Monday, January 14, 2013

ശിക്ഷ

ശിക്ഷ

കേട്ടുവോ കഥാകാരി
       ജാനകി യൊരുക്കിയ
തുഷ്ടി നൽകുമാക്കഥ? *
       തീർത്തുമേ  നൊസ്റ്റാൾജിയ!

മാതൃഭാഷയെപ്പുറം -
     കാലിനാൽത്തൊഴിക്കുന്ന
പാതകം സ്ഥിരം സമ-
     കാലത്തിൽ കുരിപ്പുപോൽ
തിങ്ങിനിൽക്കവേ, തന്റെ
     തൂലികത്തുമ്പാൽക്കിള-
ച്ചുള്ളിലാനന്ദം തരും
     വാക്കുകൾ വിതച്ചിവൾ.

ചാരെ നിർത്തുവാൻ സ്വന്ത-
     ഭാഷയിൽച്ചിലർക്കൊക്കെ
നീരസം ഭവിച്ചുപോയ്;
    ഭാവഭദ്രമായതിൻ
വേരുകൾ വലിച്ചൂരി
    ജാനകി കഥാകാരി
ആരെയോ അടിക്കുന്നു-
    ണ്ടർഹമായതാം ശിക്ഷ!

പിച്ച വച്ചതിന്മുമ്പേ
     കുഞ്ഞിനാംഗലേയത്തിൽ
ശിക്ഷനൽകുവാ-
     നച്ഛനമ്മമാർ ശഠിക്കവേ,
അമ്മ,യമ്മിഞ്ഞപ്പാലാം
     മാതൃഭാഷയെത്തഴ-
ഞ്ഞുള്ളിലെയുഡുക്കളെ-
     പ്പാഴ്നിലത്തൊടുക്കവേ,
സമ്മതം ചോദിച്ചുവോ?
    ശിക്ഷയേകപക്ഷമായ്
നൽകുവാൻ? കഥാശേഷം
    മുന്നിലെത്തിയാ ചോദ്യം.

ജാനകി കഥാകാരി
     നോക്കിനിൽക്കവേ, നേരെ
ഞാൺ വലിച്ചടുക്കുന്നു
     കുഞ്ഞു ജാനകിക്കുട്ടി!

"എന്റെയീ ഞരമ്പിലെ
     പൈതൃകം പതിപ്പിച്ച
'സൈനുകൾ'** മനപ്പൂർവ്വം
      തേച്ചു മാച്ചുവോ അമ്മ?"

-------------------------------------------------------------------------------
* എന്റെ നാട്ടുകാരിയായ കഥകാരി ജാനകിയുടെ
"അമ്മൂന്റെ കുട്ടി" എന്ന ബ്ലോഗിലീക്കഥ വായിക്കണം.

** ഒപ്പുക    . ഇതു ജാനകിയുടെ സ്വന്തം പ്രയോഗമാണു്.

8 comments:

ajith said...

കഥ
കഥയ്ക്കൊത്ത പാട്ട്

Madhusudanan Pv said...

കവിത വായിച്ചു. കഥ വായിക്കാം ...ട്ടോ.. ജനകിക്കുട്ടിയോട്‌ അന്വേഷണം.

Cv Thankappan said...

ജാനകിക്കുട്ടിയുടെ കഥയും വായിച്ചിരുന്നു,അഭിപ്രായവും എഴുതിയിരുന്നു.
കവിതയും നന്നായിരിക്കുന്നു.
ആശംസകള്‍

ജാനകി.... said...

കവിതയിൽ ഗ്രാഹ്യമില്ലാത്തൊരുവളിതു വായിച്ചു..
എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിലൊരു ചില്ലപോലെയോ...പുളിക്കുന്ന മുന്തിരിപോലെയോ ഒക്കെയാണെനിക്ക് കവിത...
എങ്കിലും വൃത്തവും പ്രാസവും ഒക്കെ നിറച്ച കവിതകൾ ഇന്ന് കാണുമ്പോൾ ഗൃഹാതുരത്വമാണ് മനസ്സിൽ..
സർ അങ്ങയുടെ തൂലികയിൽ ജനിച്ച “ശിക്ഷ“
“അധ്യായ“ത്തിനു മുന്നേ നടക്കുന്നു.... ഒപ്പം ഒരു നന്ദികൂടി പറയാൻ തോന്നുന്നു......

സൗഗന്ധികം said...

കവിത നന്നായി. കഥ വായിക്കണം.

ശുഭാശംസകൾ.....

ഷാജി നായരമ്പലം said...

ജാനകിയും ഇവിടെ എത്തിയ സ്ഥിതിക്ക് ഇനി ഈ കഥയുടെ ചരിത്രം കൂടി വായനക്കാരമായി പങ്കുവയ്കാമെന്നു തോന്നുന്നു. നായരമ്പലം കേന്ദ്രമാക്കിയുള്ള ഞാനും ജാനകിയുമുള്‍പ്പെടുന്ന സര്‍ഗ്ഗവേദി എന്ന സാഹിത്യസൗഹൃത കൂട്ടായ്മ ജാനകിയുടെ ഒരു കഥ ചര്‍ച്ച ചെയ്യുവാന്‍ തീരുമാനിച്ചു. അതിനുവേണ്ടി ജാനകി ഒരു പുതിയ കഥ എഴുതണമെന്നും. അങ്ങനെ പിറന്നതാണു്‌ ഈ കഥ. ജാനകി അത് എന്റെ ഗൃഹത്തില്‍ വച്ചു കൂടിയ സദസ്സില്‍ കഴിഞ്ഞ ശനിയാഴ്ച്ച അവതരിപ്പിച്ചു. ജാനകിയുടെ തൂലികയിലൂടെ ഒഴുകിയെത്തുമ്പോള്‍, പലരും പലപ്പോഴും കവിതലൂടെയും കഥയിലൂടെയും പറഞ്ഞുപോന്നിട്ടുള്ള ഈ വിഷയം പുതുമ നിറഞ്ഞ ഒരു അനുഭൂതിയാവുന്നു. ഈ കഥ നമ്മുടെ മനസ്സിനെ സംസ്കരിക്കുന്നു.

നന്ദി അഭിപ്രായക്കുറിപ്പുകള്‍ക്ക്
ഈ ബ്ലോഗില്‍ സ്വതസിദ്ധമായ കാവ്യ ഭാഷയില്‍ ഒരു അഭിപ്രായക്കുറിപ്പെഴുതിയതിനു ജാനകിക്കു പ്രത്യേകം നന്ദി.

T.U.ASOKAN said...

കവിതയും കഥയും വായിച്ചു.രണ്ടും നന്നായിരിക്കുന്നു. രണ്ടുപേർ ക്കും അഭിനന്ദനങ്ങൾ...സർഗ്ഗവേദി- തികച്ചും അന്വർത്ഥമായ പേരു തന്നെ.....

Kalavallabhan said...

സർഗ്ഗവേദിയുടേ സൃഷ്ടി.
പ്രേരക ഘടകമായതിന്‌ ആശംസകൾ.

ജാനകിക്കുട്ടിയ്ക്കും ആശംസകൾ