Sunday, November 20, 2016

പിറവി

പിറവി

നെഞ്ചിലെത്തീയണക്കുവാന്‍, ഇന്ത്യയില്‍
സഞ്ചയിച്ചോരിരുട്ടില്‍ വിളക്കുമായ്,
പണ്ടൊരച്ഛന്‍ നടന്നേറെ വീഥികള്‍
'കണ്ടുവോ എന്റെ കുഞ്ഞിനെ?' ആരുമേ
മിണ്ടിയില്ലത്തുലഞ്ഞ മൗനത്തിന്റെ
ചില്ലുമേടകള്‍ മുട്ടിത്തെറിച്ചൊരാ
വൃദ്ധരോദനം മറ്റൊലിക്കൊള്‍കവേ;
നേരി,രുട്ടിന്‍ തമോഗഹ്വരങ്ങളില്‍
പാരമാഴത്തിലാണ്ടമര്‍ന്നന്നുപോയ്...


അമ്മ,യമ്മകന്നോര്‍മ്മപ്പടര്‍പ്പിലെ
വന്നുപൂക്കാത്ത വല്ലിയില്‍ കണ്‍നിറ-
ച്ചെന്നുമങ്ങനെയങ്ങനെ മൗനമായ്;
വന്നുപോയെത്ര നീറുന്ന കാഴ്ചകള്‍.

ഇന്നു ഞാന്‍ തുറന്നപ്പുസ്തകത്തിലേ-
ക്കൊന്നു നോക്കി ഹാ! ഈച്ചരവാരിയര്‍
യാത്രയേറെക്കഴിഞ്ഞറ്റകുറ്റിപോല്‍
പുത്രനെക്കണ്ണിലേറ്റി,ത്തിളക്കുന്ന
അഗ്നിയില്‍ത്തന്റെ തൃക്കണ്‍ തുറക്കയോ?

കണ്ടുവോ നിന്റെയിന്ത്യയെ?കന്മഷം
തീണ്ടിനില്‍ക്കുന്നുടല്‍ക്കോലമിങ്ങനെ?
നീണ്ടൊരാധിയാണിന്നു നീ, നിന്‍ മകന്‍
കണ്ടുനില്‍ക്കെപ്പൊലിഞ്ഞപോല്‍ തോന്നിയോ?
പിന്നില്‍ മുന്നില്പ്പകക്കണ്ണുമായൊരാള്‍
പമ്മിനില്‍ക്കുന്നപോലെയും തോന്നിയോ?
ഒന്നു നെഞ്ചിടിപ്പേറിയോ, എത്രനാള്‍
നിന്നെ വെന്നോ, ഒളിച്ചിരിക്കുന്നവന്‍!

നിന്റയന്വേഷണങ്ങള്‍ക്കു മേലവര്‍
ഹന്ത! ബാധിര്യബാധപോല്‍ നിന്നുവോ?
അമ്മയെ,ക്കണ്ണുനീരറ്റ സാധ്വിയെ
വന്യമായാട്ടിദൂരെയോടിച്ചുവോ?

ഏതുകാലമീ കാലവിപര്യയം
ഭീതിപൊട്ടിപ്പരക്കും തുടര്‍ക്കഥാ-
സാരമെന്ത്? വരുംനാളുകള്‍ക്കിവര്‍
നേരെയേറെ വിലങ്ങൊരുക്കുന്നുവോ?
യാത്രയേറെക്കഴിഞ്ഞറ്റകുറ്റിപോല്‍
മാഷു നില്‍ക്കുന്നു താരാഗണങ്ങളില്‍;
ആധിയാല്‍ത്തേഞ്ഞു തീര്‍ന്നൊരാജീവിത-
പ്പാതയില്‍ വന്നു വീണ്ടും പിറക്കയാം....

1 comment:

Cv Thankappan said...

കദനം നിറഞ്ഞവരികള്‍
ആശംസകള്‍