Sunday, October 25, 2015

മൂദേവി

മൂദേവി
തൂക്കു വിളക്കു കൊളുത്തിയസംഖ്യം
ദീപാവലിയിലലിഞ്ഞൊരുവൾ
കൂപ്പിയുയർന്നിരുകൈമുകുളങ്ങൾ
നിരക്കെ,വിളങ്ങിയണിഞ്ഞൊരുവൾ
ചന്ദന, കുങ്കുമലേപകളേബര
രൂപമനോഹര ബിംബമൊരാൾ
സുന്ദരി, സർവ്വ സുഖാസുഖദായിനി
നിർമ്മല കാന്തി നിറഞ്ഞൊരുവൾ!
ലക്ഷ്മി, മനസ്സുഖ ,ശാന്തി മഹാമതി
നന്മ, നിദാനമകംപൊരുളായ്
ഭക്ഷണ, വസ്ത്ര,വിഭൂഷണ രക്ഷ-
യണച്ചു തരും വര വാങ്മൊഴി നീ!
തെക്കിനി മൂലയിലൊറ്റവിളക്കു
കൊളുത്തിമയങ്ങിയിരിപ്പൊരുവൾ
ഒക്കെയുരുണ്ട് വിമൂക മുഖത്തൊടു
കത്തിയമർന്ന കരിം തിരിയോ?
ദക്ഷിണയില്ല, ജനാവലിയില്ല-
ണയാത്ത വിളക്കൊളിയില്ലവിടെ,
നിഷ്ക്രിയ,നിർമ്മമ,നിർദ്ദയരൂപിണി
നന്മ ചുടുന്ന കൊടും ചുടല
തീർച്ച! സഹോദരിമാരിവർ, മൂത്തവൾ
മുക്കിലിരിപ്പൊരു മൂദേവി
മൂർത്തി മനസ്സിനടിത്തട്ടിന്നടി
യാഴമഗാധമളന്നൊരുവൾ.
തെക്കിനി മൂലയിലല്ലിവൾ, ചിത്ര!
മിരുട്ടു തൊടുത്തു മദിപ്പതു ഹേ,
നോക്കുക! നിന്മുഖ പൊയ്മുഖ മൂടി
യെരിച്ചു കടും തുടി കൊട്ടിവരും
ദുർമുഖ, ദുഷ്ട വിചാര, വിരൂപിണി
ദേവി യകത്തു വസിപ്പിവളും!!
തീർച്ച! നിനക്കു വശംവദയാ-
യിരു മൂർത്തി വസിക്കും കോവിലു് നീ
ഓർത്തു വിളക്കു തെളിച്ചൊഴിയായിരു-
ളാട്ടിയകറ്റിയഘം കളയാം!

5 comments:

Girija Navaneethakrishnan said...

മൂദേവിയും ശ്രീദേവിയും നമ്മുടെ ആത്മാവിൽ തന്നെ വസിക്കുന്ന സഹോദരിമാർ. രണ്ടു പേരും നമ്മുടെ വിളിക്ക് കാതോർത്ത് ഇരിക്കുന്നവരാണ്. അവരിൽ ആരെ ഉപാസിക്കണമെന്ന്‌ തീരുമാനിക്കേണ്ടത് നമ്മൾ തന്നെ. ഈ കവിതയുടെ സാരാംശം ഇതാണെന്നാണ് എനിക്ക് മനസ്സിലായത്‌. തെറ്റിയില്ലല്ലോ. ഓരോ വർഷവും വിജയദശമി ദിനത്തിൽ ഹരിശ്രീ കുറിക്കുമ്പോൾ മനസ്സിൽ നിന്ന് അജ്ഞാനവും അഹന്തയും ആകുന്ന മൂദേവിയെ ഇറക്കി വിട്ട് വിവേകവും വിനയവും ആകുന്ന ശ്രീദേവിയെ കുടിയിരുത്തുന്ന തോന്നലാണ് ഉണ്ടാകാറ്. ഒരു നല്ല കവിത വായിച്ച സന്തോഷം പങ്കു വയ്ക്കുന്നു.

ഷാജി നായരമ്പലം said...
This comment has been removed by the author.
ഷാജി നായരമ്പലം said...
This comment has been removed by the author.
ഷാജി നായരമ്പലം said...

സന്തോഷം ടീച്ചർ. കുറിപ്പിനു് നന്ദി. ഞാൻ ക്ഷേത്രങ്ങളിൽ പോകാറില്ല. കഴിഞ്ഞ ദിവസം ഒരു ഒരാൾ എന്നോടു പറഞ്ഞു ചോറ്റാനിക്കര ക്ഷേത്രത്തിൽ ( അതോ മറ്റേതെങ്കിലും ക്ഷേത്രത്തിലോ?) ഒരു മൂലയിൽ മൂത്ത ദേവിയെ കുടിയിരുത്തിയിട്ടുണ്ടെന്നു.അദ്ദേവിയാണു മൂദേവിയായത് ...!ഈ കവിത വീണു കിട്ടിയത് അങ്ങനെയാണു്. ( എല്ലാ കവിതയ്ക്കും കാണും അങ്ങനെയൊരു ചരിത്രം!)തീർച്ചയായും ടീച്ചർക്ക് തോന്നിയതു തന്നെ എന്റെ മനസ്സിലും തോന്നിയ കാവ്യം!

Cv Thankappan said...

കവിത നന്നായിരിക്കുന്നു.
ആശംസകള്‍ ഷാജി സാര്‍