Sunday, November 20, 2016

പിറവി

പിറവി

നെഞ്ചിലെത്തീയണക്കുവാന്‍, ഇന്ത്യയില്‍
സഞ്ചയിച്ചോരിരുട്ടില്‍ വിളക്കുമായ്,
പണ്ടൊരച്ഛന്‍ നടന്നേറെ വീഥികള്‍
'കണ്ടുവോ എന്റെ കുഞ്ഞിനെ?' ആരുമേ
മിണ്ടിയില്ലത്തുലഞ്ഞ മൗനത്തിന്റെ
ചില്ലുമേടകള്‍ മുട്ടിത്തെറിച്ചൊരാ
വൃദ്ധരോദനം മറ്റൊലിക്കൊള്‍കവേ;
നേരി,രുട്ടിന്‍ തമോഗഹ്വരങ്ങളില്‍
പാരമാഴത്തിലാണ്ടമര്‍ന്നന്നുപോയ്...


അമ്മ,യമ്മകന്നോര്‍മ്മപ്പടര്‍പ്പിലെ
വന്നുപൂക്കാത്ത വല്ലിയില്‍ കണ്‍നിറ-
ച്ചെന്നുമങ്ങനെയങ്ങനെ മൗനമായ്;
വന്നുപോയെത്ര നീറുന്ന കാഴ്ചകള്‍.

ഇന്നു ഞാന്‍ തുറന്നപ്പുസ്തകത്തിലേ-
ക്കൊന്നു നോക്കി ഹാ! ഈച്ചരവാരിയര്‍
യാത്രയേറെക്കഴിഞ്ഞറ്റകുറ്റിപോല്‍
പുത്രനെക്കണ്ണിലേറ്റി,ത്തിളക്കുന്ന
അഗ്നിയില്‍ത്തന്റെ തൃക്കണ്‍ തുറക്കയോ?

കണ്ടുവോ നിന്റെയിന്ത്യയെ?കന്മഷം
തീണ്ടിനില്‍ക്കുന്നുടല്‍ക്കോലമിങ്ങനെ?
നീണ്ടൊരാധിയാണിന്നു നീ, നിന്‍ മകന്‍
കണ്ടുനില്‍ക്കെപ്പൊലിഞ്ഞപോല്‍ തോന്നിയോ?
പിന്നില്‍ മുന്നില്പ്പകക്കണ്ണുമായൊരാള്‍
പമ്മിനില്‍ക്കുന്നപോലെയും തോന്നിയോ?
ഒന്നു നെഞ്ചിടിപ്പേറിയോ, എത്രനാള്‍
നിന്നെ വെന്നോ, ഒളിച്ചിരിക്കുന്നവന്‍!

നിന്റയന്വേഷണങ്ങള്‍ക്കു മേലവര്‍
ഹന്ത! ബാധിര്യബാധപോല്‍ നിന്നുവോ?
അമ്മയെ,ക്കണ്ണുനീരറ്റ സാധ്വിയെ
വന്യമായാട്ടിദൂരെയോടിച്ചുവോ?

ഏതുകാലമീ കാലവിപര്യയം
ഭീതിപൊട്ടിപ്പരക്കും തുടര്‍ക്കഥാ-
സാരമെന്ത്? വരുംനാളുകള്‍ക്കിവര്‍
നേരെയേറെ വിലങ്ങൊരുക്കുന്നുവോ?
യാത്രയേറെക്കഴിഞ്ഞറ്റകുറ്റിപോല്‍
മാഷു നില്‍ക്കുന്നു താരാഗണങ്ങളില്‍;
ആധിയാല്‍ത്തേഞ്ഞു തീര്‍ന്നൊരാജീവിത-
പ്പാതയില്‍ വന്നു വീണ്ടും പിറക്കയാം....

Friday, September 2, 2016

പാതയോരത്തു ഭാരതം!

പാതയോരത്തു ഭാരതം!



വിശ്വസിക്കുവാനാവുമോയിങ്ങനെ
നിശ്ചയിച്ചെന്നു ദൈവം? ജ്വരം മൂത്തു
ചത്ത പാതിയെക്കെട്ടിച്ചുമന്നൊരാൾ
മർത്യജന്മം; കടക്കുന്നു വീഥികൾ.
എത്ര ക്ഷേത്രക്കിടങ്ങുകൾ, പള്ളികൾ
ഭക്തി,സംസ്കാര,സംഘസംസ്ഥാപകർ
കെട്ടുകാഴ്ചകൾ; കാത്തുനിൽക്കുന്നവർ
ചത്ത പെൺകാവടിക്കാഴ്ചകാണുവാൻ...

കൊണ്ടുവയ്ക്കട്ടെ താജ് മഹൽ, മാജി*തൻ
നീണ്ട കാലടിപ്പാടിന്റെ മീതെ, ആ
പിഞ്ചുപൈതലിൻ കണ്ണീർ നനച്ചിട്ട്
ഇന്ത്യ, നിൻ വിഴുപ്പിന്നലക്കീടുക.
തീർച്ച കെട്ടിപ്പൊതിഞ്ഞുള്ളിലായ്ക്കിട-
ന്നെത്രമേൽ നീ വളർന്നൂ **സലാമണി!
നിശ്ചയത്തിന്റെയുൾക്കരുത്തിന്റെ വൻ
സ്നേഹ സൗധം നിനക്കായ്പ്പടുത്തിവൻ!!
പാതിമെയ്ചേർന്നിരിക്കുക നിങ്ങളീ
പാതയോരത്തു നിൽക്കുന്നു ഭാരതം!
-----------------------------------------------------------------------------------
*മാജി - ഒരു ഇന്ത്യന്‍ യുവാവ്. ക്ഷയരോഗം മൂലം ആശുപത്രിയില്‍ മരണമടഞ്ഞ ഭാര്യയുടെ (**സലാമണി) ജഡം ആമ്പുലന്‍സില്‍ കൊണ്ടുപോകുവാന്‍ പണമില്ലാഞ്ഞ് അറുപത് കി മീ അകലെയുള്ള വീട്ടിലെക്ക് സ്വന്തം തോളില്‍ ചുമന്നുകൊണ്ടുപോയ ഭര്‍ത്താവ്. കൂടെ തേങ്ങിക്കരയുന്ന പന്ത്രണ്ടു വയസ്സുകാരി മകളും. സ്വാതന്ത്ര്യം ആഘോഷിച്ച ആഗസ്റ്റ് മാസത്തില്‍ ഇന്ത്യയും ലോകവും കണ്ടു തലകുമ്പിട്ട ചിത്രം.

Thursday, July 7, 2016

എന്റ്രൻസ്

എന്റ്രൻസ്

ഊരിമാറ്റുക ഹാളിൽ-
ക്കൊണ്ടു പോകരുതൊന്നും
കാതിലെക്കമ്മൽ, മുടി-
പ്പിന്നുകൾ വെള്ളിക്കൊലു-
സ്സൊക്കെയും അഴിച്ചെ-
ടുത്തേക്കുക, എണ്ട്രൻസ് യുഗ-
ഭാവിഭാഗധേയത്തിൻ
പോരിനായൊരുങ്ങിയോർ
ഈ വിധം ശിക്ഷാക്രമം
കേട്ടതും വിനീതരായ്
വേവലാതിയാൽ വലി-
ച്ചൂരി ഭൂഷകൾ വേഗം.


ഗേറ്റിൽ നിൽക്കുന്നൂ യമ-
കിങ്കരർ! അതിൻ പിന്നിൽ
ബാക്കി രണ്ടുപേർ ചെക്കു
ചെയ്യുന്നൂ സമൂലമായ്.....
ഇങ്ങനെ യഥാവിധി
മൽസരാർത്ഥികൾ മഹാ-
മംഗള വിദ്യാധന
ലഭ്യതയുറപ്പാക്കാൻ
സഞ്ചയിക്കുന്നൂ ഗേറ്റിൽ
സഞ്ചിതാവേഗം പൂണ്ട്
ഇമ്മഹാലക്ഷ്മീ വര-
ലബ്ദി നോറ്റിരുന്നവർ!

"നേരമൊമ്പതായിനി-
ക്കേറുവാനാരോ ബാക്കി?
ഗേറ്റടച്ചിടും മുമ്പേ-
യെത്തണം" - വരുന്നൊരാൾ
കണ്ണടക്കാരൻ പയ്യൻ
ഭൂഷയായ് മഞ്ഞച്ചര-
ടുണ്ടൊരു കയ്യിൽ മന്ത്ര-
യന്ത്രമായ് ധരിച്ചവൻ
.
"ഊരിമാറ്റുക വേഗം
കയ്യിലെച്ചരടിനെ -"
പാരമമ്പരന്നവൻ
നോക്കവേ, പോലീസൊരാൾ
കത്രിക ചലിപ്പിച്ചു
വെട്ടിമാറ്റിപോൽ മഹാ-
തന്ത്രി തുന്നിയിട്ടൊരാ
നൂലിനെ; മുറിച്ചവ-
ന്നാത്മവിശ്വാസപ്പടു-
നൂലിഴ; തലക്കകം
മണ്ണുപുറ്റുമായ് ചില
കുട്ടികൾ! എന്റ്രൻസ്സിതും!!

Saturday, June 11, 2016

തപാല്‍സ്റ്റാമ്പിലെ ദൈവരൂപം!

തപാല്‍സ്റ്റാമ്പിലെ 
ദൈവരൂപം!


"കേട്ടുവോ നിങ്ങളന്യരാജ്യത്തപാല്‍-
സ്റ്റാമ്പിലും ഹിന്ദുദൈവം പിറന്നുപോല്‍!
കാവി മുക്കുന്നമേരിക്കയെന്നു ഹേ,
ആവലാതി കണ്ടേക്കുമോ" യെന്നൊരാള്‍!


അല്‍ഭുതം! കണ്ടൊ,രാണ്ടവന്‍ നില്പിതാ
കയ്യില്‍ ശൂലം, മയില്‍വാഹനം; മനോ-
മോഹനം മുഖം, ഭസ്മവിഭൂഷിതം;
മുദ്ര,മുദ്രണംചെയ്ത രൂപം, ശരി!
ആരു കണ്ടുവോ ദൈവരൂപത്തിനെ?
ചോന്നചുണ്ടും, തിളങ്ങും കപോലവും,
ശ്യാമസുന്ദരർ , നീലവിലോചനർ
രൂപഭാവങ്ങളിങ്ങനെയെപ്പൊളും.
താടിരോമം പൊടിക്കില്ല, മീശയും
പേരിനോയില്ല! പാരം തിളങ്ങിടും
വേഷഭൂഷകൾ, മെയ്ത്തിളക്കത്തിനായ്
ഹേമ,വൈഡൂര്യ,രത്നാങ്കിതം തനു,
കണ്മഷിച്ചാന്ത്, കുങ്കുമപ്പൊട്ടു ഹാ!
വെൺമതിച്ചേലിൽ നിൽക്കുന്നവർ സ്ഥിരം.

നേരു കണ്ടുവോ? ദൈവരൂപങ്ങളെ
ആരു തീർത്തുവച്ചിങ്ങനെ? അക്കലാ-
കാരനോ, ഈശ്വരന്മാർക്കു ജന്മവും,
രൂപവും വരച്ചാനയിപ്പിച്ചതും?
കാലഭേദങ്ങൾ, ശില്പികൾ, ഭാവനാ-
ലോല വൈചിത്ര്യചിത്രം വര,ച്ചതിൻ
കാരണത്തെയാർ കണ്ടുവോ? കണ്ടതീ-
ചാരുചിത്രപ്രതീകങ്ങളല്ലയോ?

പിന്നെയന്താണു രൂപം? ശരിക്കതി-
ന്നുണ്മയെക്കണ്ടു ബോധിപ്പതെങ്ങനെ?

വിസ്മയിക്കേണ്ടയസ്വരൂപത്തിനെ
നിശ്ചയം കാണുമാരിലും; നിസ്തുലം
സന്നിവേശിച്ചു നമ്മിൽ നിരന്തരം
നന്മയായാഗമിക്കുന്നു, ഈശ്വരൻ....

Sunday, March 6, 2016

മഹാശിവരാത്രി

മഹാശിവരാത്രി

(മഹശിവരാത്രിയെക്കുറിച്ച് രണ്ടു വർഷം മുൻപ് ഞാനൊരു കവിത എഴുതിയിരുന്നു. 2014 ൽ പ്രസിദ്ധീകരിച്ച പാപനാശിനി എന്ന സമാഹാരത്തിലുണ്ട് ആ കവിത. കാളകൂട വിഷം വീണ്ടും ഭൂമിയിലേക്ക് ഒഴുകിയിറങ്ങുമ്പോൾ മഹാശിവരാത്രിയെക്കുരിച്ച് എങ്ങനെ ഇനിയും എഴുതാതിരിക്കും?)

വെട്ടി നീക്കുവാനാകുമോ വാക്കിന്റെ
ശക്തി? പൊള്ളുന്ന വാക്കിന്റെ വഹ്നിയെ?

കത്തി നീറിപ്പൊടിഞ്ഞറ്റു കുറ്റിയായ്
ഇറ്റു വെണ്ണീറു മാത്രമാകുന്ന നീ
എത്രകാലം കിടന്നു! മൺ പുറ്റിലെ
സർപ്പമായ് ഫണം നീർത്തിയാടുന്നു നീ.
നിർത്തു നിർത്തുകീ ജല്പനം, നിൻ വിഷം
മൂത്ത പല്ലിന്നരം രാകി മാറ്റുക.

ഓർത്തു നോക്കാരു തീർത്തു തീവാക്കുകൾ,
വിത്തു പൊട്ടിക്കിളിർത്ത പൊൻ തീക്കതിർ?
ശക്തി, ചങ്കിലെ വീര്യം, സ്വരം, ശസ്ത്ര-
മൊക്കെയും സ്വരൂപിച്ചാരു നൽകിയോ?
വന്നു പോവും ചിലർ, കാലയന്ത്രമീ
മുന്നു പിന്നും ചലിക്കുമാന്ദോളനം
നിന്നു പോവില്ല, അസ്തമിക്കില്ലവർ
വന്നു പോവും ചിരം കാല ദീപ്തികൾ.
എത്രയോ നാവരിഞ്ഞു? പൊട്ടിക്കിളിർ-
ത്തത്രയും! കാലചിത്രങ്ങൾ നോക്കുക,

തൂക്കിലേറ്റി, തീയുണ്ടയാൽ ച്ചുട്ടുമാ
വാക്കിനെത്തൂത്തു മാറ്റാൻ തുനിഞ്ഞവർ
തീർത്ത രക്തക്കടൽ, തീവ്ര മർദ്ദനം;
എത്രനാൾ നേരടച്ചു വച്ചീടുവാൻ.

കാലമേ, പേ പിടിച്ച പോലാരിവർ
കാളകൂടം വമിക്കുന്നെടുത്തിടൂ;
മണ്ണിൽ വീഴ്ത്തൊല്ല, രാത്രി നീങ്ങും വരെ
ഇന്നു ഞങ്ങൾക്കു കാവൽ നിന്നീടുക!

Sunday, February 14, 2016

ഒടുവിലാ രാഗവും മൂകമായി...

ഒടുവിലാ രാഗവും മൂകമായി...

ഒടുവിലാ രാഗവും മൂകമായീ
തൊടുകുറിച്ചാന്തും മറഞ്ഞുപോയി
അനവദ്യസുന്ദര ഗാനമായീ
ഗഗന മാർഗ്ഗത്തിൽ പറന്നു പോയോ?
ഒരു മലർക്കുമ്പിളിറുത്തു, മണ്ണിൽ
നറുനിലാ വെട്ടം തളിച്ച പോലെ
വിരിയിച്ച കാവ്യപ്രപഞ്ചമേ ഹാ!
അരിയ വെൺ ചന്ദനചാർത്തുതാനോ?


ഒരു നവ്യ കാലപ്പുലർച്ച കാണാൻ
ഇരുളിന്റെ നാരായ വേരറുക്കാൻ
കരവാളു നാരായമാക്കി മൂവർ
വിരചിച്ച വിപ്ലവ വിചി കേട്ടൂ
പുതിയ സർഗ്ഗാശ്വമീ മണ്ണിലൂടെ
കുതികുതിച്ചെത്തിയാ നാൾ ജനിക്കാൻ
ഒരു വീണമീട്ടിയോ മൂവരെത്തീ
വയാലാർ, പി ഭാസ്കരൻ, ഒ എൻ വിയും.

കലുഷിതം കാലപ്പകർച്ച മാറ്റാൻ
പുലരി പൂഞ്ചായം പുരട്ടി നോക്കാൻ
പ്രണയിച്ച തത്വശാസ്ത്രങ്ങൾ നിങ്ങൾ
മുറുകെപിടിച്ചന്ത്യമെത്തിടുമ്പോൾ
കരളിൽക്കണക്കറ്റുയർന്നു പൊങ്ങും
തിരതല്ലലിൽ വീണുടഞ്ഞതെന്തോ,
കനവോ, ചരിത്രമോ കാത്തു വയ്ക്കും
കരുണയോ കാലം കളഞ്ഞു തീർത്തൂ?

വിട പറഞ്ഞീടട്ടെ; വിട്ടുപോകേ
തുടരുമീ കാലപ്പിടച്ചിലെന്നിൽ
മുറിവായ് തുറക്കേ, തടഞ്ഞു നിർത്താൻ
തവ വാക്കിനക്ഷരത്തേൻ തളിക്കാൻ
തരിക മഹാകവേ കൈരളിക്കായ്
കരവാൾത്തിളക്കമീ ദൈന്യമാറ്റാൻ....