Sunday, December 28, 2014

പൂച്ച!

പൂച്ച!

ശ്രാദ്ധമൂട്ടുന്നതിൻ മുൻപേ
കൊട്ടയാൽ മൂടി വയ്ക്കണം
വീട്ടിലെപ്പൂച്ചയെ,ക്കണ്ടോ
തിട്ടമായിതിനുള്ളിനെ?


പൂച്ച ശല്യമായ്ത്തീരും,
അർച്ചനയ്ക്കു തടസ്സമാം;
പൊന്നുരുക്കുന്നതാണേലും
വന്നുരുമ്മുന്നു പൂച്ചകൾ!

കാഴ്ചവട്ടത്തു കാണാതി-
പ്പൂച്ചയെ മാറ്റുകെന്നൊരാൾ
വച്ചൊരാജ്ഞയതിൻ വണ്ണം
പൂച്ചയെ മൂടി കൊട്ടയാൽ!

പിന്നെ, പിന്നാലെ വന്നോരും
ചൊന്നു പോന്നിതു തിട്ടമായ്
“ശ്രാദ്ധമൂട്ടു തുടങ്ങുമ്പോൾ
ബദ്ധമാക്കുക പൂച്ചയെ”

ആലു പോലിഹ മാമൂലും
കാലഭേദങ്ങളാകവേ
വേരു ധാരാളമായാഴ്ത്തും
പേരിതാചാരമെന്നതാം.

കണ്ണു കെട്ടുന്നിതെല്ലാരും
മുന്നിലെപ്പാഴ് വിഴുപ്പുകൾ
ചോന്നു ചോന്നിത്ര ദൂരവും
വന്നു നിൽക്കുന്നു കാണുക.

ഇന്നിതില്ലത്തു പൂച്ചക്കോ
പഞ്ഞമായ്;പാഞ്ഞലഞ്ഞൊരാൾ
മുന്നമേ കൊണ്ടു മൂടുന്നു-
ണ്ടജ്ഞതയ്ക്കെന്തു പേരഹോ?!

Monday, December 15, 2014

നക്കീരന്‍

നക്കീരന്‍

പാണ്ഡ്യ രാജ്യത്തിലെ പേരുകേള്‍ക്കും
പാണന്റെ ജീവിതകാവ്യമെന്തോ
ഇന്നു പുലര്‍ച്ചെയെന്‍ തൂലികത്തുമ്പിനാല്‍-
ത്തുന്നാന്‍ വിളിച്ചാരുണര്‍ത്തിയാവോ?


നക്കീരനെന്നാണു നാമധേയം,
സല്‍ക്കാവ്യ സിദ്ധിതന്‍ നാമരൂപം,
സല്‍ക്കീര്‍ത്തി ദേവലോകത്തുമെത്തീ
തൃക്കണ്ണുദേവന്‍ കുനിഞ്ഞുനോക്കി.

" ഭൂമിയില്‍ ഭാവം പകര്‍ന്നു പാടും
സൗമ്യഗീതങ്ങള്‍ക്കു നേര്‍ വെളിച്ചം
ആരാണിവന്‍?" നേരു നോക്കിടാനായ്
പാരം പരീക്ഷണം ചെയ്തുപോലും.
ഭാര്യയോടൊത്തൂഴിവണ്ടി കേറി
നേരേയിറങ്ങിയപ്പാണ്ഡ്യരാജ്യ-
ക്കൊട്ടാരമേട്ടില്‍ക്കഴിച്ചു കാലം
ഒട്ടേറെ നാള്‍, കാവ്യസിദ്ധികാണാന്‍.
സന്ദേഹമായിവന്‍ സത്യമല്ലാ-
തൊന്നും രചിക്കയില്ലെന്നു കേട്ടൂ
ഒന്നു പരീക്ഷിക്കതന്നെ; തന്റെ
പാതി മെയ്യാകുന്ന പാര്‍വ്വതി തന്‍
പാര്‍വ്വണേന്ദൂ മുഖം ദീപ്തമാക്കും
കൂന്തലിൻ ഗന്ധത്തെ വാഴ്ത്തിടട്ടെ!

പാരം കവീന്ദ്രര്‍ പദം നിരത്തി
സാരസര്‍വ്വം ശൈവസിദ്ധി പാടി
നീരജ നേത്രതന്‍ കൂന്തലിന്റെ
ജാത സൗഗന്ധപ്പുകഴ്ച്ച പാടി.
നക്കീരനേകന്‍ രചിച്ചു നല്‍കി:
"എത്രയും ലേപങ്ങള്‍ നിത്യമായി
ഇത്തന്വി നന്നായ്പുരട്ടിടുന്നു,
ഇത്ര സുഗന്ധം അതിന്റെ തന്നെ!"

ശക്തം ശിവം ശൈവകോപമെന്തോ
നക്കീരനെച്ചുട്ടു നോക്കിടുന്നൂ
"തീര്‍ച്ച നീ കള്ളം പറഞ്ഞിടുന്നോ?
ഇട്ടെരീക്കും നിന്റെ കാവ്യമെല്ലാം
എന്റെ തൃക്കണ്ണാല്‍ നീ ചാമ്പലാകും
ശങ്കവേണ്ട; ചൊല്ലു സത്യമെന്തോ."

"ശങ്കയില്ലങ്ങു തീക്കണ്ണുരുട്ടി
വങ്കത്തമാണു ശഠിച്ചിടുന്നൂ
അക്കണ്ണു തീയിട്ടെരീച്ചിടുമ്പോള്‍
നില്ക്കും സ്ഫുടം ചെയ്ത സത്യമെന്നും"

തൃക്കണ്ണു തീക്ഷ്ണം ജ്വലിച്ചുയര്‍ന്നൂ
നക്കീരനും ചാമ്പലായിയെന്നാല്‍
കഷ്ടം നിരന്തരം ലേപമില്ലാ-
തക്കൂന്തല്‍ ഗന്ധം നിറഞ്ഞുമില്ലാ!!

ഇക്കണ്ണാടിയുടച്ചിടൊല്ല, കവിതാ-
           നൈവേദ്യമായ് നിത്യവും
വയ്ക്കൂ നിസ്തുല സത്യമെന്നുമൊരുപോല്‍
           തീക്കണ്ണുരുട്ടീടിലും
പൊയ്ക്കോട്ടേ കവി, കാവ്യലോകസുദിനാ-
           ഘോഷം മുഴങ്ങട്ടെ, ഞാന്‍
വയ്ക്കും കാവ്യസരിത്തുകള്‍ക്കു തെളിയാന്‍
            സത്യം ശിവം സുന്ദരം!