Thursday, June 25, 2015

ധ്യാനം!

ധ്യാനം!

പ്രായമേറിയാലിനി എത്ര-
യേറുവാൻ? മുന്നിൽ-
പ്പോവുമാ വൃദ്ധക്കെന്നു
ഞാൻ നിനച്ചെടുക്കവേ,
പാതി കൂനിയും പഴേ
ജീവിതക്കരുത്തിന്റെ
കാതലായ് തനിച്ചെന്റെ
ചാരെ നിന്നവർ സ്റ്റോപ്പിൽ.


നേരെ നിൽക്കുവാൻ, നടു-
നീർത്തുവാൻ വയ്യെങ്കിലും
ദൂരെയെങ്ങിവർ പോകാൻ
ഞാനിതൽഭുതം കൊണ്ടു,
വല്ലവണ്ണവും ബസ്സിൽ-
ക്കേറിവീഴുമോ, കൂടെ
ആരുമില്ലല്ലോ; പാരം
നൊമ്പരം നുരക്കവേ,
ചെന്നു തോണ്ടി ഞാൻ: “ ദൂരെ-
യെങ്ങു പോണു വല്യമ്മേ
മക്കളില്ലയോ കൂടെ-
ക്കൂട്ടുവാൻ, തനിച്ചെന്താ?”

വെള്ളമൂടിടും കണ്ണാ-
ലെന്നെയൊന്നുഴിഞ്ഞിട്ടു
ചൊല്ലിയാൾ: “ധ്യാനത്തിനു
പള്ളിയിൽപ്പോണെൻ കുഞ്ഞേ“

രണ്ടു ബസ്റ്റോപ്പിൻ ദൂരെ-
യുണ്ടൊരു മഹാധ്യാന-
മന്ദിരം; പഴേ വെറും
പള്ളി പെറ്റുകൂട്ടിടും
കെട്ടിടസമുച്ചയം,
അൽഭുതപ്രഭാഷണം,
വില്പന, മഹാ രോഗ-
ശാന്തി ശുശ്രൂഷ, ധ്യാനം!

ആയകാലത്തിൽക്കടും
ജീവിത സമസ്യകൾ
സ്വീയമാം കരുത്തോടെ
ഉത്തരം കൊടുത്തവർ-
ക്കെന്തു ധ്യാനമോയിനി
നേടുവാൻ? തമസ്സിനെ
സ്വന്തമാം വെളിച്ചത്താൽ
തൂത്തു മാറ്റുവാൻ പോന്നോർ!

എന്റെ യുള്ളിലെ ച്ചോദ്യം
കണ്ടറിഞ്ഞപോലവർ
ചൊല്ലി:“നേർച്ചയൂട്ടുണ്ട്
വെള്ളിയല്ലയോ ഇന്ന്?”

Friday, June 5, 2015

ആരെ ഞാൻ നമിച്ചീടും?

ആരെ ഞാൻ നമിച്ചീടും? 

ആരെ ഞാൻ നമിച്ചീടും? മനസ്സിലേ-
ക്കാനയിച്ചൂ ഗുരുക്കളെ,നിസ്തുലം
ജ്ഞാന വിജ്ഞാനസീമകൾ തൊട്ടവർ
വാനിലേക്കെന്നെ നോക്കാനൊരുക്കിയോർ….


ഏതു നോവിലും തേൻ പുരട്ടാൻ പോന്ന
സ്നേഹ കാരുണ്യമമ്മയെ; കൈപിടി-
ച്ചേതുകാൽ വയ്പിലും വീണു പോകാതെ-
ജീവിതപ്പാത തീർത്തു തന്നച്ഛനെ,
കണ്ണുനീർ തൊട്ടു കാണാക്കളങ്കങ്ങൾ
എന്നിൽ മായിച്ച തോഴിയെ, വാഴ്വിന്റെ
വർണ്ണമൊക്കെക്കൊഴിഞ്ഞുപോം നാളിലും
എന്നെ നോക്കാൻ മടിക്കാത്ത മക്കളെ
ആരെ ഞാൻ നമിച്ചീടും? സഹർഷമീ
ജീവനൌകയിൽ, യാത്രയിൽ ഓർത്തു ഞാൻ!

ഇപ്രപഞ്ചം മഹാൽഭുതം , നിർത്തിടാ-
തപ്രേമേയം കറക്കുന്നു നമ്മളെ,
ചുറ്റിലായിരം നക്ഷത്ര ജാലങ്ങൾ
കത്തിവേവുന്നു, സ്ഥായിയാം കൂരിരുൾ
ചെറ്റുമായിച്ചു വെട്ടം തെളിക്കുവാൻ.!

നീലയാകാശവും മേഘജാലവും
മേൽ വിരിപ്പിട്ടൊരുക്കുമീ ഭൂമിയോ
ആഴി,യദ്രി,പുൽമേടും തരുക്കളും,
ജീവ വൈവിധ്യമൊക്കെസ്വരൂപിച്ചു
നിന്നു ചുറ്റിത്തെളിക്കുന്നു ജീവിതം;
വന്നു പോവുന്നു നമ്മൾ നീർപ്പോളപോൽ!

എങ്കിലും കണ്ണു മൂടാതെ കാണണം
ഞാൻ ചവിട്ടും നിരപ്പിനെ, നീരിനെ
കുഞ്ഞു പൂവിനെ, കുന്നിനെ, കാടിനെ;
കത്തിനീറുന്ന സൂര്യന്റെ ചൂടെന്നു-
മേറ്റുവാങ്ങിയി ഭൂവിനെക്കാക്കുവാൻ
സ്വച്ഛശീതളച്ഛായാഗൃഹങ്ങളാൽ
കൊച്ചു മേൽക്കൂരയാകും മരങ്ങളെ
ഞാൻ നമിക്കട്ടെ! എന്റെ മേൽക്കൂരയെ!