Sunday, May 17, 2015

നിലാത്തെളി.

നിലാത്തെളി.

എല്ലാ കവികളും സിനിമയ്ക്കുവേണ്ടി പാട്ടെഴുതുമ്പോൾ നൃത്തത്തിനു പാട്ടെഴുതുവാനാണു എനിക്കവസരം കിട്ടിയത് .അതിന്റെ അവതരണം കാണാൻ ഇന്നു പോയിരുന്നു, ചേരനല്ലൂർ കാർത്ത്യായനി ക്ഷേത്രത്തിൽ. സരള ടീച്ചർ സംവിധാനം ചെയ്തവരിപ്പിച്ച “ലാസ്യ പ്രപഞ്ചം“ എന്ന നൃത്ത രൂപം. ജ്യോതിർഗോളങ്ങൾ, പ്രകൃതി, വായു, അഗ്നി,ആകാശം, തിര്യക്കുകൾ, അവയുടെ സഹജീവനം ഇവ നൃത്ത രൂപത്തിൽ വരച്ചുകാട്ടികൊണ്ട് സദസ്സിനെ കയ്യിലെടുത്തു ഈ ആവിഷ്കാരം. 43 കുട്ടികൾ പങ്കെടുത്ത ഈ അവതരണത്തിൽ ചന്ദ്രനെയായിരുന്നു ഞാനെഴുതിയ “നിലാത്തെളി“ എന്ന കവിത ആലപിച്ചവതരിപ്പിച്ചത്. ശ്രീ ബൈജു ആയിരുന്നു സംഗീതം നൽകി ഈ കവിത ആലപിച്ചത്. കാണുക.

ഈറനുടുത്തൊരു കാർമുകിൽ വൃന്ദം
ആരെ മറച്ചു പിടിക്കുന്നോ?
കരിമുകിൽമാലയെടുത്തിട്ടാരുടെ
മാരനു സ്വാഗതമോതുന്നോ?
കുതുകമിയന്നു വിയത്തിൽ ചെറു ചെറു
മിന്നാമ്മിന്നികൾ നിൽക്കുമ്പോൽ
ഉഡുഗണമഖിലം രാവിൻ മുടിയിൽ
മുത്തണിമാലകൾ ചൂടുന്നോ?



ആരുടെ വരവോ? തിങ്കൾക്കലയൊരു
പോരിനു തേരൊലി കൂട്ടുന്നോ?
വാൾമുനപോലൊളി മിന്നും തിരുവുടൽ
ചെറ്റു മറച്ചു ചിരിക്കുന്നു.

ഇന്ദുമുഖാംബുജ സുന്ദര രൂപം
മന്ദമണഞ്ഞതു കണ്ടപ്പോൾ
ചന്ദനലേപം പൂശിയ വാർമുകി-
ലംഗന ലജ്ജയണിഞ്ഞെന്നോ?

 പനിമതി രാവിലുദിക്കും, ധരയിലെ
ജനിമൃതികൾക്കൊരു കാവലുമായ്
നിയതമിതേമട്ടുലകം ചുറ്റി
സമയരഥത്തിലിറങ്ങുമ്പോൾ
അകലെദ്ദിനകര കിരണമുഖങ്ങൾ
അരുണിമചാർത്തിമറയ്ക്കുന്നൂ
പഴയകളങ്കം, കാളിമ, കറകൾ
മറയും ദീപ്തി ചുരത്തുന്നു,
പുതിയ നിലാത്തെളിയൊളിയൊഴുകുന്നൂ
പുതിയ ഋതുക്കൾ തെളിക്കുന്നൂ.