Saturday, February 12, 2011

ഒരു കവിതക്കത്ത് !

ഈ കത്ത് മലയാളത്തിലെ പ്രസിദ്ധരായ
രണ്ടുമൂന്നു കവികള്‍ക്ക് ഞാനയച്ചതാണു്. കത്തിനു മുന്‍പ്
എന്റെ വക കവിതാസമാഹാരം വൈജയന്തിയും അവര്‍ക്കു സമര്‍പ്പിച്ചിരുന്നു....

കാലം കുറെ കഴിഞ്ഞങ്കിലും ഈ കവിതക്കത്തിനു മറുപടി
കാത്തിരിക്കുകയാണു് ഞാനിപ്പൊഴും!

ഒരു പുസ്തകം ഞാനങ്ങയച്ചിരുന്നു ,
പേരു വൈജയന്തി വിജയിച്ചുവോ മല്‍ ശ്രമം?
ഒക്കുമെങ്കില്‍ ”ക്കണ്ടു വായിച്ചു “വെന്നെനി-
ക്കക്ഷരം അഞ്ചു കുറിച്ചയച്ചീടുമോ?

ഒട്ടു നാളായി ഞാന്‍ കാത്തിരിപ്പൂ. കനി-
വറ്റിടാതേകണേയക്ഷരപ്പൂക്കളെ,
അര്‍ഹമെങ്കില്‍ തവ തൃക്കരം നല്‍കിടും
അര്‍ഘ്യവും കാത്തു ഞാന്‍ കണ്‍പാര്‍ത്തിരുന്നിടാം.

കെട്ടുപോ,മിച്ചിരാതിത്തിരിവെട്ടമാ-
ണൊട്ടു നേരംതെളിഞ്ഞാഭ നല്‍കീടുമോ?
തീര്‍ത്തും ഭവാനറിഞ്ഞെത്രയും വേഗമാ-
സ്നേഹനം നല്‍കിയുണര്‍ത്തി നിര്‍ത്തീടുമോ?

ഷാജി നായരമ്പലം

Monday, February 7, 2011

സൌമ്യ മോളേ....

...............................................


കുഞ്ഞിടിപ്പെങ്കിലും തന്നുവെന്നാലെന്റെ
പൊന്നു മോളെ ഞങ്ങള്‍ കൊണ്ടു പോകും
കണ്ണിമ പൂട്ടാതെ കാവലായ് നിന്നിടും
മണ്ണിലെ ദുഃഖങ്ങള്‍ പങ്കുവയ്ക്കും.

വര്‍ണ്ണച്ചിറകും, വിലപ്പെട്ടതൊക്കെയും
വന്യമായ് ലോകം കവര്‍ന്നതല്ലേ,
ഏറെപ്പിടഞ്ഞുവക്കുഞ്ഞിച്ചിറകടി-
ച്ചാരെയോ നോക്കിക്കരഞ്ഞതില്ലേ?
കൂകിത്തിമര്‍ക്കുന്ന കാലന്റെ വണ്ടിയാ-
ത്തേങ്ങലും കേട്ടു കുതിച്ചുവെന്നോ?
കൂരിരുള്‍ പോലും അറക്കുന്ന കാ‍ഴ്ച്ചകള്‍
കാലനും, ദൈവവും നോക്കി നിന്നോ?

ആരെപ്പഴിക്കുവാന്‍? കണ്ണുകള്‍ പൂട്ടാതെ
ചാരെയെന്‍ പൈതലെത്തന്നുവെങ്കില്‍
കുഞ്ഞിടിപ്പെങ്കിലും ബാക്കിവച്ചേക്കുകില്‍
പൊന്നുമോളെ ഞങ്ങള്‍ കൊണ്ടു പോകും.....