Sunday, November 5, 2017

മങ്ങുന്നതെന്തോ?

മങ്ങുന്നതെന്തോ?
(ഭാഷാ വൃത്തം:: താരാട്ട്)

ഹാ! വേദിയിൽ നില്പു ഞങ്ങൾ, നാദ-
ഘോഷങ്ങൾ, കോലാഹലങ്ങൾ
കാതട,ച്ചൊന്നുമേ മിണ്ടാൻ പോലു-
മാകാതെ മൂലക്കിരുന്നാൻ.


ക്ലാസ്മേറ്റു താനവൻ താതൻ, ഏക-
പുത്രിക്കു മംഗല്യമേകാൻ
ഉല്‍ക്കണ്ഠയുള്ളാലൊതുക്കി എങ്ങും
നിൽക്കാണ്ടു പായുന്നിടക്ക്.

ഹാളിൽ രഥോപമം കാണ്മൂ,, ചാരു-
ചിത്രണം, മണ്ഡപം, വെണ്മ
വേഷഭൂഷാദിയിൽ മുങ്ങും പലേ
യോഷമാർ നിൽക്കുന്നിതെങ്ങും.

കുംഭയ്ക്കുമേൽ മുണ്ടുടുത്തും, മാറി-
ലഞ്ചാറു മാലയങ്ങിട്ടും
കുംഭീന്ദ്രനെപ്പോലിരിപ്പൂ തന്ത്രി
മംഗല്യകർമ്മം നയിപ്പൂ.

കൈയും കലാശവും കൊട്ടി, മൗന-
മുദ്രകൾ തന്ത്രമായ് കാട്ടി
മന്ദാക്ഷരങ്ങൾ പോലെന്തോ കർമ്മി
മന്ത്രണം ചെയ്യുന്നതന്തോ!

അഞ്ചുണ്ട് ദീപാർച്ചനയ്ക്കായ് തിരി
അഞ്ചിട്ടു കത്തും വിളക്ക്
വെണ്‍ശോഭ ചുറ്റിനും കണ്ടോ, അവ
കുമ്പിട്ടുമങ്ങുന്നതുണ്ടോ?

വേദിയിൽ മദ്ധ്യത്തിലേവം മഞ്ഞ
വസ്ത്രം പുതപ്പിച്ച ദൈവം
നാരയണൻ പണ്ടു നമ്മെ, മുതു-
നീർത്താൻ പഠിപ്പിച്ചു ചെമ്മെ!

കെട്ടുകല്യാണം മുടക്കി, കെട്ടു-
കാഴ്ചകളെല്ലാമുടക്കി,
ആറ്റിലെക്കല്ലൊന്നു പൊക്കി, അതും
കുറ്റമില്ലാ ദൈവമാക്കി.

കർമ്മിയെ വേണ്ടെന്നു ചൊല്ലി, സ്വയം
കർമ്മിയാകാൻ കാഴ്ച നൽകി.
ഇന്നിതാ കർമ്മിക്ക് താങ്ങായ് അങ്ങു
വന്നു നിൽക്കുന്നുവോ പിന്നിൽ!

ആരിക്കൊടും പാപമേൽപ്പൂ, തന്ന
വേരുകൾ പൊട്ടിച്ചു നിൽപ്പൂ!!
---------------------------------------------------------------------------------
വളരെ പാടുപെട്ട് മകളുടെ കല്യാണം നടത്തുന്ന അച്ഛന്‍ തന്നെയാണു കന്യാദാനം നടത്തേണ്ടതു്‌, നടത്തുന്നത്. അതിനൊരിടനിലക്കാരനെ നിര്‍ത്തി മാറ്റു കളയുന്നതെന്തിനു്‌? അതാണു നാരായണഗുരു പറഞ്ഞത് കര്‍മ്മം ചെയ്യാന്‍ ഒരു ഇടനിലക്കാരന്‍ വേണ്ട എന്നും ഉറ്റവര്‍ ചെയ്യുന്നതാണു ശരിയായ കര്‍മ്മമെന്നും. പക്ഷെ ആ ഗുരുവിനെ തന്നെ സാക്ഷി നിര്‍ത്തി കര്‍മ്മി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു! കൂടെ കുറെ ഫോട്ടോ ഗ്രാഫര്‍മാരും!!