Saturday, March 23, 2013

വെട്ടം ഞാന്‍ പകരം തരാം

വെട്ടം ഞാന്‍ പകരം തരാം...!

എന്തേ മുല്ല മുരണ്ടു പോയി? ചെറുതേന്‍-
             മാവിന്നു മുറ്റത്തിതാ
പൂന്തൊത്തൊന്നു വിടര്‍ത്തിടാതെ വെറുതേ
            നില്‍പ്പൂ നിരുന്മേഷമായ്.
സ്വന്തം വന്ധ്യത തീര്‍ത്തതോ, സ്വയമറി-
            ഞ്ഞേറും മഹാമൌഢ്യമോ?
ഭ്രാന്തന്‍ മാനവ,നന്ത്യകാലവിധിയും
            കാത്തിന്നിരിപ്പൂ സദാ.

ചെന്തീ തുപ്പിയടുത്തിടുന്നു, കഠിനം
            കാലന്ത്യ മേഘങ്ങളുള്‍-
സ്പന്ദം കൂടിന ഭൂമിതന്‍ തനുവിലെത്തീ-
            വേര്‍പ്പുണര്‍ത്തീടവേ.
മുങ്ങിത്താണു നശിച്ചിടും കൊടിയതാം
            ഗര്‍വ്വിന്റെ വന്‍ കോട്ടകള്‍,
ദുര്‍മ്മേദസ്സു നിറച്ചിതിന്നനുദിനം
             പൊങ്ങും മഹാമേടകള്‍.

കഷ്ടം ഭൂമി തിളച്ചിടും; പുലരിയോ,
             മഞ്ഞോ, മഴത്തുള്ളിയോ-
യെത്താതിപ്പകല്‍ വെന്തിടും , മറുപുറം
             തോരാതെ പെയ്യും മഴ.
വിത്തും, വെള്ളമുറഞ്ഞുപോയ മണലും
             കാറ്റില്‍പ്പറപ്പിച്ചു ഭൂ-
തീര്‍ത്തും വന്‍ ചുടുകാ‍ടുപോലെ കനലിന്‍
             നീറ്റില്‍ക്കുഴഞ്ഞാളിടും.

കണ്ണും കാതുമടച്ചിടേണ്ട, കരിമേ-
            ഘങ്ങള്‍ വിഴുങ്ങീടുമീ-
മണ്ണും വിണ്ണുമകത്തൊളിച്ച ചപലം
             നിന്‍ സ്വാര്‍ത്ഥമോഹങ്ങളും
കണ്ണീര്‍ക്കാഴ്ച്ചകള്‍ തീര്‍ത്തിടും, ധരനിറ-
             ഞ്ഞാര്‍ക്കും മദോന്മത്തതേ-
യെണ്ണൂ മര്‍ത്ത്യനു പാപശാപമരുളാ-
              നെത്തും വരുംനാളുകള്‍.

കെട്ടിത്തൂക്കിയ ദീപനാളമഖിലം
            തല്ലിക്കെടുത്തീടുകീ-
മെത്തും താപമയഞ്ഞിടട്ടെ, നിറയെ-
            ക്കാണട്ടെ വെണ്‍ചന്ദ്രിക,
വെട്ടം ഞാന്‍ പകരം തരാം കുളിരണി-
            ഞ്ഞെത്തും പ്രഭാതങ്ങളാല്‍
സ്വസ്തം നാളെ,യണിഞ്ഞൊരുങ്ങി ധരതന്‍
             സ്വത്തം സ്ഥിരം തന്നിടാം.

7 comments:

ajith said...

ഭൂമിയ്ക്കൊരു ചരമഗീതം പാടേണ്ടെങ്കില്‍ ഇന്ന് ഉണരുക.


നല്ല സന്ദേശമുള്ള കവിത

സൗഗന്ധികം said...

വെട്ടം പരത്തുന്നീ വരികൾ...

മനോഹരമായ കവിതകളാണിവിടെ.

ശുഭാശംസകൾ...

Cv Thankappan said...

കെട്ടിത്തൂക്കിയ ദീപനാളമഖിലം
തല്ലിക്കെടുത്തീടുകീ-
മെത്തും താപമയഞ്ഞിടട്ടെ, നിറയെ-
ക്കാണട്ടെ വെണ്‍ചന്ദ്രിക,
വെട്ടം ഞാന്‍ പകരം തരാം കുളിരണി-
ഞ്ഞെത്തും പ്രഭാതങ്ങളാല്‍
സ്വസ്തം നാളെ,യണിഞ്ഞൊരുങ്ങി ധരതന്‍
സ്വത്തം സ്ഥിരം തന്നിടാം.

നന്മ തിന്മയാം അന്ധകാരത്തെ അകറ്റീടട്ടെ.
പ്രകാശം വിതറുന്ന വരികള്‍
ആശംസകള്‍

ഷാജി നായരമ്പലം said...

ദീപങ്ങളൊക്കെയണക്കുക നാളേക്ക്
താപം പെരുത്തീപ്പകൽ വെന്തൊടുങ്ങിടും ....

നന്ദി വായനയ്ക്ക്

Kapli said...

അസ്സലായിട്ടുണ്ട് ഷാജീ. അഭിനന്ദനങ്ങൾ

ഷാജി നായരമ്പലം said...

ബ്ലോഗിലെത്തിനോക്കി അഭിപ്രായം കുരിച്ചതിനു നന്ദി ഋഷീ

Madhusudanan Pv said...

ചന്തം ചേർന്നൊഴുകുന്നൊരീ കവിത തൻ
സന്ദേശമുൾക്കൊണ്ടിടാൻ
ചിന്തിച്ചെത്തിടുമെന്റെ മാനസമുണർ-
ന്നാവേശമുൾക്കൊള്ളവെ,
എന്തിന്നീവിധമെന്റെ മൂകമനമേ
കേഴുന്നു നീയീവിധം
വെന്തീടുന്നു പ്രപഞ്ചവും, മനുജർതൻസങ്കീർണ്ണമാം ചിത്തവും