Sunday, December 28, 2014

പൂച്ച!

പൂച്ച!

ശ്രാദ്ധമൂട്ടുന്നതിൻ മുൻപേ
കൊട്ടയാൽ മൂടി വയ്ക്കണം
വീട്ടിലെപ്പൂച്ചയെ,ക്കണ്ടോ
തിട്ടമായിതിനുള്ളിനെ?


പൂച്ച ശല്യമായ്ത്തീരും,
അർച്ചനയ്ക്കു തടസ്സമാം;
പൊന്നുരുക്കുന്നതാണേലും
വന്നുരുമ്മുന്നു പൂച്ചകൾ!

കാഴ്ചവട്ടത്തു കാണാതി-
പ്പൂച്ചയെ മാറ്റുകെന്നൊരാൾ
വച്ചൊരാജ്ഞയതിൻ വണ്ണം
പൂച്ചയെ മൂടി കൊട്ടയാൽ!

പിന്നെ, പിന്നാലെ വന്നോരും
ചൊന്നു പോന്നിതു തിട്ടമായ്
“ശ്രാദ്ധമൂട്ടു തുടങ്ങുമ്പോൾ
ബദ്ധമാക്കുക പൂച്ചയെ”

ആലു പോലിഹ മാമൂലും
കാലഭേദങ്ങളാകവേ
വേരു ധാരാളമായാഴ്ത്തും
പേരിതാചാരമെന്നതാം.

കണ്ണു കെട്ടുന്നിതെല്ലാരും
മുന്നിലെപ്പാഴ് വിഴുപ്പുകൾ
ചോന്നു ചോന്നിത്ര ദൂരവും
വന്നു നിൽക്കുന്നു കാണുക.

ഇന്നിതില്ലത്തു പൂച്ചക്കോ
പഞ്ഞമായ്;പാഞ്ഞലഞ്ഞൊരാൾ
മുന്നമേ കൊണ്ടു മൂടുന്നു-
ണ്ടജ്ഞതയ്ക്കെന്തു പേരഹോ?!

Monday, December 15, 2014

നക്കീരന്‍

നക്കീരന്‍

പാണ്ഡ്യ രാജ്യത്തിലെ പേരുകേള്‍ക്കും
പാണന്റെ ജീവിതകാവ്യമെന്തോ
ഇന്നു പുലര്‍ച്ചെയെന്‍ തൂലികത്തുമ്പിനാല്‍-
ത്തുന്നാന്‍ വിളിച്ചാരുണര്‍ത്തിയാവോ?


നക്കീരനെന്നാണു നാമധേയം,
സല്‍ക്കാവ്യ സിദ്ധിതന്‍ നാമരൂപം,
സല്‍ക്കീര്‍ത്തി ദേവലോകത്തുമെത്തീ
തൃക്കണ്ണുദേവന്‍ കുനിഞ്ഞുനോക്കി.

" ഭൂമിയില്‍ ഭാവം പകര്‍ന്നു പാടും
സൗമ്യഗീതങ്ങള്‍ക്കു നേര്‍ വെളിച്ചം
ആരാണിവന്‍?" നേരു നോക്കിടാനായ്
പാരം പരീക്ഷണം ചെയ്തുപോലും.
ഭാര്യയോടൊത്തൂഴിവണ്ടി കേറി
നേരേയിറങ്ങിയപ്പാണ്ഡ്യരാജ്യ-
ക്കൊട്ടാരമേട്ടില്‍ക്കഴിച്ചു കാലം
ഒട്ടേറെ നാള്‍, കാവ്യസിദ്ധികാണാന്‍.
സന്ദേഹമായിവന്‍ സത്യമല്ലാ-
തൊന്നും രചിക്കയില്ലെന്നു കേട്ടൂ
ഒന്നു പരീക്ഷിക്കതന്നെ; തന്റെ
പാതി മെയ്യാകുന്ന പാര്‍വ്വതി തന്‍
പാര്‍വ്വണേന്ദൂ മുഖം ദീപ്തമാക്കും
കൂന്തലിൻ ഗന്ധത്തെ വാഴ്ത്തിടട്ടെ!

പാരം കവീന്ദ്രര്‍ പദം നിരത്തി
സാരസര്‍വ്വം ശൈവസിദ്ധി പാടി
നീരജ നേത്രതന്‍ കൂന്തലിന്റെ
ജാത സൗഗന്ധപ്പുകഴ്ച്ച പാടി.
നക്കീരനേകന്‍ രചിച്ചു നല്‍കി:
"എത്രയും ലേപങ്ങള്‍ നിത്യമായി
ഇത്തന്വി നന്നായ്പുരട്ടിടുന്നു,
ഇത്ര സുഗന്ധം അതിന്റെ തന്നെ!"

ശക്തം ശിവം ശൈവകോപമെന്തോ
നക്കീരനെച്ചുട്ടു നോക്കിടുന്നൂ
"തീര്‍ച്ച നീ കള്ളം പറഞ്ഞിടുന്നോ?
ഇട്ടെരീക്കും നിന്റെ കാവ്യമെല്ലാം
എന്റെ തൃക്കണ്ണാല്‍ നീ ചാമ്പലാകും
ശങ്കവേണ്ട; ചൊല്ലു സത്യമെന്തോ."

"ശങ്കയില്ലങ്ങു തീക്കണ്ണുരുട്ടി
വങ്കത്തമാണു ശഠിച്ചിടുന്നൂ
അക്കണ്ണു തീയിട്ടെരീച്ചിടുമ്പോള്‍
നില്ക്കും സ്ഫുടം ചെയ്ത സത്യമെന്നും"

തൃക്കണ്ണു തീക്ഷ്ണം ജ്വലിച്ചുയര്‍ന്നൂ
നക്കീരനും ചാമ്പലായിയെന്നാല്‍
കഷ്ടം നിരന്തരം ലേപമില്ലാ-
തക്കൂന്തല്‍ ഗന്ധം നിറഞ്ഞുമില്ലാ!!

ഇക്കണ്ണാടിയുടച്ചിടൊല്ല, കവിതാ-
           നൈവേദ്യമായ് നിത്യവും
വയ്ക്കൂ നിസ്തുല സത്യമെന്നുമൊരുപോല്‍
           തീക്കണ്ണുരുട്ടീടിലും
പൊയ്ക്കോട്ടേ കവി, കാവ്യലോകസുദിനാ-
           ഘോഷം മുഴങ്ങട്ടെ, ഞാന്‍
വയ്ക്കും കാവ്യസരിത്തുകള്‍ക്കു തെളിയാന്‍
            സത്യം ശിവം സുന്ദരം!

Friday, September 19, 2014

പാപനാശിനി

ബഹുമാന്യ മിത്രമേ,

എന്റെ നാലാമത്തെ കാവ്യസമാഹാരം “പാപനാശിനി“ സെ. 15 നു നായരമ്പലത്തുവച്ച മങ്കൊമ്പു ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു.“കവിതയുടെ പാപനാശിനി“ എന്നു അവതാരികാകാരൻ കവി എൻ കെ ദേശം സാർ വിലമതിച്ചിരിക്കുന്ന ഈ കൃതിയിൽ ഭാഷാ/ സംസ്കൃത വൃത്തങ്ങളിലുള്ള 55 താളബദ്ധകവിതകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ശ്രീമതി സരിതാ മോഹനൻ വർമ്മയുടെ അഭിപ്രായക്കുറിപ്പും, “കവിതയിലെ കരകൌശലം“ എന്ന പേരിൽ എന്റെ തന്നെ ഒരു ലേഖനവും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.കേരളത്തിലെ പുതുമുളയെടുക്കുന്ന കുരുന്നുകൾക്കാണു ഈ പുസ്തകം സമർപ്പിക്കുന്നത്. ഇങ്ങനെ ഒരു പ്രതീക്ഷയും ഞാൻ പുസ്തകത്തിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നു

ഇതു പാപനാശിനി, മലയാള കവിതയുടെ
പുതുമുഖം കഴുകുവാൻ ഞാനൊഴുക്കീ
സദയമെൻ വരികളിൽ തഴുകുവാൻ ഗതകാല-
ഗരിമയുടെ തെളിനിലാവെത്തുമെങ്കിൽ
മതി, മതിനിറഞ്ഞു കവി, വിത മുളയിടുന്നതിൻ
പൊഴുതുകൾ നിനച്ചതും കാത്തിരിക്കാം.

പ്രസാധനം സംഘമിത്ര ബുക്സ് എറണാകുളം. 120 പേജുകൾ . വില 120 രൂപ. .പാപനാശിനി വായിക്കുവാൻ താത്പര്യമുണ്ടെങ്കിൽ വിലാസം അറിയിക്കുക.ഇൻഡ്യയിലെവിടെയും 100 രൂപ മാത്രം വി പി പി ചുമത്തി അയച്ചുകൊടുക്കുന്നതാണു്. വിലാസമറിയിക്കുന്ന സ്കൂൾ /കോളേജ് പൊതു ലൈബ്രറികൾക്ക് സൌജന്യമായും പുസ്തകം അയച്ചുകൊടുക്കാം.

സ്നേഹപൂർവ്വം ഷാജി നായരമ്പലം

Tuesday, September 2, 2014

തലനീർത്താനൊരു തലോടൽ

തലനീർത്താനൊരു തലോടൽ

“നിരന്തരം ചവിട്ടേറ്റു കിടക്കുന്ന പുൽക്കൊടി വളരില്ല. ഇതൊരു തലോടലായി കണക്കാക്കണം തലയുയർത്തുവാൻ, വിണ്ണിലേക്കു വളരുവാൻ...” കഴിഞ്ഞ മാസം 30 നു തിരുവനന്തപുരത്തു വച്ച് ശഹാന സാഹിത്യ അവാർഡ് ഞാനെഴുതിയ “ഗുരുദേവഗീത“യ്ക്ക് നൽകിക്കൊണ്ട് ശശിഭൂഷൻ സാർ എന്നോടു പറഞ്ഞു. ഈ തലോടൽ, ഈ കൈത്താങ്ങ് അമൂല്യമായി ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്നു അവാർഡ് സ്വീകരിച്ചുകൊണ്ട് ഞാനും.

മൂന്നുപേർക്ക് നന്ദിയും പറഞ്ഞു -
1. എന്റെ വരികളിൽ വന്നു തലോടുന്ന അദൃശ്യകരസ്പർശനത്തിന് എന്റെ ഗുരുക്കന്മാർക്ക്, എനിക്കുയിരും ഉയർച്ചയും ഉരിയാടാനീ വാക്കുകളും തന്ന അമ്മയ്ക്ക്,കേരളത്തിന്റെ മഹാഗുരുവിനു്....

2. കേരളസാഹിത്യ അക്കാദമി അവാർഡുൾപ്പെടെ കേരളത്തിലെ 99% അവാർഡുകളും പ്രഹസനമായി മാറുമ്പോൾ തികച്ചും സുതാര്യമായി പരസ്പരം അറിയാത്ത മൂന്നു വിധികർത്താക്കളെക്കൊണ്ട് വിലമതിച്ച് “ഗുരുദേവഗീത“യെ തെരഞ്ഞെടുത്ത തിരുവന്തപുരത്തെ ശഹാന കലാസാഹിത്യവേദി പ്രവർത്തകർക്ക്...

3. എന്നെ ആ വേദിയിൽ നിർത്താൻ പ്രാപ്തനാക്കിയ അക്ഷരങ്ങൾക്ക്. അതിങ്ങനെ -

അക്ഷരഗംഗയിൽ അല്പനാളാ,യെന്റെ
വാക്കുകൾ മുക്കിത്തുടച്ചിടുന്നൂ
ആ പ്രമാദം പൊറുത്തക്ഷരങ്ങൾ നാവി-
ലിറ്റു തേനിറ്റിച്ചു വീഴ്ത്തിയാരോ!
വാക്കുകൾ തെറ്റാതെ നോക്കുന്നിടത്തൊക്കെ-
ഒത്തപോൽ ചേര്ത്തുറപ്പിച്ചു വയ്ക്കാൻ
മുറ്റും കൃപാവരം തന്നു താൻ പോന്നതായ്
പെറ്റമ്മയെന്നെ വളര്ത്തിയെന്നോ!


ആദ്യാക്ഷരം ചേര്ത്തു കൈവിരൽത്തുമ്പിലാ-
യാദ്യമായാരോ പകര്ന്നു തന്നൂ
അമ്മയെന്നക്ഷരപ്പൂവിന്റെ യാര്ദ്രമാ-
മുണ്മയെച്ചേലില്പതിച്ചു വച്ചൂ
തേനും വയമ്പും പുരട്ടി പൊൻ തൂവലാ-
ലാനയിപ്പിച്ച പയോധി മുന്നിൽ
ജാലകക്കാഴ്ചയായ് അക്ഷരപ്പാല്ക്കടൽ-
ത്താളമേളങ്ങൾ പടുത്തു തന്നൂ.


ഓമനത്തിങ്കൾക്കിടാവും, മടുക്കാതെ
തേന്മധു തേടി നടന്ന വണ്ടും
ദ്യോവിലേക്കെന്തിനോ പൊങ്ങിപ്പറക്കുന്ന
പൂവും വരച്ച വരപ്രസാദം,
കോരിക്കുടിച്ചു ഞാനീസ്നിഗ്ദ്ധ തീരത്തു
തീരേ നിനച്ചിടാതെത്തി നിൽക്കേ,
പാരം നമിക്കുന്നു, കൈരളിക്കാകുന്ന
കാല്ച്ചിലമ്പിൻ ഝിലം തീർത്തിടാം ഞാൻ !

Saturday, August 9, 2014

സംഘമിത്ര സാഹിത്യ അവാർഡ്

 സംഘമിത്ര സാഹിത്യ അവാർഡ്


പ്രിയസുഹൃത്തേ,
ഇതൊരു മത്സരമല്ല. മനോഹരമായ ഒരു സാഹിത്യസംഗമമാണു് സംഘമിത്ര ഉദ്ദേശിക്കുന്നത്.
അതെങ്ങനെ എന്നു താഴെ വിവരിക്കുന്നു.
അവാർഡുകൾ എന്ന പേരിൽ നടക്കുന്ന സാഹിത്യാഭാസങ്ങൾക്ക് പഞ്ഞമില്ല നമ്മുടെ നാട്ടിൽ. അർഹതയല്ല പലപ്പോഴും അവാർഡ്ജേതാവിനെ തീരുമാനിക്കുന്നതെന്നുറപ്പ്. അതിൽ നിന്നൊരാശ്വാസമായി, തികച്ചും വ്യത്യസ്ഥമായ രീതിയിൽ,സുതാര്യമായി അർഹതയുള്ള അക്ഷരങ്ങളെ കണ്ടെത്തി അനുമോദിക്കുവാനൊരു വേദിയൊരുക്കുകയാണു സംഘമിത്ര ബുക്സ്, എറണാകുളം.
കവിത: ലഭിക്കുന്ന രചനകളിൽ നിന്ന് മികച്ച പത്തിൽക്കുറയാത്ത രചനകളെ കണ്ടെത്തി ഒരു പൊതുവേദിയിൽ പ്രഖ്യാപിക്കുന്നു. “കാവ്യസംഗമം“ എന്നു പേരു നൽകിയിരിക്കുന്ന ഈ വേദിയിൽ കവിത അവതരിപ്പിക്കുവാൻ രചയിതാക്കൾക്ക് അവസരം നൽകുന്നു. വിധികർത്താക്കൾ അവരിൽ നിന്നു അവാർഡ് ജേതാവിനെ കണ്ടെത്തി വേദിയിൽ പ്രഖ്യാപിക്കുന്നു. മറ്റുള്ളവർക്ക് പ്രോത്സാഹനസമ്മാനങ്ങളുമുണ്ടാവും.പക്ഷെ കവിത ചൊല്ലലിലെ മികവാവില്ല വിധിനിർണ്ണയത്തിന്റെ ആധാരമെന്നും വ്യക്തമാക്കട്ടെ.
കഥ: ഇതേ രീതിയിൽത്തന്നെ തെരഞ്ഞെടുത്തു പ്രഖ്യാപിക്കുന്ന പത്തുകഥകളുടെ കഥാകൃത്തുക്കളുമായി വിധി കർത്താക്കൾ മുഖാമുഖം നടത്തുകയും അവരിൽനിന്ന് അവാർഡ് ജേതാവിനെ കണ്ടെത്തുകയും ചെയ്യുന്നു. സമ്മാനഘടന മുകളിൽ പറഞ്ഞതു തന്നെ.
നായരമ്പലത്തു വച്ച് സെപ്റ്റമ്പർ മാസത്തിൽ ഓണത്തോടനുബന്ധിച്ചാവും ഈ സാഹിത്യ സംഗമം നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോഗ്രാം നോട്ടീസ് അയക്കുന്നതാണു്.മത്സരത്തിന്റെയും വിജയിയാകുന്നതിന്റെയും ലഹരിക്കുപരി സദൃശമനസ്സുകളുടെ ഒത്തുചേരലാക്കി മാറ്റണമിത്. ഉത്തമ അനുവാചകരുടെയും എഴുത്തുകാരുടെയും ഒരു കൂട്ടായ്മക്ക് ഇതിലൂടെ വഴിയൊരുക്കുവാനും സംഘമിത്ര ശ്രമിക്കുന്നു.അതുകൊണ്ട് മത്സരത്തിൽ പങ്കെടുക്കാത്തവരും ഈ സാഹിത്യസംഗമത്തിൽ ഉണ്ടാവണമെന്നു സംഘമിത്ര ആഗ്രഹിക്കുന്നു. അതിനവരെ ക്ഷണിക്കുകയും ചെയ്യുന്നു.

Monday, July 14, 2014

സ്വർഗ്ഗം

സ്വർഗ്ഗം


എവിടെയാണെന്റെ സ്വർഗ്ഗം ? തിരഞ്ഞൊട്ടു-
വഴികൾ താണ്ടിക്കടന്നു ഞാ,നെങ്കിലും
സഫലമോ യാത്ര? ലക്ഷ്യവേധങ്ങളാൽ
പ്രഭ പരത്തിത്തിളങ്ങിയോ ജീവിതം?

അധികദൂരങ്ങൾ താണ്ടി, വൻവേഗമോ-
ടെതിരെവന്നേറ്റ കാറ്റേറ്റടിഞ്ഞിടാ-
തെവിടെയാണെന്റെ സ്വർഗ്ഗം, തിരഞ്ഞേറെ
വഴികളിൽ; വന്നുദിക്കുന്നുഡുക്കളെ-
ത്തെളിമ നോക്കിത്തെളിച്ചേറ്റിയെൻ ചുമർ-
ക്കലകളായ്ക്കൊത്തി വച്ചും, തിരഞ്ഞു ഞാൻ!

എവിടെ ഞാൻ തീർത്ത സ്വർഗ്ഗ,മിപ്പാരിലെ
നരകമൊക്കെത്തടുത്തിട്ടെരിച്ചതിൻ
ചുടലയിൽ നിന്നെണീക്കുന്ന പക്ഷിയാ-
യകലെ മേഘമാർഗ്ഗങ്ങൾ തുളച്ചതിൻ
പുക മറയ്ക്കുള്ളി,ലാഴങ്ങളിൽപ്പുലർ-
 വെളിതെളിക്കും പ്രകാശം തിരഞ്ഞു ഞാൻ…

അമിതവേഗം തടഞ്ഞു ദിക്പാലകൻ :
“എവിടെ നീ തീർത്ത സ്വർഗ്ഗം? സ്വയംഭുവ-
ല്ലതിനെയെങ്ങും തിരഞ്ഞു തേറണ്ട; ഹേ,
നരകവും നോക്കി നീവന്ന നാകവും
അകലെയല്ല നിന്നുള്ളിൽജനിക്കണം,
അകലെയല്ല നിന്നുള്ളിൽജനിക്കണം!“

“ജനിമൃതിക്കുള്ളിലപ്പരംശോഭയാൽ
മനുജ! നീ തൊട്ടുണർത്തുന്നു സ്വർഗ്ഗ,മി-
പ്പെരിയവാതിൽ തുറക്കാൻ തരംവരും
ചെറിയ താക്കോലെടുക്കാതെ പോന്നുവോ?”

Friday, July 4, 2014

കണ്‍ വെണ്‍ഷണല്‍ കവികള്‍ !

കണ്‍ വെണ്‍ഷണല്‍ കവികള്‍ !

കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം കൂടിയായ ഒരു സാഹിത്യകാരനു എന്റെ വക കാവ്യ സമാഹാരം "ഗുരുദേവഗീത" തപാലില്‍ അയച്ചു കൊടുത്തിരുന്നു. കിട്ടിയ ഉടനെ അദ്ദേഹം വിളിച്ചു പുസ്തകം കിട്ടിയെന്നും വായിച്ചഭിപ്രായം അറിയിക്കാം എന്നും പറഞ്ഞു. ഒരാഴ്ച്ച കാത്തിരുന്ന ശേഷം അഭിപ്രായമറിയാന്‍ അദ്ദേഹത്തെ ഇന്നു വിളിച്ചു. അപ്പോള്‍ ആളെക്കിട്ടിയില്ലെങ്കിലും പിന്നീടദ്ദേഹം തിരിച്ചു വിളിച്ചു. "കണ്‍ വെന്‍ഷണല്‍ കവിതയുടെ സൗന്ദര്യമുണ്ട് ഗുരുദേവഗീതയിലെ കവിതയ്ക്കെങ്കിലും താനിതിന്റെ ആളല്ല എന്നും എ, ബി, സി, ഡി തുടങ്ങിയ കണ്‍ വെണ്‍ഷണല്‍ കവികളെയൊന്നും തനിക്കു പഥ്യമല്ലെന്നും(പ്രശസ്ത കവികള്‍, കവയിത്രികള്‍ ) ഇ' യെ ലോക കവിയായി താനംഗീകരിക്കു"ന്നെന്നും അദ്ദേഹം പറഞ്ഞതു കേട്ടുള്ള അമ്പരപ്പ് ഇപ്പൊഴും ആറിയിട്ടില്ല.! അതിവിടെ പകര്‍ത്തട്ടെ.....

Monday, June 9, 2014

വായിച്ചാല്‍ മതി!!

വായിച്ചാല്‍ മതി


     പണ്ടു പണ്ട് വളരെപ്പണ്ട് കേരളത്തിലെ രണ്ടു പ്രമുഖ സാഹിത്യകാരന്മാര്‍, ( ഒന്നു മഹാകവി, രണ്ടു നിരൂപകന്‍) അതിലൊരു സാഹിത്യകാരനെഴുതിയ പുസ്തകം എറണാകുളത്തെ ഒരു പ്രസ്സുമുതലാളിക്കു വിലക്കു നല്‍കുന്നതിനു ചെന്നു. താന്‍ പുസ്തകം വായിക്കാറില്ല എന്നായിരുന്നു മുതലാളിയുടെ പ്രതികരണം. ചെവിക്കല്പം കേള്‍ക്കുറവുള്ള കവിയെ ( അദ്ദേഹത്തിന്റെ പുസ്തകമായിരുന്നു വില്‍ക്കാന്‍ ചെന്നത്) കൂടെയുള്ള സാഹിത്യകാരന്‍ ഈ പ്രതികരണം എഴുതിക്കാണിച്ചറിയിച്ചു. മഹാകവിയുടെ ഉടനെയുള്ള പ്രതികരണമിതായിരുന്നു:

"വായിക്കണ്ട, വാങ്ങിച്ചാല്‍ മതി!!!"

അന്നു പതിനെട്ട് രൂപ വിലയുള്ള പുസ്തകം പ്രസ്സുമുതലാളി ഉടനെ വാങ്ങുക തന്നെ ചെയ്തു..... വള്ളത്തോളായിരുന്നു ആ മഹാകവി. 


കാലം ഒരുപാടുമാറി, കവിതയും. ഒരു പാടു കവിതാപുസ്തകങ്ങള്‍ ദിനം തോറുമിറങ്ങുന്നു 'വാങ്ങിച്ചാല്‍ മതി, വയിക്കേണ്ട' എന്നു പറഞ്ഞുകൊണ്ട്...!!!
പക്ഷെ വായിക്കാന്‍ വേണ്ടി അപേക്ഷിച്ചുകൊണ്ട് "ഗുരുദേവഗീത" എന്ന കാവ്യസമാഹാരത്തിന്റെ രണ്ടാം പതിപ്പ് ഈയുള്ളവന്‍ ഈ മാസം ഇറക്കിയിരിക്കുന്നു. ആദ്യ പതിപ്പായി 2000 കോപ്പി അച്ചടിച്ച ഈ പുസ്തകത്തിനു ഒരു വര്‍ഷത്തിനുള്ളിലാണു രണ്ടാം പതിപ്പ്. വിലാസം അറിയിക്കുന്ന സ്കൂള്‍/ കോളേജ് ലൈബ്രറികള്‍ക്ക് 110 രൂപ വിലയുള്ള ഈ പുസ്തകം സൗജന്യമായി അയച്ചുകൊടുക്കാം. . മറ്റുള്ളവര്‍ക്ക് 100 രൂപ വിപി പി ചുമത്തി ഇന്‍ഡ്യയിലെവിടെയും അയച്ചുകൊടുക്കാം. email: shajitknblm@gmail.com

Friday, March 21, 2014

ജോസഫ്

ജോസഫ് 

ചങ്കിലെയുമിത്തീയില്‍ ഓര്‍മ്മകള്‍ കരിച്ചിട്ട്
സങ്കടങ്ങളെയൊക്കെ മാറ്റിവച്ചു പോല്‍ ജോസഫ്.
സര്‍വ്വ സാക്ഷിയായ്, പാപപങ്കിലം സമൂഹത്തിന്‍
ധര്‍മ്മമീമട്ടില്‍ക്കണ്ടു ചാട്ടവാറെടുക്കുവാന്‍
കാല്‍ വരിക്കുന്നില്‍ പണ്ടു ചോരവാര്‍ന്നൊടുങ്ങിയ
പാവനം മഹാ രക്തസാക്ഷിയെ സ്മരിച്ചയാള്‍...

വന്നതോ കൂരമ്പുകള്‍, കൈവിലങ്ങുകള്‍, തുന്നി-
പ്പിഞ്ഞിയ കൈപ്പത്തിയാല്‍ എങ്ങനെ തടഞ്ഞിടാന്‍?
എങ്കിലും സമാശ്വസിപ്പിക്കുവാന്‍ സധൈര്യമാ
സങ്കടങ്ങളെയൊക്കെത്തൂത്തു മാറ്റുവാനൊരാള്‍
മുന്നില്‍ നിന്നൊടുങ്ങാത്തൊരായിരം ശരങ്ങളെ
നെഞ്ഞിലേറ്റുപോല്‍; ഇന്നു വീണിതാകിടക്കുന്നു.

ആരു തീര്‍ത്തുവോ കുരുക്ഷേത്രമിങ്ങനെ? പോരില്‍
ആര്‍ ജയിച്ചുവോ? ദൈവമമ്പരന്നു നോക്കുന്നു.
ഭൂമിയില്‍ത്തനിക്കില്ല കാര്യമീരഥം, രഥ്യാ
വേഗമീമട്ടില്‍പ്പോയാല്‍ താന്‍ തനിച്ചാവും നിജം.

പിന്നിലായ്ത്തളര്‍ന്നെഴുന്നേല്‍ക്കുവാന്‍ പണിപ്പെട്ടു
നിര്‍ന്നിമേഷമായ് ദൈവം പാളിനോക്കവേ കണ്ടൂ
വെട്ടുകത്തിയും, വാളും, കാവിയും, ത്രിശൂലവും
പച്ചയും, ചോപ്പും, കത്തിവേഷവുമൊരേമട്ടില്‍
ആര്‍ത്തലച്ചടുക്കുന്നു; രാഷ്ട്രവും, രാഷ്ട്രീയവും
നേര്‍ത്തപാടകള്‍ മൂടിക്കാത്തിടും മതങ്ങളായ്!

"നീ തനിച്ചു പോവുമോ?" തൂങ്ങിയാടിടും കയ്യില്‍
കയ്യമര്‍ത്തിയോരമ്മ മാഴ്കിടേ തടഞ്ഞയാള്‍
"ഇല്ല, ഞാനുണങ്ങാത്ത വാഴ്വിലെ വ്രണം," -അമ്മ
വല്ലപാടുമാ കത്തലാളിടാതണച്ചുവോ?

Wednesday, January 22, 2014

പൊട്ടു കുത്തട്ടെ കാലം

കെട്ടിഞാൻ ഞാത്തിയിട്ട പട്ടങ്ങളിൽ
പൊട്ടുകുത്തട്ടെ കാലം പതുക്കവേ!

മാതൃഭൂമി വാർത്ത