Monday, October 28, 2013

അന്യം നിന്നു പോകുന്ന പദ്യ പൈതൃകം

അന്യം നിന്നു പോകുന്ന
പദ്യ പൈതൃകം


     സ്കൂള്‍ കലോല്‍സവ വേദികളില്‍ കാവ്യാസ്വാദനത്തിന്റെയും  അവതരണത്തിന്റെയും മാറ്റുര യ്ക്കുന്ന മല്‍സര ഇനങ്ങളാണു മലയാളം പദ്യംചൊല്ലല്‍ , അക്ഷരശ്ലോകം, കാവ്യകേളി എന്നീ കലകള്‍ . എന്റെ രണ്ടു കുട്ടികളെ അനുഗമിച്ച് കഴിഞ്ഞ പത്തുവര്‍ഷത്തോളമായി കേരളത്തിലെ വിവിധ ജില്ലകളില്‍ ഈ കലകളുടെ അവതരണവേദികളില്‍ പോകേണ്ടിവന്നിട്ടുണ്ട്. ഇങ്ങനെ കിട്ടിയ അനുഭവങ്ങളും അറിവുകളും പങ്കുവയ്കുന്നത് പലര്‍ക്കും ഉപകാരപ്പെടും എന്നു കരുതുന്നു.

മലയാളം പദ്യം ചൊല്ലല്‍ :
      പദ്യമെന്നാല്‍ വൃത്തനിബദ്ധമായ കവിത എന്നു വിവക്ഷിക്കാം. മലയാളത്തിന്റെ സമ്പന്നമായ പദ്യപൈതൃകം വിസ്മരിക്കുകയോ, തമസ്കരിക്കുകയോ ചെയ്തുകൊണ്ട് മല്‍സരാര്‍ത്ഥികളായ കുട്ടികള്‍ ഈ വേദികളില്‍ ഗദ്യകവിതകള്‍ അവതരിപ്പിക്കുനതുകണ്ട്,വിധികര്‍ത്താക്കള്‍ അവര്‍ക്ക് എ ഗ്രേഡും ഒന്നാം സ്ഥാനവും അനുവദിക്കുന്നതുകണ്ട്, വിദ്യാഭ്യാസ അധികൃതരോട് ഒരിക്കല്‍ വിവരാകാശനിയമപ്രകാരം ആരാഞ്ഞു :
 "പദ്യം ചൊല്ലല്‍ മല്‍സരവേദിയില്‍ ഗദ്യ കവിതകള്‍ ചൊല്ലാമോ?":
 ഉത്തരം വിചിത്രമായിരുന്നു. കലോല്‍സവ മാനുവലില്‍   മലയാളം പദ്യംചൊല്ലല്‍ മല്‍സരവേദിയില്‍ ഗദ്യകവിതകള്‍ ചൊല്ലുന്നത് വിലക്കിയിട്ടില്ലാത്തതിനാല്‍ പദ്യംചൊല്ലല്‍ വേദിയില്‍ ഗദ്യം ചൊല്ലുന്നതില്‍ തെറ്റില്ലത്രെ! മനുവലില്‍ വിലക്കില്ലാത്തതിനാല്‍ ഭരതനാട്യം  വേദിയില്‍ ഓട്ടന്തുള്ളലും അവതരിപ്പിക്കാമെന്നു സാരം !
          ഇതു വിവരാവകാശ ചോദ്യത്തിനു ഉത്തരം തയ്യാറാക്കിയ വിദ്യാഭ്യാസ വകുപ്പ് ഗുമസ്ഥന്റെ മാത്രം വിവരക്കേടല്ല. പദ്യമെന്തെന്ന് തിരിച്ചറിവില്ലാത്ത മലയാളം അദ്ധ്യാപകരാണു നമ്മുടെ നമ്മുടെ വിദ്യാലയങ്ങളില്‍ ഇന്ന് ബഹുഭൂരിപക്ഷവും എന്ന സങ്കടകരമായ സത്യത്തെ നിഷേധിക്കുവനാവുമോ? ഈ തിരിച്ചറിവു നഷ്ടമായ അദ്ധ്യാപകര്‍ എങ്ങനെയാണു കുട്ടികളുടെ ചുണ്ടുകളിലേക്ക് പദ്യശകലങ്ങള്‍ പകര്‍ന്നു നല്‍കുന്നത്? എങ്ങനെയാണു  ഈ സാഹചര്യത്തില്‍ നമ്മുടെ കുട്ടികള്‍ പദ്യത്തെയും പദ്യസാഹിഹിത്യത്തെയും അറിയുന്നത്? കുട്ടികളും അദ്ധ്യാപകരും ഒരേ ബഞ്ചിലിരുന്ന് പഠിക്കേണ്ടിയിരിക്കുന്ന പാഠങ്ങള്‍ ......

പാഠം ഒന്ന് വൃത്തം:
     കവിതയെഴുത്തിന്റെ തോതാണു വൃത്തം. ഹ്രസ്വാക്ഷരങ്ങളും ദീര്‍ഘാക്ഷരങ്ങളും ഉച്ചരി ക്കുവാന്‍ വ്യത്യസ്ഥമായ സമയദൈര്‍ഘ്യം വേണ്ടിവരും. ഇതിനെ മാത്രകള്‍ എന്നു പറയുന്നു. ഈ മാത്രകള്‍ ക്രമപ്പെടുത്തി  അടുക്കിയ അക്ഷരഗണങ്ങളുപയൊഗിച്ച് പൂര്‍വ്വസൂരികള്‍കവിതകളുടെ വരികള്‍ കെട്ടി. നിയതമായ അക്ഷരക്രമം പാലിച്ച (ഛന്ദസ്) ഈ വരികള്‍ക്ക് സ്വാഭാവികമായ ഒരു താളം കൈവരും. ഈ താളബദ്ധതയെ നാം വൃത്തമെന്നു വിളിക്കുന്നു.

മലയാള പദ്യസാഹിത്യത്തില്‍ രണ്ടുതരം വൃത്തങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്.

 ഭാഷാവൃത്തം ( ദ്രാവിഡ വൃത്തം) :  ഭാഷാവൃത്തശീലുകള്‍ ഈരടികളായാണു നിര്‍മ്മിക്കുന്നത്. രണ്ടു പാദങ്ങളിലൂന്നി അവ മുന്നേറുന്നു. എവിടെവരെ പോകുന്നതിനും സ്വാതന്ത്ര്യമുണ്ട്. ഒന്നേ നിഷ്ക്കര്‍ഷയുള്ളു. ഈരടികളാകണം അവ. നിയതമായ അക്ഷരക്രമം വരികളില്‍ അനുവര്‍ത്തി ക്കണം. രണ്ടു വരികളിലും ഒരേ അക്ഷരക്രമം സ്വീകേരിക്കുന്നവയെ  സമവൃത്തങ്ങള്‍ എന്നും , വ്യത്യസ്ഥമായ അക്ഷരക്രം സ്വീകരിക്കുന്നവയെ വിഷമവൃത്തങ്ങള്‍ എന്നും വിളിക്കുന്നു.

ഉമ്മറക്കോലായിമേല്‍ തൊട്ടുരുമ്മിയും കാറ്റില്‍
വന്‍പെഴും ശിരസ്സിലെ ശാഖകള്‍ വിടര്‍ത്തിയും...
എന്നു കേകയില്‍ പാടുമ്പോള്‍ സമവൃത്തവും ,

ഈ വല്ലിയില്‍ നിന്നു ചെമ്മേ, പൂക്കള്‍
പോകുന്നിതാ പറന്നമ്മേ!
എന്നു താരാട്ടു വൃത്തമാലപിക്കുമ്പോള്‍ വിഷമവൃത്തവും ആകുന്നു.

സംസ്കൃത വൃത്തം:  ഭാഷാവൃത്തം ഇരുകാലികള്‍ക്കു സമമെങ്കില്‍ സംസ്കൃതവൃത്തത്തെ നാല്‍ക്കാലികളോടുപമിക്കാം . അവയ്ക്കു നാലുകാലിലേ നടക്കുവാനാവൂ. നാലു കാലുകളില്‍ നില്‍ക്കുന്ന അര്‍ത്ഥപൂര്‍ണ്ണത വരുന്ന ഈ കവിതാപാദങ്ങളെ ശ്ലോകങ്ങള്‍ എന്നു വിളിക്കുന്നു. കടുകിട വ്യതിചലിക്കുവാനാവാത്ത അക്ഷരക്രമവും, ഗണങ്ങളും ഒന്നിക്കുമ്പൊഴേ ശ്ലോക താളബദ്ധത കൈവരൂ. ഇവയിലും സമപാദങ്ങളും വിഷമപാദങ്ങളും കാണും . നാലുവരികളും ഒരേ അക്ഷരക്രമം പാലിക്കുന്നവ സമവൃത്തങ്ങള്‍ . ഒന്നും രണ്ടും വരികളില്‍ വ്യത്യസ്ഥത പുലര്‍ത്തുന്നവ  വിഷമവൃത്തങ്ങള്‍ . ഈ അക്ഷരക്രമം തന്നെ ആവര്‍ത്തിക്കണം മൂന്നും നാലും വരികളില്‍ .

ഓടിപ്പോയ ഡിസംബറിന്‍ ചുമരിലെ-
      ച്ചോരക്കറക്കെന്തു ഞാന്‍
പാടും? വറ്റി വരണ്ടുപോയ കനിവിന്‍
     കാലച്ചുമര്‍ച്ചിത്രമോ?
ഏതാ മുള്‍ മുടി? വയ്ക്കുകെന്റെ തലയില്‍,
     പ്രാണന്‍ കൊരുക്കൂ, മുറി-
പ്പാടില്‍ കുത്തിയൊഴുക്ക രക്തമിനിയും
     ഭോഗത്തൃഷാ ലോകമേ..

ഇതു വരികളില്‍ 19 അക്ഷരമുള്ള ശാര്‍ദ്ദുല വിക്രീഡിതം സമവൃത്തം

ഒളിമങ്ങിയ നിന്റെ മന്ദഹാസ-
ത്തെളിനീരില്‍ നിഴല്‍ വീഴ്ത്തിടുന്ന നോവും,
പ്രിയതോഴനറിഞ്ഞിടുന്നു; വാഴ്വി-
ന്നയവില്ലാത്തഴലാഴി നീന്തി നീയും.

വരികളില്‍ 11 , 12  എന്നു അക്ഷരക്രമം ദീക്ഷിച്ചിട്ടുള്ള വസന്തമാലിക എന്ന് വിഷമവൃത്തം.

അക്ഷരശ്ലോക സദസ്സുകള്‍
     മലായാള കാവ്യ പൈതൃകം തന്നുപോയ കേരളത്തിന്റെ തനതു കല . ശ്ലോകികള്‍ വട്ടമിട്ടിരുന്ന് സംസ്കൃതവൃത്തത്തിലുള്ള ശ്ലോകങ്ങള്‍ ചൊല്ലുന്നു. ഒരാള്‍ ചൊല്ലിയ ശ്ലോകത്തിന്റെ മൂന്നാമത്തെ പാദാദ്യക്ഷരത്തില്‍ തുടങ്ങണം അടുത്തയാള്‍ ശ്ലോകം. അനുഷ്ടുപ്പിനു മുകളില്‍ (എട്ടക്ഷരം) 21 അക്ഷരം വരെയുള്ള വൃത്തങ്ങളാണു ഈ സദസ്സില്‍ ചൊല്ലാവുന്നത്. അനുഷ്ടുപ്പു അനുവദിച്ചിട്ടില്ല. ഭാഷാശുദ്ധി, ഉച്ചാരണശുദ്ധി, ശൈലി, ഭാവം വൃത്തബോധം, കാവ്യ ഭംഗിയുള്ള ശ്ലോകങ്ങളുടെ തെരഞ്ഞെടുപ്പ്   എന്നിവ സമന്വയിക്കുമ്പൊഴേ ഒരാള്‍ക്ക് ഉത്തമശ്ലോകിയാകുവാനാവൂ. വര്‍ഷങ്ങളുടെ സപര്യ ഇതിനാവശ്യവുമാണു്‌.

കാവ്യകേളി
     ശ്ലോകസദസ്സുകളുടെ ചുവടു പിടിച്ച എന്നാല്‍ അത്രത്തോളം പഴക്കവും പ്രചാരവും സിദ്ധിക്കാത്ത കലയാണു കാവ്യകേളി. ഇതില്‍ ഭാഷാവൃത്ത ശീലുകള്‍ മാത്രമേ ചൊല്ലാവൂ.
നാലു ഈരടികളില്‍ ( എട്ടു വരികകള്‍  ) അര്‍ത്ഥപൂര്‍ണ്ണത വരുന്ന കവിതാ ശകലങ്ങളേ തെരഞ്ഞെടുക്കാവൂ. ഒരാള്‍ ചൊല്ലുന്ന കവിതാ ശകലത്തിന്റെ അഞ്ചാമത്തെ വരിയിലെ ആദ്യാക്ഷ രത്തിലാണു അടുത്തയാള്‍ ചൊല്ലിത്തുടങ്ങേണ്ടത്. അക്ഷരശുദ്ധി കാവ്യഭംഗി, ഭാവം, വൃത്തബോധം എന്നിവ ഇതിന്റെ അതരണത്തില്‍ കണക്കിലെടുക്കെണ്ടതുണ്ട്. സംഗീതത്തിനു പ്രാധാന്യം നല്‍കേണ്ടതില്ല.

 സമസ്യാ പുരണം

     സംസ്കൃതവൃത്തത്തിലുള്ള ഒരു ശ്ലോകത്തിന്റെ അവസാനപാദം സമസ്യയായി നൽകുന്നു. വൃത്തമേതെന്നും അതിന്റെ ലക്ഷണമേതെന്നും സമസ്യയോടൊപ്പം അറിയിച്ചിരിക്കും . ഇത് ഇതേ വൃത്തത്തിലുള്ള മറ്റു മൂന്ന് പാദങ്ങൾ ചമച്ച് അര്ത്ഥപൂർണ്ണമായി പൂരിപ്പിക്കണം. കവിതാ രചന്യുടെ കരകൗശലം വർദ്ധിപ്പിക്കുന്ന ഒരു കാവ്യ വിനോദമായി ഇതിനെ കണക്കാക്കാം.
       ദ്രാവിഡവൃത്തത്തിലുള്ള ശീലുകളും സമസ്യാ പൂരണത്തിനായി നൽകി ഈ കല കുറച്ചു കൂടി ജനകീയമാക്കാവുന്നതാണു്. സമസ്യ ഈരടിയായി നൽകുകയാവും ഉചിതം. പൂരണം നാലു ഈരടികളിലാക്കുകയുമാവാം. മറ്റു നിയമങ്ങളെല്ലാം സംസ്കൃത വൃത്തത്തിന്റെ തന്നെയാവണം.

     ഇന്ന് കേരളത്തില്‍ എല്ലാ ജില്ലകളിലും അക്ഷരശ്ലോകസമിതികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഈ സമിതികള്‍ കുട്ടികള്‍ക്കായി കളരികള്‍ നടത്തുകയും അതില്‍ ധാരാളം കുട്ടികള്‍ ഈ കലകള്‍ താല്പ്പര്യത്തോടെ ശീലിച്ചുവരികയും ചെയ്യുന്നുണ്ട്.  എന്നാല്‍ ഇത് ഒരു ന്യൂനപക്ഷം മാത്രമാണു്‌. നമ്മുടെ സ്കൂളുകളോടനുബന്ധിച്ച് ഇത്തരം കളരികള്‍ തുടങ്ങുന്നതായാല്‍ തമസ്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മലയാളത്തിന്റെ കാവ്യപൈതൃകം നമ്മുടെ കുട്ടികള്‍ കണ്ടെത്തി കൊണ്ടുനടക്കുക തന്നെ ചെയ്യും.
      പുതുകവികള്‍ കുഴിച്ചു മൂടാന്‍ ശ്രമിക്കുന്ന കവിതയെ കൈപിടിച്ചുയര്‍ത്തുവാനവര്‍ക്കാവട്ടെ.

6 comments:

Cv Thankappan said...

ലേഖനം നന്നായിരിക്കുന്നു.
ഞങ്ങള്‍ പഠിച്ചിരുന്ന കാലത്തൊക്കെ
ഹൈസ്കൂള്‍ കഴിയുമ്പോഴേക്കും ദ്രാവിഡവൃത്തങ്ങളും,സംസ്കൃതവൃത്തങ്ങളും പഠിച്ചുകഴിഞ്ഞിരിക്കും.ഭാഷാദ്ധ്യാപകര്‍
അതിനായി കര്‍ശനനിലപാടുകള്‍ സ്വീകരിച്ചിരുന്നു.പഠിച്ചുവന്നില്ലെങ്കില്‍ ശിക്ഷയും.....
ആശംസകള്‍

ajith said...

വളരെ സന്തോഷം
ഈ ലേഖനം ഞാന്‍ സൂക്ഷിച്ചുവയ്ക്കുന്നു

Sudhakaran said...

ഇന്നാണ് അമ്മയുടെ അടുത്ത് ആദ്യമായി എത്തുന്നത്.
ഒരു അക്ഷരശ്ലോക പ്രേമി എന്ന നിലയിലും പ്രവര്‍ത്തകന്‍ എന്ന നിലയിലും അത്യധികം ആഹ്ലാദം തോന്നുന്നു, ഈ സംഗമത്തില്‍.

അമ്മയ്ക്ക് എന്റെ ഒരു സമര്‍പ്പണം:-

ഗംഗയായ് കരംനീട്ടിയേറ്റുവാങ്ങിടും തീവ്ര-
സങ്കടത്തീയില്‍ പാതി വെന്തിടും ഹൃദന്തത്തെ;
അഗ്നിയായ് ദഹിപ്പിക്കും കന്മഷക്കൊടുംകാട്ടി-
ലുദ്ഭവിചീടും പാപ വൃക്ഷസഞ്ചയങ്ങളെ.

അത്രമേല്‍ തപശ്ചക്തിയേറ്റുവാങ്ങിയതാരാ-
ണത്രമേല്‍ നൈര്‍മ്മല്യത്തെയാവഹിപ്പതുമാരോ,
അമ്മഹാ ചൈതന്യത്തെ,യക്ഷരസ്വരൂപത്തെ,
അമ്മയെന്നല്ലതെന്തു പേരു നാം വിളിച്ചീടും!

എല്ലാ ഭാവുകങ്ങളും നേരുന്നു.

-വീക്കേ സുധാകരന്‍,തൊടുപുഴ

ബൈജു മണിയങ്കാല said...

ഉപകാരപ്രദമായ പ്രതികരണം

ഷാജി നായരമ്പലം said...

സന്തോഷം പ്രിയപ്പെട്ടവരേ ..
നമസ്കാരം സുധാകരാൻ മാഷെ !
നെറ്റിൽ നമ്മൾ കണ്ടുമുട്ടുവാൻ വൈകി അല്ലെ !കവനകൗതുകം എന്ന ഒരു ബ്ലോഗു കൂടിയുണ്ട് .ശ്ലോകങ്ങൾ മാത്രം . അതുകൂടി നോക്കണം . പിന്നെ ഞാൻ ഗുരുദേവഗീത അയച്ചതു തിരിച്ചു വന്നു കെട്ടോ . എന്ത് പറ്റി ?

Sudhakaran said...

നമസ്തേ!
പുസ്തകം പോസ്റ്റ്‌ ഓഫീസില്‍ വന്നതായി അറിയിച്ചിരുന്നു. എന്റെ സമയക്കുറവും അലച്ചിലും മൂലം ഏറ്റെടുക്കാന്‍ വൈകി. പിന്നീട് അന്വേഷിച്ചപ്പോള്‍ മടങ്ങി എന്നറിഞ്ഞു. ഖേദിക്കുന്നു. ക്ഷമിക്കണം.
മറുപടിക്കു നന്ദി!