Sunday, August 6, 2017

'ബോഡിയാകിലോ പേടിക്കണം'

ടീച്ചറൈസ്യൂവില്‍ത്തന്നെ,
മാഷു കാവലാണിന്നും
ആഴ്ചയൊന്നായിതിപ്പോള്‍
വെന്റിലേറ്ററില്‍; ജീവന്‍
സ്വച്ഛമായ് പറന്നെങ്ങോ
പോകുവാന്‍ തരപ്പെടാ-
തപ്പൊഴും തിടുക്കത്തില്‍
ഹൃത്തിനെത്തുടിപ്പിക്കേ,
നിശ്ചയിച്ചുപോല്‍ മാഷു്‌
കൂടഴിച്ചൊഴിച്ചിടാന്‍
ടീച്ചറിച്ഛപോല്‍ പറ-
ന്നകന്നേക്കട്ടെ, അതിന്‍
പേപ്പറൊക്കെയും സൈന്‍
ചെയ്തുമാഷ്, ഇനി തിക-
ച്ചിന്നു രാത്രിയെത്തില്ല
ഡോക്ടര്‍ നിശ്ചയിച്ചായുസ്സ്...


കൂടെയാരുമില്ലല്ലൊ?
മാഷു കൂട്ടിയാല്‍ കൂടാ-
ത്താള്‍ബലമൊരുക്കണം
ആംബുലന്‍സിലേറ്റണം.

യാത്രയില്‍ 'ബോഡി'ക്കൊപ്പം
ഞങ്ങള്‍ രണ്ടുപേര്‍, വീട്ടി-
ലെത്തുവോളവും മിണ്ടാന്‍
വാക്കുകളടഞ്ഞവര്‍
രാത്രി പത്തായി വീട്ടില്‍
ബോഡിയെത്തിടും നേരം
കൂട്ടിരിക്കുവാന്‍ തീര്‍ച്ച
ആളു കൂടിയിട്ടുണ്ട്.
ഉള്ളിലെ വെറും നില-
ത്തിറക്കി, വിരിപ്പിട്ട്
വെള്ള വസ്ത്രത്തില്‍ ടീച്ചര്‍
അങ്ങനെ കിടക്കുമ്പോള്‍
ഒറ്റ നെയ്ത്തിരിയിട്ട
വിളക്കും ഏകാന്തമായ്
തെക്കിനിത്തൂണില്‍ച്ചാരി-
യിരിക്കും വിഭാര്യനും
മാത്രമായ്ത്തീരും മട്ടില്‍
ആളുകള്‍, ബന്ധുക്കളും
ഭംഗിവാക്കുകള്‍ നല്‍കി-
പ്പോകവേ, പരേതയ്ക്കായ്
നീക്കിവക്കുവാനൊരു
രാത്രിനിദ്രതന്‍ സുഖ-
ക്കൈവശമറിഞ്ഞിടേ,
യാത്ര ചൊല്ലാതെ മാഷിന്‍
ചാരെയായിരുന്നു ഞാന്‍.....

'ഫ്യൂണറല്‍' സമയമായ്
രാവിലെയനസ്യൂത-
മാളൂകളടുക്കുന്നു;
ചാരെയുള്ളവര്‍, കുറേ
ദൂരെയുള്ളവര്‍, ഉറ്റ
ബന്ധുമിത്രങ്ങള്‍, പുത്ര-
പൗത്രസഞ്ചയം, കുളീ-
ച്ചീറനായവര്‍ ചിലര്‍.
തന്ത്രി മന്ത്രപൂജനം,
പിണ്ഡയര്‍പ്പണം, കര്‍മ്മ-
ബന്ധനം, പരേതാത്മാ-
വിന്റെ പ്രീതി വാങ്ങയാം.
പ്രീതിയോടൊരിക്കലാ
ജീവനെ സ്വകര്‍മ്മം കൊ-
ണ്ടേതുമേ തലോടാത്തോര്‍
തിങ്ങിനില്‍ക്കയായ് ചുറ്റും
പച്ചരിയെള്ളും പൂവും
കൈക്കുടന്നയില്‍ വാങ്ങി-
ത്തര്‍പ്പണം ചെയ്യാന്‍! ബോഡി-
യാകിലോ പേടിക്കണം.

ദൂരെ നേര്‍ വിഹായസ്സില്‍
കണ്ണുകളുടക്കിയെന്‍
ചാരെനിന്നിടും മാഷു
മൗനമായ് മൊഴിഞ്ഞുവോ?:
'ഭീതികര്‍മ്മമാമിതിന്‍
വേരുകള്‍ വലിച്ചൂരി
ആരെ ഞാനടിക്കൊലാ?'
ടീച്ചറോടാവാം; കാല-
മീവിധം തുരുമ്പിച്ച
ചക്രവുമുരച്ചുര-
ച്ചാതുരം സ്നേഹത്തിന്റെ
ചില്ലകളൊടിക്കയോ?

2 comments:

شركة ضي الرحمن المنزلية said...

شركه عزل اسطح بالجبيل

التسويق الاكترونى said...

شركة مكافحة حشرات بالرياض
الحشرات الضارة قد تقوم بالضرار او الامراض ولكن عليك مكافحة تلك الحشرات من بق الفراش ،الصراصير ، النمل بكل الانواع ، الفئران والقوارض ، مكافحة الوازغ ، مكافحة الحشرات الطائرة من ناموس وهاموش و ذباب ،ايضا مكافحة الحمام.
شركة مكافحة الفئران بالرياض
شركة مكافحة النمل الابيض بالرياض
شركة رش دفان بالرياض
شركة رش مبيدات بالرياض
شركة مكافحة النمل الاسود بالرياض
شركة مكافحة بق الفراش بالرياض
اسعار شركات مكافحة الحشرات بالرياض