Sunday, June 21, 2020

ഭാവി

ഭാവി

ഭാവിയിതേവിധം നിശ്ചയമില്ലാത്ത
നോവിൻ്റെ വാതായനങ്ങൾ തുറന്നതും,
ഏതും നിനക്കാതെ ജീവയാനങ്ങൾ, തൻ
തീരത്തു തന്നെ തളർന്നിരിക്കുന്നതും
കണ്ടു ഞാൻ ! കാണുന്നതൊക്കെയും സ്വപ്നമ-
ല്ലെന്നുള്ളതാളിപ്പടർന്നുപോം ചിന്തകൾ..

ഭീതിദാവേഗം കൊടുങ്കാറ്റുലയ്ക്കുന്നൊ-
രാരവം ദൂരേയുയർന്നതും, ജീവൻ്റെ
യോരോപിടച്ചിൽ വളർന്നുവന്നിങ്ങനെ
നേരെയെൻ മുൻപിൽത്തളർന്നുവീഴുന്നതും
വിശ്വാസദുർഗ്ഗം ചമച്ചു ഞാൻ വാഴിച്ച-
തൊക്കെയും പാഴ് പെറ്റ സ്വപ്നങ്ങളെന്നതും...

കണ്ടുഞാൻ ! കാലം ചെറുത്തു തോല്പിക്കുന്ന
വാഴ് വിൻ്റെ വേറിട്ട യാത്രാപഥങ്ങളെ,
ഏറും മഹാഭോഗസംസ്കാര ഗോപുര-
മേറെയുംപൊട്ടിത്തകർന്നു പോകുന്നതും
ആടയലങ്കാരമൊക്കെയഴിച്ചിട്ടു
നാടകം മൂകം വിലാപമായ്ത്തീർന്നതും...

കണ്ടു ഞാൻ! ചുറ്റും പ്രകാശം പരത്തുന്ന-
തൊക്കെയും നിഷ്ക്കളങ്കം വന്നു നില്പതും
പൂക്കൾ, കിളിക്കൊഞ്ചൽ, തിര്യക്കിതൊക്കെയും
ഭാവഭേദങ്ങളില്ലാതെ ചരിക്കവേ
ഏതു വിഷക്കുത്തിലാണോ മനുഷ്യൻ്റെ
ചേതനയൊക്കെക്കെടുന്നപോലിങ്ങനെ?

ആതുരം ലോഭനിർലോഭമാർഗ്ഗങ്ങളി-
ലാകെ നിശൂന്യമായ്ത്തീർന്ന ശസ്ത്രങ്ങളെ
രാകിപ്പുതുക്കിപ്പണിഞ്ഞസ്ത്രരൂപമായ്
ആരെ,ന്നയച്ചിക്കൊടുംശാപഗ്രസ്ഥർ തൻ
ചാപതൂണീരം നിറയ്ക്കും? ജ്വരംകൊണ്ട
താകെയും സ്പർശിച്ചുണർത്തുമെൻ ഭാവിയെ?


അലക്സാണ്ടറും പുരുഷ് നാഗനും

അലക്സാണ്ടറും പുരുഷ് നാഗനും

"അല്പമെങ്കിലും നീതി
ഉള്ളിൽ ബാക്കിയുണ്ടെങ്കിൽ,
നൽകുക എനിക്കൊക്കും
മാന്യത; അലക്സാൻഡർ!
ഓർക്കുക കൊടുംചതി
കാട്ടിയോൻ നിങ്ങൾ, മറി-
ച്ചെത്രവട്ടമോ തോറ്റു
പിന്തിരിഞ്ഞവൻ താങ്കൾ.
ഭീരുവാകാതെയെൻ്റെ
ബന്ധനമഴിക്കുക
ധീരരെ മാനിക്കുവാൻ
മറക്കാതിരിക്കുക."

വ്യക്തമായ് കരുത്തിൻ്റെ
ശബ്ദമീ മണ്ണിൽ മഹാ
ശക്തിയായ് മേവും
ചക്രവർത്തിയെ ഹസിക്കവേ,
കണ്ടയാളുയരത്തിൽ
നിശ്ചയദാർഷ്ട്യത്തിൻ്റെ
വൻ മരം പുരുഷ് നാഗൻ
സൈന്ധവരക്തം, കണ്ണിൽ
തീവ്രമായ്ത്തിളങ്ങുന്ന
സ്ഥൈര്യവും സ്വകീയമാം
കാരിരുമ്പിനെ വെല്ലും
യുവത്വത്തിളക്കവും;
കൈകളിൽ വിലങ്ങിട്ടു
തൻ്റെ മുന്നിലായ് നില്പു,
താൻ ചതിച്ചു വീഴ്ത്തിയ
പഞ്ചാബിന്നധിപനെ.

തലതാഴ്ത്തിയാ മാസി-
ഡോണിയൻ അന്നാദ്യമായ്,
ഉലകം നയിക്കുവാൻ
പോർ നയിച്ചവൻ, മൊഴി-
"ഞ്ഞുടനെ വിമുക്തനാ-
ക്കീടുകീ രാജാവിനെ
മതി, ഞാനുപേക്ഷിക്കു-
ന്നിന്ത്യയെ തിരിക്ക നാം"

"രണ്ടുവട്ടം പരാജയപ്പെട്ടു ഞാൻ
എൻ്റെ മുന്നിൽ നിൽക്കുന്നീ യുവാവിനാൽ
അന്നു തന്ത്രപൂർവം വന്നൊരാര്യനാൽ
തന്ന സൗഹൃദം ചെയ്തിക്കൊടുംചതി.
ആദ്യവർഗ്ഗം നിയോഗിച്ചൊരാൾ പുരുഷ്
നാഗസൈന്യത്തിലംഗമായ്; പാമ്പുപോൽ
യുദ്ധമധ്യേ തിരിഞ്ഞങ്ങു കൊത്തിയും
വൻ ചതിക്കൂടൊരുക്കി, സൈന്യത്തിനെ
ഛിന്നഭിന്നമായ് തീർത്തു, രാജാവിനെ
ചങ്ങലക്കിട്ടു ബന്ധിച്ചതങ്ങനെ.

നേർക്കു നേർ തൊടുക്കാത്ത ശസ്ത്രത്തിനാൽ
തീർത്തുവെൻ യശസ്സൊക്കെ, ഞാനില്ലിനി."

പീന്നെ വ്യാകുലചിത്തനായധികനാൾ
ചെന്നില്ലലക്സാണ്ടർ, താൻ
തന്നെത്താനെ പണിഞ്ഞിടും പുതിയസാ
മ്രാജ്യത്വവും ലോകവും
പിന്നിൽത്തള്ളിയകന്നുപോയ്; നിറയുവ
ത്വത്തിൻ വസന്തങ്ങളെ
ഇന്നാട്ടിൻ ച്യുതികൾക്കു മീതെയെഴുതി-
ച്ചായം കൊടുക്കുന്നു ഞാൻ!


* പോറസ് എന്ന പേരിൽ ഇന്നറിയപ്പെടുന്ന ആൾ തന്നെ പുരുഷ് നാഗൻ. ഇന്ത്യയിൽ നിന്നു തിരിച്ച് താമസിയാതെ തൻ്റെ 35 മത്തെ വയസ്സിൽ അലക്സാണ്ടർ മരണപ്പെട്ടു.

പെരിയാർ

പെരിയാർ

പെരിയാർ; പെരുകിയ ഗതകാലക്കുതി-
യൊഴുകിയിടങ്ങൾ, വിവിധ നിലങ്ങൾ
പൂർവ്വപിതാമഹർ, ബൗദ്ധിക ചിന്താ-
ധാരയിലാണ്ടു വളർന്നവർ, തീര-
ത്താകെ നിറഞ്ഞു മുളച്ചു, വിതച്ചു
മെതിച്ചു നിറച്ച കളങ്ങൾ - പെരിയോർ;
ചേരളമാകെ സുവർണ്ണയുഗത്തെളി-
നീരു നിറച്ചു വളർന്നൊരു സംസ്കൃതി!

പേരു പതിച്ചിട്ടുണ്ടേ നോക്കുക
മുനിയറ, നന്നങ്ങാടികൾ, നാടുകൾ
ഊരുകൾ, ജനപഥമൊക്കെപ്പെരിയൊരു
സംസ്കൃതികൊണ്ടു നനച്ചയിടങ്ങൾ.
കാണുക, മേലേ പശ്ചിമഘട്ട-
പ്പടവുകൾ താണ്ടിയിറങ്ങിയ കൈവഴി-
യാകെ വിതച്ചു വളം വച്ചൊഴുകിയ
പെരിയാർ, പൗരാണികപുരമൊരുനാൾ.

അന്നു വടക്കുന്നെത്തിയ അധമർ
കൊന്നുമുടിച്ചു നശിപ്പിച്ചവരുടെ
ഉന്നതചിന്ത വളർത്തിയ ധിഷണാ
നിർമ്മിതി, സൗഖ്യ,മമർന്നയിടങ്ങൾ.
കെട്ടിയുയർത്തിയ *പള്ളികൾ - ബുദ്ധ-
വിഹാരസമുച്ചയമൊക്കെയുടച്ചും
കൊലയുടെ, ബലിയുടെയാണിക്കല്ലുകൾ
പാകിപ്പണിതൂ പുതുബിംബങ്ങൾ.

മാറ്റിമറിച്ചിവർ തദ്ദേശീയരുടെ
സ്വത്വം, സാഹോദര്യ,മനർഘം
പ്രചുരിമ തിരളും സംസ്കാരദ്യുതി
തല്ലിയണച്ചു കൊടും ചതിയാലേ.
പിന്നെ മനുസ്മൃതി, ബ്രാഹ്മണ്യക്കല
തൊട്ടുവളർത്തിയ ജാതിക്കൊടുമുടി-
മേലെയിരുന്നു വിലക്ക്, വിലങ്ങ്,
കൊടും കൊലയേറെ നടത്തി വളർന്നിവർ.

കണ്ടു കരഞ്ഞു കലങ്ങീ പെരിയാർ
തൻ്റെ മണൽപ്പുറമാകെച്ചിതറിയ
രുധിരക്കടലല, കഴുവേറ്റിയ ബലി;
നിദ്രവെടിഞ്ഞഴലാഴിയിലാണ്ടവൾ....
ചെയ്ത ചതിക്കറകഴുക്കിളയാൻ
നെയ്തൊരു കൗശലമീ ബലിയന്നേ,
പിന്നിൽ വരും തലമുറയെക്കൊണ്ടേ
ചെയ്യുകയിങ്ങനെ പ്രായശ്ചിത്തം.......

*കേരളം 'ചേരളം' എന്നപേരായിരുന്നു എന്നും അഭിപ്രായമുണ്ട്
**പള്ളി ബുദ്ധമതപദമാണു്.