുക നിങ്ങളീ
പാതയോരത്തു നിൽക്കുന്നു ഭാരതം!
-----------------------------------------------------------------------------------
*മാജി - ഒരു ഇന്ത്യന്‍ യുവാവ്. ക്ഷയരോഗം മൂലം ആശുപത്രിയില്‍ മരണമടഞ്ഞ ഭാര്യയുടെ (**സലാമണി) ജഡം ആമ്പുലന്‍സില്‍ കൊണ്ടുപോകുവാന്‍ പണമില്ലാഞ്ഞ് അറുപത് കി മീ അകലെയുള്ള വീട്ടിലെക്ക് സ്വന്തം തോളില്‍ ചുമന്നുകൊണ്ടുപോയ ഭര്‍ത്താവ്. കൂടെ തേങ്ങിക്കരയുന്ന പന്ത്രണ്ടു വയസ്സുകാരി മകളും. സ്വാതന്ത്ര്യം ആഘോഷിച്ച ആഗസ്റ്റ് മാസത്തില്‍ ഇന്ത്യയും ലോകവും കണ്ടു തലകുമ്പിട്ട ചിത്രം.

Thursday, July 7, 2016

എന്റ്രൻസ്

എന്റ്രൻസ്

ഊരിമാറ്റുക ഹാളിൽ-
ക്കൊണ്ടു പോകരുതൊന്നും
കാതിലെക്കമ്മൽ, മുടി-
പ്പിന്നുകൾ വെള്ളിക്കൊലു-
സ്സൊക്കെയും അഴിച്ചെ-
ടുത്തേക്കുക, എണ്ട്രൻസ് യുഗ-
ഭാവിഭാഗധേയത്തിൻ
പോരിനായൊരുങ്ങിയോർ
ഈ വിധം ശിക്ഷാക്രമം
കേട്ടതും വിനീതരായ്
വേവലാതിയാൽ വലി-
ച്ചൂരി ഭൂഷകൾ വേഗം.


ഗേറ്റിൽ നിൽക്കുന്നൂ യമ-
കിങ്കരർ! അതിൻ പിന്നിൽ
ബാക്കി രണ്ടുപേർ ചെക്കു
ചെയ്യുന്നൂ സമൂലമായ്.....
ഇങ്ങനെ യഥാവിധി
മൽസരാർത്ഥികൾ മഹാ-
മംഗള വിദ്യാധന
ലഭ്യതയുറപ്പാക്കാൻ
സഞ്ചയിക്കുന്നൂ ഗേറ്റിൽ
സഞ്ചിതാവേഗം പൂണ്ട്
ഇമ്മഹാലക്ഷ്മീ വര-
ലബ്ദി നോറ്റിരുന്നവർ!

"നേരമൊമ്പതായിനി-
ക്കേറുവാനാരോ ബാക്കി?
ഗേറ്റടച്ചിടും മുമ്പേ-
യെത്തണം" - വരുന്നൊരാൾ
കണ്ണടക്കാരൻ പയ്യൻ
ഭൂഷയായ് മഞ്ഞച്ചര-
ടുണ്ടൊരു കയ്യിൽ മന്ത്ര-
യന്ത്രമായ് ധരിച്ചവൻ
.
"ഊരിമാറ്റുക വേഗം
കയ്യിലെച്ചരടിനെ -"
പാരമമ്പരന്നവൻ
നോക്കവേ, പോലീസൊരാൾ
കത്രിക ചലിപ്പിച്ചു
വെട്ടിമാറ്റിപോൽ മഹാ-
തന്ത്രി തുന്നിയിട്ടൊരാ
നൂലിനെ; മുറിച്ചവ-
ന്നാത്മവിശ്വാസപ്പടു-
നൂലിഴ; തലക്കകം
മണ്ണുപുറ്റുമായ് ചില
കുട്ടികൾ! എന്റ്രൻസ്സിതും!!

Saturday, June 11, 2016

തപാല്‍സ്റ്റാമ്പിലെ ദൈവരൂപം!

തപാല്‍സ്റ്റാമ്പിലെ 
ദൈവരൂപം!


"കേട്ടുവോ നിങ്ങളന്യരാജ്യത്തപാല്‍-
സ്റ്റാമ്പിലും ഹിന്ദുദൈവം പിറന്നുപോല്‍!
കാവി മുക്കുന്നമേരിക്കയെന്നു ഹേ,
ആവലാതി കണ്ടേക്കുമോ" യെന്നൊരാള്‍!


അല്‍ഭുതം! കണ്ടൊ,രാണ്ടവന്‍ നില്പിതാ
കയ്യില്‍ ശൂലം, മയില്‍വാഹനം; മനോ-
മോഹനം മുഖം, ഭസ്മവിഭൂഷിതം;
മുദ്ര,മുദ്രണംചെയ്ത രൂപം, ശരി!
ആരു കണ്ടുവോ ദൈവരൂപത്തിനെ?
ചോന്നചുണ്ടും, തിളങ്ങും കപോലവും,
ശ്യാമസുന്ദരർ , നീലവിലോചനർ
രൂപഭാവങ്ങളിങ്ങനെയെപ്പൊളും.
താടിരോമം പൊടിക്കില്ല, മീശയും
പേരിനോയില്ല! പാരം തിളങ്ങിടും
വേഷഭൂഷകൾ, മെയ്ത്തിളക്കത്തിനായ്
ഹേമ,വൈഡൂര്യ,രത്നാങ്കിതം തനു,
കണ്മഷിച്ചാന്ത്, കുങ്കുമപ്പൊട്ടു ഹാ!
വെൺമതിച്ചേലിൽ നിൽക്കുന്നവർ സ്ഥിരം.

നേരു കണ്ടുവോ? ദൈവരൂപങ്ങളെ
ആരു തീർത്തുവച്ചിങ്ങനെ? അക്കലാ-
കാരനോ, ഈശ്വരന്മാർക്കു ജന്മവും,
രൂപവും വരച്ചാനയിപ്പിച്ചതും?
കാലഭേദങ്ങൾ, ശില്പികൾ, ഭാവനാ-
ലോല വൈചിത്ര്യചിത്രം വര,ച്ചതിൻ
കാരണത്തെയാർ കണ്ടുവോ? കണ്ടതീ-
ചാരുചിത്രപ്രതീകങ്ങളല്ലയോ?

പിന്നെയന്താണു രൂപം? ശരിക്കതി-
ന്നുണ്മയെക്കണ്ടു ബോധിപ്പതെങ്ങനെ?

വിസ്മയിക്കേണ്ടയസ്വരൂപത്തിനെ
നിശ്ചയം കാണുമാരിലും; നിസ്തുലം
സന്നിവേശിച്ചു നമ്മിൽ നിരന്തരം
നന്മയായാഗമിക്കുന്നു, ഈശ്വരൻ....

Sunday, March 6, 2016

മഹാശിവരാത്രി

മഹാശിവരാത്രി

(മഹശിവരാത്രിയെക്കുറിച്ച് രണ്ടു വർഷം മുൻപ് ഞാനൊരു കവിത എഴുതിയിരുന്നു. 2014 ൽ പ്രസിദ്ധീകരിച്ച പാപനാശിനി എന്ന സമാഹാരത്തിലുണ്ട് ആ കവിത. കാളകൂട വിഷം വീണ്ടും ഭൂമിയിലേക്ക് ഒഴുകിയിറങ്ങുമ്പോൾ മഹാശിവരാത്രിയെക്കുരിച്ച് എങ്ങനെ ഇനിയും എഴുതാതിരിക്കും?)

വെട്ടി നീക്കുവാനാകുമോ വാക്കിന്റെ
ശക്തി? പൊള്ളുന്ന വാക്കിന്റെ വഹ്നിയെ?

കത്തി നീറിപ്പൊടിഞ്ഞറ്റു കുറ്റിയായ്
ഇറ്റു വെണ്ണീറു മാത്രമാകുന്ന നീ
എത്രകാലം കിടന്നു! മൺ പുറ്റിലെ
സർപ്പമായ് ഫണം നീർത്തിയാടുന്നു നീ.
നിർത്തു നിർത്തുകീ ജല്പനം, നിൻ വിഷം
മൂത്ത പല്ലിന്നരം രാകി മാറ്റുക.

ഓർത്തു നോക്കാരു തീർത്തു തീവാക്കുകൾ,
വിത്തു പൊട്ടിക്കിളിർത്ത പൊൻ തീക്കതിർ?
ശക്തി, ചങ്കിലെ വീര്യം, സ്വരം, ശസ്ത്ര-
മൊക്കെയും സ്വരൂപിച്ചാരു നൽകിയോ?
വന്നു പോവും ചിലർ, കാലയന്ത്രമീ
മുന്നു പിന്നും ചലിക്കുമാന്ദോളനം
നിന്നു പോവില്ല, അസ്തമിക്കില്ലവർ
വന്നു പോവും ചിരം കാല ദീപ്തികൾ.
എത്രയോ നാവരിഞ്ഞു? പൊട്ടിക്കിളിർ-
ത്തത്രയും! കാലചിത്രങ്ങൾ നോക്കുക,

തൂക്കിലേറ്റി, തീയുണ്ടയാൽ ച്ചുട്ടുമാ
വാക്കിനെത്തൂത്തു മാറ്റാൻ തുനിഞ്ഞവർ
തീർത്ത രക്തക്കടൽ, തീവ്ര മർദ്ദനം;
എത്രനാൾ നേരടച്ചു വച്ചീടുവാൻ.

കാലമേ, പേ പിടിച്ച പോലാരിവർ
കാളകൂടം വമിക്കുന്നെടുത്തിടൂ;
മണ്ണിൽ വീഴ്ത്തൊല്ല, രാത്രി നീങ്ങും വരെ
ഇന്നു ഞങ്ങൾക്കു കാവൽ നിന്നീടുക!

Sunday, February 14, 2016

ഒടുവിലാ രാഗവും മൂകമായി...

ഒടുവിലാ രാഗവും മൂകമായി...

ഒടുവിലാ രാഗവും മൂകമായീ
തൊടുകുറിച്ചാന്തും മറഞ്ഞുപോയി
അനവദ്യസുന്ദര ഗാനമായീ
ഗഗന മാർഗ്ഗത്തിൽ പറന്നു പോയോ?
ഒരു മലർക്കുമ്പിളിറുത്തു, മണ്ണിൽ
നറുനിലാ വെട്ടം തളിച്ച പോലെ
വിരിയിച്ച കാവ്യപ്രപഞ്ചമേ ഹാ!
അരിയ വെൺ ചന്ദനചാർത്തുതാനോ?


ഒരു നവ്യ കാലപ്പുലർച്ച കാണാൻ
ഇരുളിന്റെ നാരായ വേരറുക്കാൻ
കരവാളു നാരായമാക്കി മൂവർ
വിരചിച്ച വിപ്ലവ വിചി കേട്ടൂ
പുതിയ സർഗ്ഗാശ്വമീ മണ്ണിലൂടെ
കുതികുതിച്ചെത്തിയാ നാൾ ജനിക്കാൻ
ഒരു വീണമീട്ടിയോ മൂവരെത്തീ
വയാലാർ, പി ഭാസ്കരൻ, ഒ എൻ വിയും.

കലുഷിതം കാലപ്പകർച്ച മാറ്റാൻ
പുലരി പൂഞ്ചായം പുരട്ടി നോക്കാൻ
പ്രണയിച്ച തത്വശാസ്ത്രങ്ങൾ നിങ്ങൾ
മുറുകെപിടിച്ചന്ത്യമെത്തിടുമ്പോൾ
കരളിൽക്കണക്കറ്റുയർന്നു പൊങ്ങും
തിരതല്ലലിൽ വീണുടഞ്ഞതെന്തോ,
കനവോ, ചരിത്രമോ കാത്തു വയ്ക്കും
കരുണയോ കാലം കളഞ്ഞു തീർത്തൂ?

വിട പറഞ്ഞീടട്ടെ; വിട്ടുപോകേ
തുടരുമീ കാലപ്പിടച്ചിലെന്നിൽ
മുറിവായ് തുറക്കേ, തടഞ്ഞു നിർത്താൻ
തവ വാക്കിനക്ഷരത്തേൻ തളിക്കാൻ
തരിക മഹാകവേ കൈരളിക്കായ്
കരവാൾത്തിളക്കമീ ദൈന്യമാറ്റാൻ....

Sunday, December 20, 2015

വി എസ്*

വി എസ്*

“നേരേ പടിഞ്ഞാറു വിൺപരപ്പിൽ
ചോരച്ചുവപ്പും പൊലിഞ്ഞൊടുങ്ങി-“
കേരളത്തിന്റെ മുഖപ്പിലിന്നും
നേരിൻ വെളിച്ചം തളിക്കുവാനായ്
ഏകനക്ഷത്രത്തിളക്കമാകും
വി എസ് തുറക്കുന്നു ബാല്യ പർവ്വം!
കാരണമെന്ത് നിരീശ്വരനായ്
തീരുവാനങ്ങെന്ന ചോദ്യചിഹ്നം
നേരാണയച്ചൊരാൾ വർത്തമാന-
പ്പോരിന്റെ നാരായമുന്തുകാരൻ.
കണ്ണീരു വറ്റിക്കരിഞ്ഞുണങ്ങി-
പ്പിന്നിട്ട നാളിൻ കറുത്ത ചിത്രം
മെല്ലെ മനസ്സിന്നളുക്കഴിച്ച്
അല്ലൽ മേലാപ്പിൽ വരച്ചിടുന്നു,
എണ്ണിയാൽത്തീരാത്ത നോവുനൌക
തന്നെയെത്തിച്ചയാഴിപ്പരപ്പിൽ
കർമ്മ കാണ്ഡത്തിങ്ങറ്റമെത്തേ
വന്നാ വഴിത്താര നോക്കിടുന്നൂ.
“അമ്മയെക്കാണാതെ രണ്ടു നാളായ്
എന്മനം നൊന്തു ഞാൻ കേണു വീഴേ,
പാരമിരുൾക്കയം മുങ്ങി നിൽക്കും
നേരു മായ്ക്കാനച്ഛനന്നു ചൊല്ലി-
നാളെ വെളുക്കട്ടെ; യായിരുട്ടിൻ
കോന്തലയിൽത്തന്റെ കൺ മറച്ചോ?
മാഴ്കൊല്ല നിന്നെ ഞാൻ കൊണ്ടു പോകാം
താഴെ വയൽ വക്കിലമ്മയുണ്ട്”
പിറ്റേന്നു നേരം പുലർന്നപാടേ
ഒറ്റയ്ക്കു ഞാൻ പാഞ്ഞു പാടമെത്തി
അറ്റത്തു ദൂരെ വരമ്പിലുള്ളാ
ചെറ്റയ്ക്കു കീഴിലെന്നമ്മയുണ്ട്.....
പെട്ടെന്നു പിന്നിലെൻ തോളിലായി-
ട്ടച്ഛനാശ്ലേഷിച്ചു; ഗദ്ഗദത്താൽ
കണ്ഠം വിറച്ചും കരഞ്ഞുകൊണ്ടും
എന്നെത്തടുത്തങ്ങു പോയിടാതെ…
അമ്മയ്ക്കു ദീനം വസൂരിയത്രെ,
അങ്ങോട്ടിതാരുമടുത്തുകൂട
വന്നാട്ടെ, ദീനം പതം വരുമ്പോൾ
നിന്നെ ഞാനങ്ങോട്ടു കൊണ്ടു പോകാം…
അഞ്ചാറു നാളുകൾ വീണു പോയി
നെഞ്ചിൽക്കെടാത്തീകൊളുത്തി;യങ്ങേ-
പ്പാടത്തു രാത്രിയിൽ കൂര കത്തി**
കൂടെയെന്നമ്മയും വെന്തെരിഞ്ഞു…
ഏറെഞാൻ കേണു വിളിച്ച ദൈവം
നേരേ വരാതേ മറഞ്ഞു നിന്നൂ
ആരു വിതച്ചു? മുളപ്പു പൊട്ടി-
ച്ചാരു കൊയ്തിട്ടു കളം മെതിച്ചൂ?
ആരെ ഞാൻ കൂപ്പണം? കണ്ണു പൊത്തി-
ക്രൂരം വിധിയ്ക്കും നിയന്ത്രിതാവിൻ
രീതികൾ രൂപഭാവങ്ങളെന്തോ
ഈ വിധം ലോകം മുടിച്ചിടുന്നു?“
പിന്നെപ്പടിഞ്ഞാറു താണു പോകും
ചെങ്കൽച്ചുവപ്പിന്റെ കാന്തിപൂരം
കണ്ണെടുക്കാതുറ്റു നോക്കി നിന്നും
മെല്ലെയുരയ്ക്കുന്ന പോലെ തോന്നി
“ കാരുണ്യമാണെന്റെ ദൈവരൂപം
നേരറ്റലോകത്തിനേകലേപം”
…………………………………………………………….
* ഫേസ് ബുക്കിൽക്കണ്ട ഒരു കുറിപ്പാണീ കവിതയ്ക്കാധാരം
**അക്കാലത്തുവസൂരിപിടിപെട്ടവരെ ഇത്തരം കുടുലുകൾ കെട്ടി മാറ്റിത്താമസിപ്പിക്കുമായിരുന്നു. രോഗം ജീവനെടുത്തുകഴിയുമ്പോൾ
താമസിപ്പിച്ച കൂര തന്നെ ചിതയാക്കി മാറ്റും…
വി എസിനു നാലു വയസ്സുള്ളപ്പോൾ അമ്മയും 11 വയസ്സിൽ അച്ഛനും നഷ്ടമായി

Sunday, October 25, 2015

മൂദേവി

മൂദേവി
തൂക്കു വിളക്കു കൊളുത്തിയസംഖ്യം
ദീപാവലിയിലലിഞ്ഞൊരുവൾ
കൂപ്പിയുയർന്നിരുകൈമുകുളങ്ങൾ
നിരക്കെ,വിളങ്ങിയണിഞ്ഞൊരുവൾ
ചന്ദന, കുങ്കുമലേപകളേബര
രൂപമനോഹര ബിംബമൊരാൾ
സുന്ദരി, സർവ്വ സുഖാസുഖദായിനി
നിർമ്മല കാന്തി നിറഞ്ഞൊരുവൾ!
ലക്ഷ്മി, മനസ്സുഖ ,ശാന്തി മഹാമതി
നന്മ, നിദാനമകംപൊരുളായ്
ഭക്ഷണ, വസ്ത്ര,വിഭൂഷണ രക്ഷ-
യണച്ചു തരും വര വാങ്മൊഴി നീ!
തെക്കിനി മൂലയിലൊറ്റവിളക്കു
കൊളുത്തിമയങ്ങിയിരിപ്പൊരുവൾ
ഒക്കെയുരുണ്ട് വിമൂക മുഖത്തൊടു
കത്തിയമർന്ന കരിം തിരിയോ?
ദക്ഷിണയില്ല, ജനാവലിയില്ല-
ണയാത്ത വിളക്കൊളിയില്ലവിടെ,
നിഷ്ക്രിയ,നിർമ്മമ,നിർദ്ദയരൂപിണി
നന്മ ചുടുന്ന കൊടും ചുടല
തീർച്ച! സഹോദരിമാരിവർ, മൂത്തവൾ
മുക്കിലിരിപ്പൊരു മൂദേവി
മൂർത്തി മനസ്സിനടിത്തട്ടിന്നടി
യാഴമഗാധമളന്നൊരുവൾ.
തെക്കിനി മൂലയിലല്ലിവൾ, ചിത്ര!
മിരുട്ടു തൊടുത്തു മദിപ്പതു ഹേ,
നോക്കുക! നിന്മുഖ പൊയ്മുഖ മൂടി
യെരിച്ചു കടും തുടി കൊട്ടിവരും
ദുർമുഖ, ദുഷ്ട വിചാര, വിരൂപിണി
ദേവി യകത്തു വസിപ്പിവളും!!
തീർച്ച! നിനക്കു വശംവദയാ-
യിരു മൂർത്തി വസിക്കും കോവിലു് നീ
ഓർത്തു വിളക്കു തെളിച്ചൊഴിയായിരു-
ളാട്ടിയകറ്റിയഘം കളയാം!

Wednesday, September 30, 2015

തെരുവു നായ്ക്കൾ

തെരുവു നായ്ക്കൾ
കൊന്നൊടുക്കുന്നൂ തെരു-
നായ്ക്കളെ; വിഷം തേച്ച
അമ്പുകൾ കുരയ്ക്കുന്ന
വായിലേക്കെയ്തും , പിന്നെ
കമ്പിയിൽ കുരുക്കിട്ടു
തൂക്കിലേറ്റിയും മഹത്-
കർമ്മമായ് സമൂഹത്തിൻ
രക്ഷിതാക്കളായ് വെൽവോർ.
സഞ്ചിതം മഹാധർമ്മ-
ഭാരവും വഹിച്ചിവർ
കൊന്നൊടുക്കുവാൻ പോന്നു
നായ്ക്കളെ മഹാ ഭാഗ്യം.
കണ്ണിലായ് കാരുണ്യത്തിൻ
കച്ചകെട്ടിയോർ നിജം
നെഞ്ഞിലെക്കാരുണ്യത്തിൽ
ചെന്നിണം ചാലിക്കയാം.
ഇന്നലെയാഫീസിന്റെ
താഴെയായ് വരാന്തയിൽ
കണ്ടു ഞാൻ മഹാവൃദ്ധ,-
നാവതില്ലിരിക്കുന്നു;
നേരമേറെയായെന്തു
നേടുവാനാമോ? കർമ്മ-
ഭാരമീ മട്ടിൽ വന്നു -
തേടുവാനെന്തോ കഥ!
കാരണം തിരക്കി ഞാൻ
പ്യൂൺ വശം, “മെയിന്റനൻസ്
വാങ്ങുവാനപേക്ഷയായ്
വന്നതാണു പോലച്ഛൻ“
മക്കളഞ്ചാറുണ്ടവർ
ആയകാലത്തേ സ്വന്തം
വസ്തുവൊക്കെയും ഇഷ്ട-
ദാനമായ് വശത്താക്കി.
അമ്മ കണ്ണടടച്ചിപ്പോ-
ളേകനാണൊരാശ്രയം
കയ്യിലെപ്പഴേ കാലൻ
കുടമാത്രമാണത്രേ.
“ആവതില്ലാഫീസറെ
ക്കാണണം; സ്റ്റെയർ കേസിൽ-
ക്കേറി മോളിലെത്തണം;
കാൽ വിറക്കുന്നൂ മോനേ…”
ഞാൻ വിറക്കുന്നോ? ആറ്
മക്കളെ മുളപ്പിച്ചു
വേരുറക്കുവോളവും
കാത്തകൈ കുടഞ്ഞിട്ടാ-
പേയ് പിടിച്ച മക്കളെ
നാടുകൊല്ലുമോ? നീളെ –
ത്തേടുകയിവർ കാണും
നായ്ക്കളെ വിട്ടേയ്ക്കുക!
---------------------------------------------------------------------------------
നാളെ വൃദ്ധദിനമത്രേ! അവർക്കുവേണ്ടി സമർപ്പിക്കുന്നു ഈ കവിത

Wednesday, September 23, 2015

ബോഡി

ബോഡി

വഴിപിരിഞ്ഞിന്നൊരാൾ പോയീ, മടക്കമി-
ല്ലിനിയാത്രയെങ്ങോ നിനച്ചു നോക്കേ,
വഴി വകഞ്ഞെത്തുന്നു; ‘ബോഡി‘ കുളിപ്പിച്ചു
ധവളവസ്ത്രത്തിൽ പൊതിഞ്ഞു കെട്ടി!
എവിടെയോ പോയ്മറഞ്ഞപ്പരേതന്റെ പേർ
ശവ‘മെന്നു മാത്രമായ് തീർന്നതെന്തേ?

നിയതമായുള്ളതാരെ,ന്തെന്ന ചിന്തയിൽ
ഭയമോടെ ഞാനെന്നെയുറ്റു നോക്കീ!

ഇവിടെ ഞാനുണ്ടെന്നു പറയുവാനുള്ളതീ-
യുടലോ, വിചിത്രമീ യന്ത്രമോ ഞാൻ?
ഒരു കൊടും കാടിന്റെ വള്ളിപ്പടർപ്പു പോൽ
ധമനികൾ, സിരകൾ വരിഞ്ഞു ചുറ്റി-
പ്പടരുന്ന രക്തതുടുപ്പും കുതിപ്പുമോ-
യിവിടെയെൻ സാന്നിദ്ധ്യമായി വെൽവൂ?

ഇനിയില്ലയിങ്ങോട്ടു യാത്ര,യദ്ദേഹമോ
ചിതയിലായ്; തീയായ് വെളിച്ചമായി-
പ്പടരുന്നു; ചിന്തയിൽ കത്തിത്തെളിക്കുന്ന
പുതു നിലാ നോക്കി ഞാൻ പുഞ്ചിരിച്ചൂ!

ഇവിടെ നീയുണ്ടെന്നു പറയുവാൻ നട്ടിട്ട
പലതുമായ് വന്നു നീ പോയതത്രേ!
ദയ, വിരോധം, ധാർഷ്ട്യ, ദുരഭിമാനം,സ്നേഹ-
ഭയ,ഭക്തിരൂപം ധരിച്ചു നീയോ
മരുവുന്നു; ഹേ, നിന്റെ ചിരിയായ്, കരച്ചിലായ്
ഉരുവിടും വാക്കും, വചസ്സുമായി-
ട്ടപരന്റെ ബോധമായ് നിന്നു നീ; ബാക്കിയാ-
മുടലോ വിചിത്രമാം തോടു മാത്രം!

ഇരുളുന്ന സന്ധ്യയിൽ പൊട്ടിപ്പൊലിഞ്ഞിതാ
ചിതയൊടുങ്ങുന്നൂ, വിലാപമറ്റൂ;
വിവിധരൂപങ്ങളിൽക്കേറിയിറങ്ങി ഞാൻ
എവിടെയെൻ പ്രജ്ഞയെന്നമ്പരന്നൂ!









Tuesday, August 18, 2015

ചിത്രപതംഗങ്ങൾ

ചിത്രപതംഗങ്ങൾ

ചിത്രപതംഗങ്ങൾ ചുറ്റുന്നു രണ്ടു പേ-
രൊത്തൊരുമിച്ചെന്റെ മുറ്റത്തു കാഴ്ചയായ്
എത്തിയിന്നേതോ മറന്നിട്ടയോർമ്മകൾ
തിക്കിത്തിരക്കിയുണർന്നേറ്റു വന്നപോൽ

ഒക്കെയും വെട്ടിപ്പറിച്ചു ഞാനെങ്കിലും
വിത്തുകൾ പാകിക്കിളിർപ്പിച്ചപൂ‍ർവ്വമാം
കട്ടച്ചുവപ്പാർന്ന സൂര്യകാന്തിച്ചെടി
നട്ടിട്ടുപൂക്കൾ വിരീച്ചെന്റെ ഭാര്യയും!
ചുറ്റിനും കൊച്ചുമുക്കൂറ്റിക്കുണുങ്ങുകൾ
എത്തി നോക്കുന്നു; പുൽ മാന്തിക്കിളക്കണം
ഓണമല്ലേ മുന്നിലെത്തുന്നു, വൈകാതെ
വേണം , വെടിപ്പാക്കി നിർത്താം പറമ്പിനെ.

എങ്കിലും എൻ കണ്ണുമൂടിപ്പൊതിഞ്ഞിടും
വർത്തമാനത്തിന്റെ കട്ടിക്കറുപ്പിലൂ-
ടെത്തിയാ വർണ്ണച്ചിറകട്ടടിച്ചിതാ
ചിത്ര പതംഗങ്ങൾ ! ചിത്രം മനോഹരം.!

ദൂരേ വെയിൽക്കീറു വീശി വിഭാതമി-
പ്പാരിലെ വിസ്മയക്കാഴ്ച വരച്ചതും,
ഏറെ വൈവിധ്യം, വിരുന്നുകാർ വേഷമി-
ട്ടൂരിലെത്താളവട്ടങ്ങൾ ചമപ്പതും
നേരാണു കാലം കലർപ്പിട്ടു മായ്ക്കുകിൽ
ത്തീരില്ല തിര്യക്കൊരുക്കും വിരുന്നുകൾ!

“ എത്ര നാളിത്തേൻ കുടിക്കാനിവർ വരും
ചിത്ര പതംഗങ്ങൾ?” ആരാഞ്ഞിതെൻ മകൾ

“ഒട്ടുമില്ലായുസ്സൊടുങ്ങിടാനെട്ടുനാൾ“
ചെറ്റു ദുഃഖം പൂണ്ടുരച്ചു ഞാൻ; തൽക്ഷണം
പൊട്ടിക്കരഞ്ഞവൾ  “ കഷ്ടമിന്നാവുമോ
എട്ടു നാൾ തീർത്തും തികച്ചിട്ട നാൾവഴി?”

ഞെട്ടിത്തരിച്ചുറ്റു നോക്കി ഞാൻ ചുറ്റിലും
നൃത്തം ചവിട്ടും പതംഗദ്വയങ്ങളെ,
കൊച്ചു മുക്കൂറ്റിക്കുണുങ്ങിനെ, മുന്നിലെ
കത്തിത്തിളക്കുന്ന സൂര്യനെക്കാമിച്ചു

മുഗദ്ധ സൌന്ദര്യം വിരീക്കും സുമത്തിനെ.
എത്രനാളിങ്ങിനി, ഇത്തിരിപ്പോരുന്ന
വെട്ടം സ്വരൂപിച്ചുണർത്തിടും ഭൂവിനെ?

എന്നെ,യെൻ ഹൃത്തിലെ ലോലപുടങ്ങളെ?

Monday, July 27, 2015

വിട

വിട


ഇല്ലിനിയൊരിക്കലും,
വന്നു പോവുമോ വീണ്ടും
ഞങ്ങളെയിന്നാടിന്റെ
നാഡിയെയറിഞ്ഞൊരാൾ ,
പുല്ലിനും പുഴുക്കൾക്കും
കാട്ടുപൂവിനും നേരെ
ഫുല്ലസുസ്മേരം പൊഴിച്ചി-
ങ്ങനെ സ്നേഹിച്ചൊരാൾ?


ഉള്ളിലെത്തിളക്കത്താ-
ലഗ്നിയാക്കിടും വാക്കും,
കുഞ്ഞു പൂവുകൾക്കൊക്കും
നിഷ്കളങ്കമാം നോക്കും,
കന്മഷം തീണ്ടാത്തത്തൊരാ
കണ്ണിലെക്കാരുണ്യവും
ഇങ്ങനെ സ്വയം നാടി-
ന്നർഘ്യമായ് നിവേദിച്ചോൻ!

കുന്നു കൂടിടും നാടിൻ
കൂരിരുൾ തുടയ്ക്കുവാ-
നഗ്നിയായ് പ്രൊശോഭിച്ചും
നവ്യദീപ്തികൾ നട്ടും
ഞങ്ങളിലറിവിന്റെ
നൂതന വഴിത്താര
തന്നു പോകുവാൻ വന്നു;
കണ്ണു നീർത്തിലോദകം!

Thursday, June 25, 2015

ധ്യാനം!

ധ്യാനം!

പ്രായമേറിയാലിനി എത്ര-
യേറുവാൻ? മുന്നിൽ-
പ്പോവുമാ വൃദ്ധക്കെന്നു
ഞാൻ നിനച്ചെടുക്കവേ,
പാതി കൂനിയും പഴേ
ജീവിതക്കരുത്തിന്റെ
കാതലായ് തനിച്ചെന്റെ
ചാരെ നിന്നവർ സ്റ്റോപ്പിൽ.


നേരെ നിൽക്കുവാൻ, നടു-
നീർത്തുവാൻ വയ്യെങ്കിലും
ദൂരെയെങ്ങിവർ പോകാൻ
ഞാനിതൽഭുതം കൊണ്ടു,
വല്ലവണ്ണവും ബസ്സിൽ-
ക്കേറിവീഴുമോ, കൂടെ
ആരുമില്ലല്ലോ; പാരം
നൊമ്പരം നുരക്കവേ,
ചെന്നു തോണ്ടി ഞാൻ: “ ദൂരെ-
യെങ്ങു പോണു വല്യമ്മേ
മക്കളില്ലയോ കൂടെ-
ക്കൂട്ടുവാൻ, തനിച്ചെന്താ?”

വെള്ളമൂടിടും കണ്ണാ-
ലെന്നെയൊന്നുഴിഞ്ഞിട്ടു
ചൊല്ലിയാൾ: “ധ്യാനത്തിനു
പള്ളിയിൽപ്പോണെൻ കുഞ്ഞേ“

രണ്ടു ബസ്റ്റോപ്പിൻ ദൂരെ-
യുണ്ടൊരു മഹാധ്യാന-
മന്ദിരം; പഴേ വെറും
പള്ളി പെറ്റുകൂട്ടിടും
കെട്ടിടസമുച്ചയം,
അൽഭുതപ്രഭാഷണം,
വില്പന, മഹാ രോഗ-
ശാന്തി ശുശ്രൂഷ, ധ്യാനം!

ആയകാലത്തിൽക്കടും
ജീവിത സമസ്യകൾ
സ്വീയമാം കരുത്തോടെ
ഉത്തരം കൊടുത്തവർ-
ക്കെന്തു ധ്യാനമോയിനി
നേടുവാൻ? തമസ്സിനെ
സ്വന്തമാം വെളിച്ചത്താൽ
തൂത്തു മാറ്റുവാൻ പോന്നോർ!

എന്റെ യുള്ളിലെ ച്ചോദ്യം
കണ്ടറിഞ്ഞപോലവർ
ചൊല്ലി:“നേർച്ചയൂട്ടുണ്ട്
വെള്ളിയല്ലയോ ഇന്ന്?”

Friday, June 5, 2015

ആരെ ഞാൻ നമിച്ചീടും?

ആരെ ഞാൻ നമിച്ചീടും? 

ആരെ ഞാൻ നമിച്ചീടും? മനസ്സിലേ-
ക്കാനയിച്ചൂ ഗുരുക്കളെ,നിസ്തുലം
ജ്ഞാന വിജ്ഞാനസീമകൾ തൊട്ടവർ
വാനിലേക്കെന്നെ നോക്കാനൊരുക്കിയോർ….


ഏതു നോവിലും തേൻ പുരട്ടാൻ പോന്ന
സ്നേഹ കാരുണ്യമമ്മയെ; കൈപിടി-
ച്ചേതുകാൽ വയ്പിലും വീണു പോകാതെ-
ജീവിതപ്പാത തീർത്തു തന്നച്ഛനെ,
കണ്ണുനീർ തൊട്ടു കാണാക്കളങ്കങ്ങൾ
എന്നിൽ മായിച്ച തോഴിയെ, വാഴ്വിന്റെ
വർണ്ണമൊക്കെക്കൊഴിഞ്ഞുപോം നാളിലും
എന്നെ നോക്കാൻ മടിക്കാത്ത മക്കളെ
ആരെ ഞാൻ നമിച്ചീടും? സഹർഷമീ
ജീവനൌകയിൽ, യാത്രയിൽ ഓർത്തു ഞാൻ!

ഇപ്രപഞ്ചം മഹാൽഭുതം , നിർത്തിടാ-
തപ്രേമേയം കറക്കുന്നു നമ്മളെ,
ചുറ്റിലായിരം നക്ഷത്ര ജാലങ്ങൾ
കത്തിവേവുന്നു, സ്ഥായിയാം കൂരിരുൾ
ചെറ്റുമായിച്ചു വെട്ടം തെളിക്കുവാൻ.!

നീലയാകാശവും മേഘജാലവും
മേൽ വിരിപ്പിട്ടൊരുക്കുമീ ഭൂമിയോ
ആഴി,യദ്രി,പുൽമേടും തരുക്കളും,
ജീവ വൈവിധ്യമൊക്കെസ്വരൂപിച്ചു
നിന്നു ചുറ്റിത്തെളിക്കുന്നു ജീവിതം;
വന്നു പോവുന്നു നമ്മൾ നീർപ്പോളപോൽ!

എങ്കിലും കണ്ണു മൂടാതെ കാണണം
ഞാൻ ചവിട്ടും നിരപ്പിനെ, നീരിനെ
കുഞ്ഞു പൂവിനെ, കുന്നിനെ, കാടിനെ;
കത്തിനീറുന്ന സൂര്യന്റെ ചൂടെന്നു-
മേറ്റുവാങ്ങിയി ഭൂവിനെക്കാക്കുവാൻ
സ്വച്ഛശീതളച്ഛായാഗൃഹങ്ങളാൽ
കൊച്ചു മേൽക്കൂരയാകും മരങ്ങളെ
ഞാൻ നമിക്കട്ടെ! എന്റെ മേൽക്കൂരയെ!